ഐസിഡിഎസ് സൂപ്പർവൈസർ തസ്തികകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നു പരാതി
Sunday, October 23, 2016 12:41 PM IST
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനുകീഴിലെ ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിലേക്ക് നിരവധി ഒഴിവുകളുണ്ടായിട്ടും അവ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് പരാതി. വിരമിക്കൽ, ജോലി രാജിവയ്ക്കൽ, സ്‌ഥാനക്കയറ്റം, നീണ്ട അവധിയെടുക്കൽ തുടങ്ങി വിവിധ തലങ്ങളിലായി ജനറൽ വിഭാഗത്തിൽ ഒട്ടേറെ ഒഴിവുകളുണ്ടെന്നാണ് വിവരം. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാൻ നടപടി ഉണ്ടാകണ– മെന്നാവശ്യപ്പെട്ട് ഐസിഡിഎസ് സൂപ്പർവൈസേഴ്സ് റാങ്ക് ഹോൾഡേഴ്സിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദം നൽകി.

ഐസിഡിഎസ് സൂപ്പർവൈസർമാരുടെ ജനറൽ വിഭാഗം ഒഴിവുകളിൽ കരാറുകാറെ സ്‌ഥിരപ്പെടുത്തിയതുവഴിയും മറ്റു വിഭാഗങ്ങൾക്കായി വീതംവച്ചതുവഴിയും നഷ്‌ടപ്പെട്ട ഒഴിവുകൾ തിരികെനൽകണമെന്നു പരാതിയിൽ പറയുന്നു. ഐസിഡിഎസ് തസ്തികയിലേക്ക് പിഎസ്സി വഴി അവസാനമായി നിയമനം നടന്നത് 2002ൽ ആണ്. അതിനുശേഷം 2015ൽ ആണ് ഈ തസ്തികയിലേക്ക് പിഎസ്സി ഒരു റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. അനർഹരെ ഉൾപ്പെടുത്തിയതടക്കം റാങ്ക് പട്ടിക സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളുണ്ട്.


ഐസിഡിഎസ് സൂപ്പർവൈസർമാരുടെ ഒഴിവുകൾ നാലുതരം അനുപാതത്തിലാണു നികുത്തുന്നത്. പിഎസ്സി വഴി ജനറൽ വിഭാഗത്തിൽ നിന്ന് 58 ശതമാനം പേരെയും എസ്എസ്എൽസിയും 10 വർഷം പരിചയമുള്ള ആംഗൻവാടി വർക്കർമാരിൽ നിന്ന് 29 ശതമാനം പേരെയും ബിരുദമുള്ള വർക്കർമാരിൽ നിന്ന് 11 ശതമാനം പേരെയും ജീവനക്കാരുടെ സ്‌ഥാനക്കറ്റം വഴി രണ്ടുശതമാനം പേരെയും എന്ന കണക്കിലാണു നിയമനം. അപ്രകാരം കരാറുകാരായി ജോലിചെയ്തുവന്ന 155 പേരിൽ സ്‌ഥിരപ്പെടുത്താതെ നിന്ന 38 പേരുണ്ടായിരുന്നു. അവരെ 2013ൽ സ്‌ഥിരപ്പെടുത്തി. 38 പേരെ സ്‌ഥിരപ്പെടുത്തിയതുമൂലം ജനറൽ വിഭാഗത്തിനു കിട്ടേണ്ട 38 ഒഴിവുകൾ നഷ്‌ടമായി. ഒഴിവുകൾ ജനറൽ വിഭാഗത്തിന് മടക്കിനൽകാനും –നിലവിലുള്ള ഒഴിവുകൾ പിഎസ്സിക്ക് –അടിയന്തരമായി റിപ്പോർട്ട് ചെയ്യിക്കാനും നടപടി ഉണ്ടാകണമെന്ന് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെ ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.