അനധികൃത സ്വത്ത്: ആരോപണങ്ങൾ നിഷേധിച്ച് കെ. ബാബു
അനധികൃത സ്വത്ത്: ആരോപണങ്ങൾ നിഷേധിച്ച് കെ. ബാബു
Friday, October 21, 2016 2:11 PM IST
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടു മുൻ എക്സൈസ് മന്ത്രി കെ. ബാബുവിനെ കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ മൂന്നു മണിക്കൂർ ചോദ്യംചെയ്തു. ബാർക്കോഴ കേസിൽ കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്തിനു പിന്നാലെയായിരുന്നു ഇന്നലെ വീണ്ടും ചോദ്യംചെയ്തത്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കെ. ബാബു വിജിലൻസിനു മുമ്പാകെ നിഷേധിച്ചു. എന്നാൽ, മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന സൂചനയാണു വിജിലൻസ് വൃത്തങ്ങൾ നൽകുന്നത്.

ബാബുവിന്റെ ബിനാമികളെന്നു സംശയിക്കുന്ന ബാബുറാമും മോഹനനും തമ്മിലുള്ള അടുപ്പം സംബന്ധിച്ചും മക്കളുടെ വിവാഹ ത്തിനു ചെലവാക്കിയ പണം സംബന്ധിച്ചും ബാബു നൽകിയ മൊഴികൾ വസ്തുതാപരമല്ലെന്നും തങ്ങൾക്കു ലഭിച്ചിട്ടുള്ള വിവരങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും വിജിലൻസ് അധികൃതർ സൂചിപ്പിച്ചു.

ഇന്നലെ രാവിലെ പത്തരയോടെ വിജിലൻസ് ഓഫീസിലെത്തിയ കെ. ബാബുവിനെ അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്പി ബിജി ജോർജിന്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്തത്. മൊഴിക്കു കൂടുതൽ വ്യക്‌തത വരുത്താനായി ബാബുവിനെ ഇനിയും വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്നു വിജിലൻസ് അധികൃതർ പറഞ്ഞു.

രണ്ടു പെൺമക്കൾക്കു 160 പവന്റെ സ്വർണാഭരണങ്ങൾ നൽകിയിരുന്നുവെന്നു ചോദ്യംചെയ്യലിൽ ബാബു വിശദീകരിച്ചു. ഒരു മകൾക്കു നൂറു പവനും മറ്റൊരു മകൾക്ക് 60 പവനുമാണു നൽകിയത്.

എന്നാൽ, ഇളയ മകൾക്കു മാത്രം 200 പവനിലേറെ സ്വർണാഭരണങ്ങൾ ബാബു സ്ത്രീധനമായി നൽകിയിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലെന്നു പറയുന്നു.

തമ്മനത്തു താമസിക്കുന്ന മകൾ ഐശ്വര്യയുടെയും ഭർത്താവിന്റെയും പേരിലുള്ള രണ്ടു ബാങ്ക് ലോക്കറുകളിൽനിന്ന് 237 പവൻ സ്വർണാഭരണങ്ങൾ വിജിലൻസ് പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. ഈ ആഭരണങ്ങളെല്ലാം താൻ നൽകിയതല്ലെന്ന വിശദീകരണമാണു ബാബു നൽകിയത്.

വ്യവസായിയായ ബാബുറാമുമായി അടുപ്പമില്ലെന്ന നിലപാടിൽ കെ. ബാബു ഉറച്ചുനിന്നു. ബാബുറാമുമായി പലതവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങളടക്കമുള്ളചോദ്യങ്ങൾക്ക് താൻ വിളിച്ചിട്ടില്ലെന്ന് കെ. ബാബു വിശദീകരിച്ചു. ശിവഗിരിയുമായി ബന്ധപ്പെട്ട ചടങ്ങിൽ കണ്ട പരിചയം മാത്രമാണു ബാബുറാമുമായുള്ളതെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വീടും സ്‌ഥലവുമല്ലാതെ ഒരിടത്തും ഭൂസ്വത്തില്ലെന്നു ബാബു വിശദീകരിച്ചു. തനിക്കുവേണ്ടി ബാബുറാം ആഭ്യന്തര മന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും കത്തെഴുതിയതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും ബാബു പറഞ്ഞു. എന്നാൽ, വിശദീകരണങ്ങൾ മുഖവിലയ്ക്കു എടുക്കാൻ കഴിയില്ലെന്ന നിലപാടിലാണു വിജിലൻസ് സംഘം.


ബാബുവിന്റെ സ്വത്തുവിവരം സംബന്ധിച്ച് ആദായനികുതി വകുപ്പിൽനിന്നു രേഖകൾ ലഭിച്ചിട്ടില്ലാത്തതിനാൽ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടായില്ല. അന്വേഷണ സംഘം പലപ്പോഴായി ശേഖരിച്ച തെളിവുകൾ അടിസ്‌ഥാനപ്പെടുത്തി നൂറിൽപ്പരം ചോദ്യങ്ങൾ തയാറാക്കിയിരുന്നു. ഇതിൽ 25 ശതമാനം ചോദ്യങ്ങൾ മാത്രമേ ഇന്നലെ പൂർത്തിയാക്കാൻ സാധിച്ചുള്ളുവെന്നും കെ. ബാബുവിനെ പലവട്ടം ചോദ്യംചെയ്യേണ്ടിവരുമെന്നും അന്വേഷണസംഘം വ്യക്‌തമാക്കി.

’ഒരു രൂപപോലും അനധികൃത നിക്ഷേപമില്ല‘

കൊച്ചി: തനിക്ക് ഒരു രൂപ പോലും അനധികൃത നിക്ഷേപം ഇല്ലെന്നു മുൻ എക്സൈസ് മന്ത്രി കെ. ബാബു. സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടു കൊച്ചിയിൽ വിജിലൻസ് മുമ്പാകെ ചോദ്യംചെയ്യലിനു ഹാജരായതിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരേയുള്ള വിജിലൻസ് അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ബാബുറാം എന്നയാൾ വിജിലൻസ് ഡയറക്ടർക്കു കത്തയച്ചതു തന്റെ അറിവോടെയല്ല. അദ്ദേഹം ഏതു സാഹചര്യത്തിലാണ് ഈ കത്തയച്ചതെന്നും അറിയില്ല.

കത്തയച്ചതുകൊണ്ടു തനിക്ക് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. ബാബുറാമുമായി തനിക്ക് ഒരുവിധ ബിസിനസ് ബന്ധവുമില്ല. തന്റെ മക്കളുടെ വിവാഹം ആഡംബര പൂർവമായിട്ടല്ല നടത്തിയതെന്നും വലിയ ചെലവൊന്നും വിവാഹത്തിനുണ്ടായിരുന്നില്ലെന്നും കെ. ബാബു പറഞ്ഞു.

കെ. ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച് അനാവശ്യമായി അദ്ദേഹത്തെ പീഡിപ്പിക്കുന്നതിനെതിരേ കോൺഗ്രസ് പ്രവർത്തകനെന്ന നിലയിലുളള തന്റെ വികാരമാണു കത്തിലൂടെ പ്രതിഫലിപ്പിച്ചതെന്നു ബാബുവിന്റെ ബിനാമിയെന്നു പറയപ്പെടുന്ന ബാബുറാം മാധ്യമപ്രവർത്തകരോടു പറഞ്ഞു. ബാബു ഉൾപ്പെടെ പല നേതാക്കളും തന്റെ വാഹനം ഉപയോഗിച്ചിട്ടുണ്ട്. വിജിലൻസ് തന്നെ ക്രൂശിക്കുകയാണ്.

കെ. ബാബുവുമായി തനിക്കു രാഷ്ട്രീയ ബന്ധം മാത്രമാണുള്ളത്. കുമ്പളത്തെയും മരടിലെയും സാമൂഹ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി താൻ ബാബുവിനെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിട്ടുണ്ട് അതിന്റെ പേരിൽ താൻ എങ്ങനെ ബാബുവിന്റെ ബിനാമിയാകുമെന്നും ബാബുറാം ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.