കെ.എം. മാണിക്കെതിരായ തെരഞ്ഞെടുപ്പു ഹർജികൾ തള്ളി
കെ.എം. മാണിക്കെതിരായ തെരഞ്ഞെടുപ്പു ഹർജികൾ തള്ളി
Monday, December 5, 2016 4:29 PM IST
കൊച്ചി : മുൻമന്ത്രി കെ.എം. മാണിയെ പാലാ നിയോജക മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. മാണിക്കെതിരേ സമർപ്പിച്ച രണ്ടു തെരഞ്ഞെടുപ്പു ഹർജികളും ഹൈക്കോടതി തള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.എം.മാണിക്കതിരേ മത്സരിച്ച മാണി സി. കാപ്പൻ, പാലായിലെ വോട്ടറായ കെസി. ചാണ്ടി എന്നിവർ നൽകിയ ഹർജികളാണ് കെ.എം. മാണിയുടെ അഭിഭാഷകൻ ഉന്നയിച്ച പ്രാഥമിക തടസവാദം അംഗീകരിച്ച് ഹൈക്കോടതി തള്ളിയത്.

കെ.എം. മാണി നാമനിർദേശ പത്രിക നൽകിയപ്പോൾ വാട്ടർ അഥോറിറ്റി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്(കെഎസ്ഇബി), തുടങ്ങിയ സേവന ദാതാക്കളിൽ നിന്ന് കുടിശികയില്ലെന്നു വ്യക്‌തമാക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നാരോപിച്ചാണു മാണി സി. കാപ്പൻ ഹർജി നൽകിയത്.


എന്നാൽ, താൻ മന്ത്രിയായിരുന്നതിനാൽ വെള്ളക്കരവും വൈദ്യുതി ചാർജുമടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കിയതു സർക്കാരാണെന്നും ഇതിന്റെ ബാധ്യത സർക്കാരിനാണെന്നും മാണിയുടെ അഭിഭാഷകൻ വാദിച്ചു. മന്ത്രിയെന്ന നിലയിലുള്ള ബാധ്യത വ്യക്‌തിയെന്ന നിലയിൽ മത്സരിക്കുന്ന തനിക്കു ബാധകമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം കെ.എം.മാണി ഇടപെട്ട് മീനച്ചിൽ റബർ മാർക്കറ്റിംഗ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി മുഖേന റബർ കർഷകർക്കു പണം നൽകിയെന്ന് ആരോപിച്ചാണ് കെ.സി. ചാണ്ടി തെരഞ്ഞെടുപ്പു ഹർജി നൽകിയത്. എന്നാൽ, വ്യക്‌തമായ തെളിവുകളില്ലാത്ത ആരോപണമാണ് ഇതെന്ന മാണിയുടെ വാദം അംഗീകരിച്ച് ഈ ഹർജിയും തള്ളുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.