കെഎസ്ആർടിസിയിൽ പെൻഷൻ– ശമ്പള വിതരണം ഈയാഴ്ച
കെഎസ്ആർടിസിയിൽ പെൻഷൻ– ശമ്പള വിതരണം ഈയാഴ്ച
Sunday, December 4, 2016 1:26 PM IST
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടർന്ന് മുടങ്ങിയ കെഎസ്ആർടിസിയിലെ ശമ്പളവും പെൻഷനും ഈയാഴ്ച വിതരണം ചെയ്യും. പെൻഷൻ–ശമ്പള വിതരണത്തിനായി കനറ ബാങ്കിൽ നിന്നു 100 കോടി രൂപ വായ്പ ലഭിക്കാൻ വഴിയൊരുങ്ങിയതോടെയാണ് ശമ്പള–പെൻഷൻ വിതരണം ഈയാഴ്ച നടത്താൻ കെഎസ്ആർടിസി അധികൃതർ ഒരുങ്ങുന്നത്. 100 കോടി രൂപ അനുവദിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കനറാ ബാങ്ക് നേതൃത്വം ഇന്നു കൈക്കൊള്ളും. കെടിഡിഎഫ്സിക്കായിരിക്കും കനറാ ബാങ്ക് വായ്പ അനുവദിക്കുക.

കെടിഡിഎഫ്സി കരാർ പ്രകാരം കെഎസ്ആർടിസിക്കു തുക കൈമാറും. സർക്കാർ ശിപാർശയിലാണ് കെടിഡിഎഫ്സി വഴി കനറാ ബാങ്ക് വായ്പ ലഭ്യമാക്കുന്നത്. നടപടിക്രമങ്ങൾ ഇന്നു പൂർത്തിയാക്കാനായാൽ ബുധനാഴ്ചയോടെ ശമ്പളവും പെൻഷനും നൽകാൻ സാധിക്കുമെന്നാണ് കെഎസ്ആർടിസി കണക്കുകൂട്ടുന്നത്. കനറാ ബാങ്ക് പ്രതിനിധികളുമായി കഴിഞ്ഞ ദിവസം വകുപ്പുമന്ത്രി, കെഎസ്ആർടിസി എംഡി, കെടിഡിഎഫ്സി അധികൃതർ എന്നിവർ ചർച്ച നടത്തിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും നൽകുന്നതിനായി കനറാ ബാങ്കിനെയും ഫെഡറൽ ബാങ്കിനെയുമായിരുന്നു ഇത്തവണ അധികൃതർ സമീപിച്ചത്. ഫെഡറൽ ബാങ്ക് അധികൃതരോടും 100 കോടി രൂപ കെഎസ്ആർടിസി വായ്പയായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഈ മാസം പകുതിയോടെ ലഭിച്ചേക്കും. ഫെഡറൽ ബാങ്ക് അധികൃതരുടെ ഇന്നത്തെ യോഗത്തിൽ കെഎസ്ആർടിസിയുടെ വായ്പാ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ശമ്പളത്തിനുപുറമേ പെൻഷനും എണ്ണക്കമ്പനികൾക്കുള്ള കുടിശികയും വായ്പയിലൂടെ കണ്ടെത്തേണ്ടതുണ്ട്. അതിനാലാണ് കെഎസ്ആർടിസി വായ്പയ്ക്കായി വിവിധ ബാങ്കുകളെ സമീപിക്കുന്നത്.


നോട്ട് പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനത്തിൽ 50 മുതൽ 60 വരെ ലക്ഷം രൂപയുടെ കുറവുണ്ടായി. വരുമാനത്തിൽ കോടിക്കണക്കിനു രൂപ ഇങ്ങനെ കുറവുവന്നു. ഇതിനുപുറമേ നോട്ടു പ്രതിസന്ധിയെ തുടർന്ന് എൽഡിഎഫ് ആഹ്വാനം ചെയ്ത സംസ്‌ഥാന ഹർത്താലിൽ നാലു കോടിയും യുഡിഎഫിന്റെ തൃശൂർ ഹർത്താലിൽ 1.25 കോടിയും നഷ്‌ടം വന്നു. എണ്ണക്കമ്പനികൾക്കു നൽകാനുള്ള കുടിശിക 130 കോടി രൂപയ്ക്കു മുകളിലാണ്. അതിനാലാണ് കെടിഡിഎഫ്സി വഴി വായ്പ തരപ്പെടുത്താൻ കെഎസ്ആർടിസി അധികൃതർ ശ്രമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.