റേഷൻകാർഡ്: പരാതികൾ നവംബർ അഞ്ചു വരെ സമർപ്പിക്കാമെന്നു മന്ത്രി
റേഷൻകാർഡ്: പരാതികൾ നവംബർ അഞ്ചു വരെ സമർപ്പിക്കാമെന്നു മന്ത്രി
Tuesday, October 25, 2016 1:43 PM IST
തിരുവനന്തപുരം: റേഷൻ കാർഡ് സംബന്ധിച്ചു പരാതി അടുത്ത മാസം അഞ്ചു വരെ സമർപ്പിക്കാമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിയമസഭയിൽ അറിയിച്ചു. ഇതിനിടയിലുള്ള അവധി ദിവസങ്ങളിലും താലൂക്ക്, സപ്ലൈ ഓഫീസുകൾ പ്രവർത്തിക്കുന്നതാണ്. പരാതിക്കാരുടെ തിരക്ക് ഒഴിവാക്കുന്നതിനുവേണ്ടിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദേശീയ ഭക്ഷ്യനിയമം പ്രാബല്യത്തിൽ വരുന്നതോടെ എപിഎൽ, ബിപിഎൽ സംവിധാനം മാറുകയാണ്. പകരമായി മുൻഗണനാ, മുൻഗണനേതര കാർഡുകളാണ് നിലവിൽ വരുന്നത്. ഇതുസംബന്ധിച്ച ലിസ്റ്റ് കഴിഞ്ഞ 20ന് പ്രസിദ്ധീകരിച്ചു. താലൂക്ക് സപ്ലൈ ഓഫീസ്, റേഷനിംഗ് ഓഫീസ്, അതതു റേഷൻ കടകൾ എന്നിവിടങ്ങളിലും വകുപ്പിന്റെ വെബ്സൈറ്റിലും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമയബന്ധിതമായി പരാതികൾ തീർപ്പാക്കും


തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡിന് അർഹരായവരുടെ പട്ടികയിൽ ആക്ഷേപമുള്ളവരെ നേരിൽ കേൾക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചെയർമാനായും റേഷനിംഗ് ഇൻസ്പെക്ടർ കൺവീനറായും ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, ഐസിഡിഎസ് സൂപ്പർവൈസർ എന്നിവർ അംഗങ്ങളുമായുള്ള സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് ഡയറക്ടർ അറിയിച്ചു.

കരട്പട്ടികയിൽ ആക്ഷേപമുള്ളവർക്ക് വ്യക്‌തമായ മേൽവിലാസത്തോടുകൂടി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ പരാതി സമർപ്പിക്കാം. ഇത്തരത്തിലുള്ള പരാതി പരിശോധിച്ച് സമയബന്ധിതമായി തീർപ്പാക്കാൻ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.