ഭിന്നശേഷി ദിനാഘോഷം ചടങ്ങായി മാറിയെന്ന് ആരോപണം
Friday, December 2, 2016 4:04 PM IST
കൊച്ചി: ഡിസംബർ മൂന്നിനു നടക്കുന്ന ലോക ഭിന്നശേഷി ദിനാഘോഷം കേരളത്തിൽ മാറിമാറി വരുന്ന സർക്കാരുകൾ വാർഷിക ചടങ്ങ് മാത്രമായി ചുരുക്കുന്നുവെന്നു ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡിഎഇഎ). 1995ലെ വികലാംഗ സംരക്ഷണ നിയമപ്രകാരമുള്ള തുല്യസമത്വമോ തുല്യപങ്കാളിത്തമോ ഭിന്നശേഷിക്കാർക്കു നൽകാൻ അധികാര കേന്ദ്രങ്ങൾ ശ്രദ്ധിക്കുന്നില്ല. പൊതുവേദികളിൽ ഭരണകൂടങ്ങൾ ആനുകൂല്യം പ്രഖ്യാപിച്ചു കൈയടി നേടുകയും കപട അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്യുമെങ്കിലും ഇതിനെല്ലാം വേണ്ട നടപടി സ്വീകരിക്കാൻ ഇവർ തയാറാകുന്നില്ലെന്നു ഡിഎഇഎ സംസ്‌ഥാന അധ്യക്ഷൻ ടി.കെ. ബിജു കുറ്റപ്പെടുത്തി.

ഭിന്നശേഷിക്കാർക്കു തുച്ഛമായ പെൻഷൻ വല്ലപ്പോഴും കൊടുത്താൽ പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നാണു ഭരണകൂടത്തിന്റെ നിലപാട്.

ഏറെക്കാലത്തെ മുറവിളികൾക്കു ശേഷം കുറച്ചു ഭിന്നശേഷിക്കാർക്കു സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം നൽകിയെങ്കിലും പല സ്‌ഥാപനങ്ങളും സർക്കാർ ഉത്തരവിലെ അവ്യക്‌തത ചൂണ്ടിക്കാട്ടി അർഹതപ്പെട്ട ആനുകൂല്യം നൽകാനോ തസ്തിക ഏകീകരിക്കാനോ തയാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ടു സംഘടന നൽകിയ അപേക്ഷ ആറു മാസമായിട്ടും ബന്ധപ്പെട്ട വകുപ്പിൽ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പത്താം ശമ്പള കമ്മീഷൻ മറ്റെല്ലാ അലവൻസുകളും 100 മുതൽ 125 ശതമാനം വരെ കൂട്ടിയപ്പോൾ ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്ന കൺവേയൻസ് അലവൻസ് 25 ശതമാനം മാത്രമാണു കൂട്ടിയത്. ഈ വിഷയവും അനോമലി കമ്മിറ്റിക്കു മുന്നിൽ അവതരിപ്പിച്ചിട്ടു മാസങ്ങളായെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.