എൽഡിഎഫ് സർക്കാരിന്റെ മദ്യനയം ഫെബ്രുവരിയിൽ: മന്ത്രി ടി.പി. രാമകൃഷ്ണൻ
എൽഡിഎഫ് സർക്കാരിന്റെ മദ്യനയം ഫെബ്രുവരിയിൽ: മന്ത്രി ടി.പി. രാമകൃഷ്ണൻ
Monday, October 24, 2016 1:00 PM IST
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സമഗ്ര മദ്യനയം ഫെബ്രുവരിയിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. മദ്യനിരോധനമല്ല മദ്യവർജനമായിരിക്കും എൽഡിഎഫിന്റെ മദ്യനയത്തിന്റെ കാതലെന്നും ഇക്കാര്യത്തിൽ സർക്കാർ ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുമെന്നും ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ സമീപത്തുള്ള അനധികൃത ലഹരിക്കച്ചവടത്തിനെതിരേ കർശന നടപടി സ്വീകരിക്കും. ലൈസൻസുള്ള സ്‌ഥാപനങ്ങൾ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ആ സ്‌ഥാപനങ്ങൾ ഒരിക്കലും തുറക്കാൻ കഴിയാത്ത വിധത്തിലുള്ള ശക്‌തമായ നിയമനടപടി സ്വീകരിക്കും. കള്ളുഷാപ്പുകളിൽ ശുദ്ധമായ കള്ള് ഉറപ്പാക്കും. അനധികൃതമായി മദ്യം വിൽക്കുന്നതായി കണ്ടെത്തിയാൽ ശക്‌തമായ നടപടി ഉണ്ടാകും. മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരിപദാർഥങ്ങൾക്കുമെതിരേ ശക്‌തമായ ബോധവത്കരണം നടത്തും. വിമുക്‌തി എന്ന പേരിൽ ഈ മാസം ആരംഭിക്കുന്ന ലഹരിമുക്‌ത പ്രചാരണ പരിപാടിക്ക് മന്ത്രി എല്ലാവരുടെയും പിന്തുണയും അഭ്യർഥിച്ചു.

സംസ്‌ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ലഹരിവിരുദ്ധ പരാതിപ്പെട്ടികൾ സ്‌ഥാപിക്കും. എല്ലാ ആദിവാസി കേന്ദ്രങ്ങളിലും ജനമൈത്രി എക്സൈസ് ഓഫീസുകൾ ആരംഭിക്കും. മദ്യവർജനത്തിനു സഹായകമായ എല്ലാ പ്രവർത്തനവും നിർദേശവും സർക്കാർ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഏതെല്ലാം സ്‌ഥാപനങ്ങൾ പ്രവർത്തിക്കണം എന്ന കാര്യത്തിൽ സർക്കാർ സുവ്യക്‌തമായ തീരുമാനം കൈകൊള്ളും. ബീഡിത്തൊഴിലാളികൾക്കായി പ്രത്യേക ക്ഷേമപദ്ധതികൾ നടപ്പിലാക്കും.


തോട്ടം മേഖലയിലെ എല്ലാ തൊഴിലാളികൾക്കും വീടു നൽകാനുള്ള പദ്ധതി സർക്കാർ ഉടൻ ആരംഭിക്കും. പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ അന്യസംസ്‌ഥാന തൊഴിലാളികൾക്ക് പാർപ്പിട സൗകര്യം ഒരുക്കും. അവർക്കെല്ലാം മിനിമം കൂലി ഉറപ്പാക്കും.

സംസ്ഥാനത്ത് സ്വന്തമായി ഭൂമിയും വീടുമില്ലാത്ത 22,679 കുടുംബങ്ങളാണുള്ളത്. ഇവർക്കു വീടു നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടം ഇടുക്കിയിൽ ആരംഭിക്കും. തോട്ടം മേഖലയിലെ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് എൻ. കൃഷ്ണൻ നായർ കമ്മീഷന്റെ റിപ്പോർട്ട് പരിശോധിച്ച് പരിഹാരം കാണാൻ തൊഴിൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എട്ട് എസ്റ്റേറ്റുകളാണ് സംസ്‌ഥാനത്ത് അടഞ്ഞുകിടക്കുന്നത്. ഇവിടങ്ങളിൽ ആകെ 2190 തൊഴിലാളികളാണുള്ളത്. ഇതു തുറന്നുപ്രവർത്തിപ്പിക്കാൻ കഴിയുമോ എന്ന് സർക്കാർ പരിശോധിക്കും. ഇതിനായി മാനേജ്മെന്റുകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.

കെ.വി അബ്ദുൾഖാദർ, റോജി എം. ജോൺ, സി. ദിവാകരൻ, പാറക്കൽ അബ്ദുള്ള, മുരളി പെരുനെല്ലി, റോഷി അഗസ്റ്റിൻ, കെ.കെ രാമചന്ദ്രൻ നായർ, തോമസ് ചാണ്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.