കിഴതടിയൂർ സഹകരണബാങ്ക്: ആരോപണങ്ങൾ ആസൂത്രിതമെന്നു ഭരണസമിതി
Monday, October 24, 2016 12:37 PM IST
കോട്ടയം: കെ.എം. മാണിക്കെതിരേ അഴിമതിയാരോപണങ്ങൾ തെളിവുസഹിതം ഉന്നയിച്ചതിലുള്ള രാഷ്ട്രീയ വിരോധം മൂലമാണു കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിനെതിരേ വ്യാജ ആരോപണങ്ങളുമായി ചിലർ രംഗത്തു വന്നിരിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ജോർജ് സി. കാപ്പൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ബാങ്ക് എന്നു കഴിഞ്ഞ ഗവൺമെന്റ് അംഗീകരിച്ച് അവാർഡ് നൽകിയ ബാങ്കിനെ തകർക്കാൻ തത്പരകക്ഷികൾ ശ്രമിക്കുകയാണ്. ബാങ്കിലെ അംഗം പോലുമല്ലാത്ത സ്റ്റീഫൻ ജോർജ് ഉന്നയിച്ച ആരോപണങ്ങൾ കളവാണ്.

യൂത്ത്ഫ്രണ്ട്–എം ഭാരവാഹിയുടെ സഹോദരൻ മുമ്പ് ഇതേ ആരോപണങ്ങൾ ഉന്നയിച്ചു സഹകരണവകുപ്പിനു പരാതി നൽകുകയും ഹൈക്കോടതി നിർദേശപ്രകാരം സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ പരാതി അടിസ്‌ഥാന രഹിതമാണെന്നു കണ്ടെത്തി തള്ളുകയും ചെയ്തിരുന്നു. കെ.എം. മാണി മന്ത്രിയായിരുന്നപ്പോഴായിരുന്നു ഈ അന്വേഷണം.

ഉന്നയിച്ച പരാതികളിൽ ഓരോന്നും വിശദമായി പരിശോധിച്ചശേഷമാണു സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ആരോപണങ്ങൾക്കു കഴമ്പില്ലെന്നും ഇവ നിലനിൽക്കുന്നതല്ല എന്നും കണ്ടെത്തിയിരിക്കുന്നത്. പരാതിയിൽ തന്നെ വസ്തുതാപരമായ ധാരാളം പിശകുകളുണ്ട്. ഭരണ സമിതി അം ഗങ്ങളോ മറ്റാരെങ്കിലുമോ അനുവദനീയമായ തുകയിൽ കവിഞ്ഞ വായ്പ എടുത്തിട്ടില്ല. ബാങ്കിനായി സഹകരണവകുപ്പിന്റെ അനുമതിയോടെ വസ്തു വാങ്ങിയത് സെന്റി ന് 12 ലക്ഷം രൂപ നിരക്കിലാണ്.


എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചു മുൻകൂട്ടി അനുവാദം വാങ്ങി ഡിപ്പാർട്ട്മെന്റ് അനുവദിച്ച വിലയ്ക്കു ബാങ്കിന്റെ വസ്തുവിനോടു ചേർന്നു കിടക്കുന്ന വസ്തു വാങ്ങിയതിൽ അഴിമതി ആരോപിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പണികഴിപ്പിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിനായി എടുത്തിട്ടുള്ള സ്‌ഥലത്തിന്റെ വിലയിൽ 50 ശതമാനവും, കെട്ടിടനിർമാണത്തിന്റെ ചെലവിൽ 75 ശതമാനവും കേന്ദ്രസർക്കാർ ഗ്രാന്റായി ബാങ്കിനു ലഭിക്കുന്നതാണ്.

320 കോടി രൂപ ആസ്തിയുള്ള കിഴതടിയൂർ ബാങ്കിനെ തകർക്കാനുള്ള വ്യാമോഹം ചിലരുടെ സ്വപ്നം മാത്രമാണെന്നും വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജോർജ് സി. കാപ്പൻ പറഞ്ഞു. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ ജോർജ് സി. കാപ്പൻ ബാങ്ക് വൈസ്പ്രസിഡന്റ് എം.എസ്. ശശിധരൻ എന്നിവരും പാലായിൽ നടത്തിയ പത്രസമ്മേളനത്തിൽ സിബി തോട്ടുപുറം, കെ.ആർ. രഞ്ജി, അഡ്വ. ജോഷി ജേക്കബ്, എംഡി ആർ.എസ്. മണി, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, സിബി ജോസഫ്, സെക്രട്ടറി മേരിയമ്മ ജോർജ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.