മാതൃഭാഷാ പഠനം: കുട്ടികള്‍ക്ക് അറിവും ആവേശവും സമ്മാനിച്ച് കലാജാഥ പ്രയാണം തുടരുന്നു
Friday, July 18, 2014 7:41 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് നേതൃത്വത്തില്‍ നടന്നുവരുന്ന സൌജന്യ മാതൃഭാഷ പഠന ക്ളാസുകളിലെ കുട്ടികള്‍ക്ക് അറിവിന്റെയും ആനന്ദത്തിന്റെയും പുതിയ വാതായനം തുറന്ന് കഥയും കടങ്കഥയും കുഞ്ഞുണ്ണി കവിതകളും കോര്‍ത്തിണക്കി കല കുവൈറ്റ് പ്രവര്‍ത്തകര്‍ തയാറാക്കിയ കലാ ജാഥ കുവൈറ്റിലെ വിവിധ മേഖലകളിലെ ക്ളാസുകളില്‍ പ്രയാണം തുടരുന്നു.

ജാഥയില്‍ അവതരിപ്പിക്കുന്ന ലഘു നാടകത്തിലൂടെ കേരത്തിന്റെ സാമൂഹ്യസാംസ്കാരിക ചരിത്രം കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതും ആസ്വാദകരായി എത്തുന്ന കുട്ടികള്‍ അഭിനേതാക്കളായി മാറുന്ന രീതിയും പുതുമ സൃഷ്ട്ടിക്കുന്നു. സച്ചിന്‍ പലേരി അവതരിപ്പിക്കുന്ന മാജിക്കും കുട്ടികള്‍ക്ക് ഏറെ ആസ്വാദകരമാണ്. മംഗഫ് കലാ സെന്ററില്‍ സമിതി ജനറല്‍ കണ്‍വീനര്‍ ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്ത ജാഥ ഇതുവരെ 15 ഓളം ക്ളാസുകളിലെ കുട്ടികളുമായി സംവദിച്ചു. മാതൃഭാഷാ സമിതിയുടെയും കലയുടെ കലാ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സുരേഷ്തോലം ബ്രദിലീപ് നടേരി എന്നിവരുടെ സംവിധാനത്തിലാണ് ജാഥ തയാറാക്കിയത്. പ്രസീദ് കരുണാകരന്‍ നയിക്കുന്ന ജാഥയില്‍ ജ്യോതിഷ്, സുദര്‍ശനന്‍, സജീവ് ഏബ്രഹാം, സുരേഷ്കുമാര്‍, രഘു, ട്വിങ്കിള്‍, അപര്‍ണഷൈന്‍, കുഞ്ചറിയ, മണിക്കുട്ടന്‍, സുനില്‍, സച്ചിന്‍ പലേരി എന്നിവര്‍ അംഗങ്ങളാണ്. ബിനീഷ് കെ. ബാബുവാണ് ജാഥ മാനേജര്‍. തുടര്‍ദിവസങ്ങളില്‍ അബാസിയ, സാല്‍മിയ, ഫഹഹീല്‍ മേഖലകളിലെ 35 ലധികം ക്ളാസുകളില്‍ ജാഥ സന്ദര്‍ശനം നടത്തും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍