കൊച്ചി മെട്രോ: ഒന്നാം ഘട്ടം അടുത്ത ഏപ്രിലിൽ പൂർത്തിയാക്കും
Wednesday, October 26, 2016 11:41 AM IST
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം 2017 ഏപ്രിൽ ഒന്നിന് ആദ്യഘട്ടം പൂർത്തിയാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കൊച്ചി മെട്രൊ റെയിൽ പദ്ധതി നിശ്ചിത സമയത്തുതന്നെ പൂർത്തിയാക്കാൻ കഴിയുമെന്നും ഹൈബി ഈഡന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

മഹാരാജാസ് – പേട്ട രണ്ടാം ഘട്ട നിർമാണത്തിൽ വീഴ്ച വരുത്തിയതിനു രണ്ടു കരാറുകൾ ഡിഎംആർസി റദ്ദാക്കിയിരുന്നു. പുതിയ സ്‌ഥലമെടുപ്പു നിയമം കാലതാമസത്തിനു കാരണമാകാമെങ്കിലും വേഗം അത് പൂർത്തിയാക്കാനുള്ള ശ്രമം നടന്നുവരുന്നു.

ബഹുനില പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തും. ആലുവ– മഹാരാജാസ് റോഡ് പുനരുദ്ധാരണം നടന്നുവരുന്നു. സ്റ്റേഡിയം വരെയുള്ള ഓടയും അനുബന്ധ നിർമാണത്തിനുമായി 39 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി നൽകി. നിർമാണം ഉടൻ ആരംഭിക്കും.


വഴിനടപ്പുകാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തുന്ന നിലയിലാണു പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. സ്‌ഥലം നൽകിയവർക്ക് ആദായ നികുതിയിൽ ഇളവ് അനുവദിക്കണമെന്നാണു സംസ്‌ഥാനത്തിന്റെ അഭിപ്രായം. ഈ ആവശ്യം കേന്ദ്ര സർക്കാരിൽ ഉന്നയിച്ചിട്ടുണ്ട്. കെഎംആർഎൽ ഇതു സംബന്ധിച്ചു ഹൈക്കോടതിയിൽ കേസും നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.