കെ.സി. ജോസഫിന്റെ വരുമാനം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവ്
കെ.സി. ജോസഫിന്റെ വരുമാനം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവ്
Friday, October 28, 2016 1:55 PM IST
തലശേരി: മുൻമന്ത്രി കെ.സി. ജോസഫ് വരുമാനത്തിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തലശേരി വിജിലൻസ് കോടതി ഉത്തരവിട്ടു. കെ.സി. ജോസഫ്, ഭാര്യ, മകൻ എന്നിവരുടെ വരുമാനം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോഴിക്കോട് വിജിലൻസ് സെല്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 29 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിൽ മത്സരിച്ച സ്വതന്ത്ര സ്‌ഥാനാർഥി ഇരിട്ടി പെരിങ്കിരി ആറാക്കൽ വീട്ടിൽ എ.കെ ഷാജിയാണ് വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. ഇതുസംബന്ധിച്ച് ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു.

കെ. സി. ജോസഫ് അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും അറിയപ്പെടുന്ന വരുമാനത്തെക്കാൾ 36 ലക്ഷം രൂപ കുറവാണ് സ്വത്തെന്നുമാണ് കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്പി പി.എ.വത്സൻ കോടതിയിൽ സമർപ്പിച്ചിരുന്ന ത്വരിതാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

മറച്ചുവയ്ക്കാൻ ഒന്നുമില്ല, അന്വേഷണവുമായി സഹകരിക്കും: കെ.സി.ജോസഫ്


കണ്ണൂർ: വിജിലൻസ് കോടതി ഉത്തരവനുസരിച്ചുള്ള അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഇതുസംബന്ധിച്ച് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും കെ.സി.ജോസഫ് എംഎൽഎ പ്രസ്താവനയിൽ അറിയിച്ചു. മന്ത്രിയായിരുന്ന കാലത്ത് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും അറിയപ്പെടുന്ന വരുമാനത്തെക്കാൾ 36 ലക്ഷം രൂപ കുറവാണ് എന്റെയും കുടുംബത്തിന്റെയും സ്വത്ത് എന്നുമാണ് വിജിലൻസ് സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

എനിക്കും പഞ്ചാബ് നാഷണൽ ബാങ്കിൽ ഉദ്യോഗസ്‌ഥയായിരുന്ന ഭാര്യയ്ക്കും കൂടി അഞ്ച് കൊല്ലത്തേക്ക് മൊത്തം വരുമാനം 1.83 കോടി രൂപയും ഈ കാലയളവിലെ സ്വത്ത് 1.46 കോടിയുമാണെന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

നാലു കൊല്ലമായി വിദേശത്ത് ഒരു കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന മകന്റെ വരുമാനം കൂടി ആശ്രിതൻ എന്ന നിലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിേർദശ പത്രികയിൽ ഉൾപ്പെടുത്തിയതു കൊണ്ടുള്ള തെറ്റിദ്ധാരണയാണ് പരാതിക്ക് കാരണമെന്നും ഇതിന്റെ സത്യാവസ്‌ഥ ബോധ്യപ്പെടുത്തുമെന്നും കെ.സി.ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.