പാടശേഖരങ്ങളിലെ ഖനനം: സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ അപ്പീൽ മാറ്റി
Monday, December 5, 2016 3:54 PM IST
കൊച്ചി: പാലക്കാട് ചിറ്റൂർ താലൂക്കിലെ പാടശേഖരങ്ങളിൽ അനധികൃത ഖനനം നടത്തിയവർക്കെതിരേ നടപടി തുടരാമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ തൃശൂർ സ്വദേശി പി.ഡി. ജോബി, വെളിയത്തുനാട് സ്വദേശി സിറാജുദ്ദീൻ എന്നിവർ നൽകിയ അപ്പീൽ ഹൈക്കോടതി ഏഴിനു പരിഗണിക്കാൻ മാറ്റി.

അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഏഴു വരെ നടപടിയെടുക്കില്ലെന്ന് സർക്കാർ ഉറപ്പു നൽകിയതിനെത്തുടർന്നാണ് അപ്പീലുകൾ ഏഴിലേക്ക് മാറ്റിയത്. ചിറ്റൂർ മേഖലയിൽ പാടത്ത് അനധികൃത ഇഷ്‌ടിക നിർമാണം വ്യാപകമായതോടെ പാലക്കാട് ജില്ലാ കളക്ടർ നടപടിയെടുത്തിരുന്നു. ഇതു നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജോബി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ നടപടി തുടരാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

അനധികൃതമായി മണ്ണെടുത്തു നിർമിച്ച ലക്ഷക്കണക്കിന് ഇഷ്‌ടിക സർക്കാർ പിടിച്ചെടുത്തതു ശരിവച്ച സിംഗിൾ ബെഞ്ച് പാടങ്ങൾ പൂർവസ്‌ഥിതിയിലാക്കാനും നിർദേശിച്ചിരുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം പാടം നികത്തുന്നവർക്കെതിരേ നടപടി എടുക്കുന്നതിനൊപ്പം ഇതിനായി ഉപയോഗിച്ച വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കാൻ കഴിയുമെന്നും കോടതി നിർദേശിച്ചിരുന്നു. പാടശേഖരത്തിലെ മണ്ണുപയോഗിച്ചു നിർമിച്ച ഇഷ്‌ടികകൾ ഈ നിയമം ഉപയോഗിച്ച് സർക്കാരിനു പിടിച്ചെടുക്കാനാവില്ലെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ 1957ലെ മൈനിംഗ് ആൻഡ് മിനറൽസ് റെഗുലേഷൻസ് ആക്ട്, മൈനർ മിനറൽസ് കൺസഷൻ റൂൾ എന്നിവയനുസരിച്ച് അനധികൃത ഖനനം നടത്തിയെടുക്കുന്ന ധാതുക്കൾ സർക്കാരിനു പിടിച്ചെടുക്കാൻ കഴിയുമെന്നാണ് സർക്കാർ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.