മദ്യ നയം: ഐസിഎഫ് ടേബിള്‍ ടോക്ക് ശ്രദ്ധേയമായി
Tuesday, September 2, 2014 4:44 AM IST
റിയാദ്: സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായി ബാറുകള്‍ നിരോധിക്കുകയും പടിപടിയായി മദ്യ ഉപയോഗം കേരളത്തില്‍ നിര്‍ത്തലാക്കുകയും ചെയ്യാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് റിയാദ് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൌണ്േടഷന്‍ (ഐ.സി.എഫ്) നടത്തിയ ടേബിള്‍ ടോക്ക് ഏറെ ശ്രദ്ധേയമായി. ആളോഹരി മദ്യ ഉപഭോഗത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തെ പത്ത് വര്‍ഷത്തിനകം പൂര്‍ണ്ണമായി മദ്യവിമുക്തമാക്കുന്നതിലേക്കുള്ള ലക്ഷ്യത്തിന്റെ ഭാഗമായി പഞ്ചനക്ഷത്ര പദവിയില്ലാത്ത മുഴുവന്‍ ബാറുകള്‍ക്കുമുള്ള ലൈസന്‍സ് റദ്ദ് ചെയ്യാനും ബീവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പന കേന്ദ്രങ്ങള്‍ പ്രതിവര്‍ഷം 10 ശതമാനം കണ്ട് കുറക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തെ സര്‍വ്വാത്മനം സ്വാഗതം ചെയ്യുന്നതായി ബത്ഹയിലെ ക്ളാസിക് ഓഡിറ്റോറിയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

മദ്യ നിരോധനം മൂലം അതില്‍ നിന്നുള്ള വാര്‍ഷിക വരുമാനം നിലക്കുമെന്ന് വാദിക്കുന്നവര്‍ മദ്യപാനം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത് അതിനേക്കാള്‍ എത്രയോ മടങ്ങ് കൂടിയ തുകയാണെന്നത് വിസ്മരിക്കുകയാണ്. നാട്ടില്‍ മദ്യശാലകളില്‍ അല്ലാതെ തന്നെ ധാരാളം തൊഴിലവസരങ്ങള്‍ ഉള്ളത് കൊണ്ടാണ് 25 ലക്ഷത്തില്‍പ്പരം അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ തൊഴിലെടുക്കുന്നത്. അതുകൊണ്ട് തന്നെ മദ്യനിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുമെന്ന വാദത്തിലും കഴമ്പില്ല. മദ്യനിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരുടെ കണ്ണീരിനേക്കാള്‍ മദ്യപാനം കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളില്‍ കുടുംബിനികളൊഴുക്കുന്ന കണ്ണീരിന് വിലയുണ്െടന്ന് നാം വിസ്മരിച്ചു കൂടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

മദ്യത്തിന്റെ ഇപ്പോഴുള്ള ലഭ്യത കുറക്കുന്നത് തന്നെയാണ് മദ്യനിരോധനത്തിന് ഏറ്റവും കരണീയമായ മാര്‍ക്ഷം. കുടുംബ സദസ്സിലും ആഘോഷ വേളകളിലും മദ്യപാനത്തിന് ലഭിക്കുന്ന നിശ്ശബ്ദ പിന്തുണ മദ്യം സുലഭമായി ലഭിക്കുന്നത് കൊണ്ടാണ്. ശക്തമായ ബോധവത്കരണത്തിലൂടെ മദ്യ നിര്‍മ്മാര്‍ജനം സാധ്യമാക്കാന്‍ സാമൂഹ്യ സംഘടനകള്‍ രംഗത്ത് വരണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

സുന്നി യുവജന സംഘടനയും (എസ്.വൈ.എസ്) സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷനും (എസ്.എസ്.എഫ്) കേരളത്തില്‍ നടത്തുന്ന മദ്യത്തിനെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളെ എല്ലാവരും പ്രശംസിച്ചു. പുതുയുഗപ്പിറവി പോലുള്ള ആഘോഷ ദിനങ്ങളില്‍ സര്‍ക്കാര്‍ മദ്യവില്‍പ്പന തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തയ്യാറാകാത്ത സാഹചര്യത്തില്‍ എസ്.എസ്.എഫിനെ പോലുള്ള ധാര്‍മ്മിക വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അത് സാധ്യമായി എന്നത് അഭിനന്ദനാര്‍ഹമാണ്. മദ്യനിരോധനത്തിന്റെ പേരില്‍ ഏതെങ്കിലും പാര്‍ട്ടിയോ ഗ്രൂപ്പോ ലാഭം കൊയ്യുന്നുണ്െടന്നത് ജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്നും മദ്യ നിരോധനത്തിന്റെ അന്തിമഗുണം ജനങ്ങള്‍ക്കു തന്നെയാണെന്നും ടേബിള്‍ ടോക്ക് വിലയിരുത്തി.

അബ്ദുസ്സലാം വടകര വിഷയം അവതരിപ്പിച്ചു. ബഷീര്‍ മാസ്റ്റര്‍ നാദാപുരം ടേബിള്‍ ടോക്ക് നിയന്ത്രിച്ചു. അഡ്വ. അജിത് (ഒ.ഐ.സി.സി), ബാലചന്ദ്രന്‍ നായര്‍ (എന്‍.ആര്‍.കെ ഫോറം), മൊയ്തീന്‍ കോയ (കെ.എം.സി.സി), ജാബിര്‍ പത്തനാപുരം (ആര്‍.എസ്.സി), അബൂബക്കര്‍ അന്‍വരി (ഐ.സി.എഫ്) നാസര്‍ കാരന്തൂര്‍, ഡോ. അബ്ദുല്‍ അസീസ്, മുഹമ്മദലി മുണ്േടാടന്‍, ഉബൈദ് എടവണ്ണ, ബഷീര്‍ പാങ്ങോട്, നരേന്ദ്രന്‍ ചെറുകാട്, ഡോ. അബ്ദുസ്സലാം, ഷക്കീബ് കൊളക്കാടന്‍ തുടങ്ങിയവര്‍ ടേബിള്‍ ടോക്കില്‍ പങ്കെടുത്തു. ഹുസൈന്‍ അലി കടലുണ്ടി സ്വാഗതവും ഇഹ്തിഷാം തലശ്ശേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍