തൃപ്രയാർ സെന്റ് ജൂഡ് പള്ളിയിലെ ക്രൂശിത രൂപം തകർത്തു
തൃപ്രയാർ സെന്റ് ജൂഡ് പള്ളിയിലെ ക്രൂശിത രൂപം തകർത്തു
Friday, December 2, 2016 4:28 PM IST
തൃപ്രയാർ: ദേശീയപാതയിലെ തൃപ്രയാർ ബസ് സ്റ്റാൻഡിനു മുമ്പിലെ സെന്റ് ജൂഡ് പള്ളിയിലെ അൾത്താരയ്ക്കു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ക്രൂശിതരൂപത്തിന്റെ വയർഭാഗത്ത് ഏതോ മുനയുള്ള ആയുധംകൊണ്ട് കുത്തിയിട്ടുണ്ട്. ക്രൂശിതരൂപം താങ്ങിനിർത്തുന്ന പീഠത്തിന്റെ ഒരുഭാഗം പൊളിച്ചുമാറ്റിയ നിലയിലാണ്. പള്ളിക്കുള്ളിൽ കടന്നു ആക്രമണം നടത്തിയതിൽ പ്രതിഷേധം ശക്‌തമാണ്.

അൾത്താരയിൽ സക്രാരിക്കു മുകളിൽ പീഠത്തിലാണു ക്രൂശിതരൂപം സ്‌ഥാപിച്ചിട്ടുള്ളത്. ആക്രമണത്തിൽ കേടുവന്ന ക്രൂശിതരൂപത്തിന്റെ ഭാഗങ്ങൾ അൾത്താരയിൽ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം. വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ കീഴിലുള്ള തൃപ്രയാർ സെന്റ് ജൂഡ് പള്ളിയിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചിനും ഞായറാഴ്ച രാവിലെയുമാണു ദിവ്യബലിയർപ്പണമുള്ളത്. മറ്റു ദിവസങ്ങളിൽ പ്രാർഥിക്കാൻ വരുന്നവരുടെ സൗകര്യത്തിനായി രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ പള്ളിയുടെ വടക്കേ ഭാഗത്ത് അൾത്താരയുടെ ഭാഗത്തെ വാതിൽ തുറന്നിടുന്നതു പതിവാണ്. ദി വസേന തൊഴിലാളികൾ, യാത്രക്കാർ ഉൾപ്പെടെ നാനാജാതി മതസ്‌ഥർ വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്‌ഥം തേടി പ്രാർഥിക്കാൻ പള്ളിയിലെത്താറുണ്ട്. പകൽസമയത്താണ് ആക്രമണം നടന്നതെന്നാണു നിഗമനം.


ദേവാലയ ശുശ്രൂഷി കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ പള്ളി തുറക്കാനെത്തിയപ്പോഴാണ് അൾത്താരയിലെ ക്രൂശിതരൂപത്തിനു നേരെ ആക്രമണം നടന്നതറിയുന്നത്. വികാരി ഫാ. ജോവി കണ്ടുകുളങ്ങര, കൈക്കാരന്മാർ എന്നിവർ വിവരമറിഞ്ഞു തൃപ്രയാർ പള്ളിയിലെത്തി. പള്ളി അധികൃതർ പരാതി നൽകിയതിനെത്തുടർന്നു വലപ്പാട് എസ്ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പള്ളിയിലെത്തി അന്വേഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സ്‌ഥലത്തെത്തിയിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു സർവകക്ഷി യോഗം ചേരും. ദേവാലയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് ആറിനു പള്ളിയുടെ മുമ്പിൽ പ്രതിഷേധ യോഗം ആരംഭിക്കും. പി.ഐ. ലാസർ മാസ്റ്റർ, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു, വൈസ് പ്രസിഡന്റ് ഷൗക്കത്തലി – മുസ്ലീം ലീഗ്, വി.ആർ.വിജയൻ – കോൺഗ്രസ്, കെ.വി.പീതാംബരൻ – സിപിഎം, ടി.സി.ഉണ്ണികൃഷ്ണൻ– സിപിഐ, സേവ്യർ പള്ളത്ത് – ബിജെപി എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.