പാമ്പേ... നാരായണൻകുട്ടി വിളിക്കുന്നു
പാമ്പേ... നാരായണൻകുട്ടി വിളിക്കുന്നു
Friday, October 28, 2016 2:25 PM IST
കട്ടപ്പന: വാവ സുരേഷിന്റെ പട്ടികയിലേക്ക് നാരായണൻകുട്ടിയും. വനംവകുപ്പിന്റെ ഔദ്യോഗിക പാമ്പുപിടുത്തക്കാരനാണ് നാരായണൻകുട്ടി എന്ന വ്യത്യാസമുണ്ട്. സുരേഷ് സാമൂഹ്യപ്രവർത്തനമായി പാമ്പുകളെ പിടിച്ച് കാട്ടിൽവിടുമ്പോൾ നാരായണൻകുട്ടിക്കിത് ഔദ്യോഗിക കൃത്യനിർവഹണമാണ്. എട്ടുവർഷംമുമ്പ് വനംവകുപ്പിന്റെ വാച്ചറായി ജോലി ലഭിക്കുന്നതിനുമുമ്പും നാരായണൻകുട്ടി പാമ്പുകളെ പിടിക്കുമായിരുന്നു. ജോലിയിൽ പ്രവേശിച്ചശേഷം 4500–ഓളം പാമ്പുകളെ കൃഷ്ണൻകുട്ടി പിടിച്ചിട്ടുണ്ട്.

കട്ടപ്പന ഇരുപതേക്കർ താവുപറമ്പിൽ നാരായണൻകുട്ടി എന്ന 55–കാരന് വനംവകുപ്പിൽ പാമ്പുപിടുത്തമാണ് പ്രധാന തൊഴിൽ. അടുത്തദിവസം ശബരിമല ഡ്യൂട്ടിക്കു പോകാനുള്ള തയാറെടുപ്പിനിടയിലാണ് കട്ടപ്പന വള്ളക്കടവിൽ കോഴിക്കോട്ട് ദേവസ്യാച്ചന്റെ വീട്ടിൽ പാമ്പുകയറിയതായി ഫോൺവിളി വന്നത്. അവിടെയെത്തിയപ്പോഴേക്കും പാമ്പ് വിടിനുള്ളിൽനിന്നും പുറത്തുവന്നിരുന്നു.


പാമ്പിനെ പിടികൂടി ചാക്കിലാക്കിയശേഷം വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്‌ഥരെത്തി പാമ്പിനെ അയ്യപ്പൻകോവിൽ കാട്ടിൽ തുറന്നുവിട്ടു.

പ്രായംകൂടി കുറുകിയ പാമ്പായിരുന്നു ഇന്നലെത്തേത്. ആറടിയോളം നീളംവരും. പമ്പയിൽനിന്നും ഒരു രാജവെമ്പാലയെയും പിടികൂടി കാട്ടിൽവിട്ടിട്ടുണ്ട്. അണലി, വളകൊഴപ്പൻ, മോതിരവളയൻ, ചങ്കുവരയൻ, കരിമൂർഖൻ തുടങ്ങിയ വിഷംകൂടിയ ഇനം പാമ്പുകളും പെരുമ്പാമ്പുമൊക്കെ നാരായണൻകുട്ടിയുടെ കൂട്ടിലായിട്ടുണ്ട്.

രണ്ടുതവണ പാമ്പിന്റെ കടിയും കിട്ടിയിട്ടുണ്ട്. രണ്ടുവർഷംമുമ്പ് ശബരിമല ഡ്യൂട്ടിക്കിടെ കരിമൂർഖനെ പിടിച്ചപ്പോഴാണ് കടിയേറ്റത്. ദീർഘനാൾ ചികിത്സയിലും കഴിഞ്ഞു. നാരായണൻകുട്ടിയുടെ ഫോൺ: 9496961792.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.