അഭിഭാഷകർക്കെതിരേ രൂക്ഷ വിമർശനവുമായി സെബാസ്റ്റ്യൻ പോൾ
അഭിഭാഷകർക്കെതിരേ രൂക്ഷ വിമർശനവുമായി സെബാസ്റ്റ്യൻ പോൾ
Thursday, October 20, 2016 1:27 PM IST
തൃശൂർ: മാധ്യമസ്വാതന്ത്ര്യത്തിന് നീതിയുടെ കാവൽപടയാകേണ്ട അഭിഭാഷകർ വിലങ്ങുതടിയാകുന്നു എന്നതാണ് ഇന്നു മാധ്യമമേഖല നേരിടുന്ന മുഖ്യ വെല്ലുവിളിയെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. സി.എച്ച്. കണാരൻ ദിനചാരണത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച “മാധ്യമപ്രവർത്തകർ നേരിടുന്ന പുതിയ വെല്ലുവിളികൾ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിയുടെ കാവൽപ്പടയാണ് അഭിഭാഷകർ. നിയമങ്ങൾ ഏറെയുണ്ടെങ്കിലും സാധാരണക്കാർക്കു നീതി ലഭ്യമാകുന്നത് അഭിഭാഷകർ മുഖേനയാണ്. എന്നിട്ടും ഭരണഘടന വാഗ്ദാനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും അഭിഭാഷകർ തന്നെ വിലങ്ങുതടിയാകുന്നു എന്നതാണ് ഇന്നു മാധ്യമമേഖല നേരിടുന്ന മുഖ്യ വെല്ലുവിളി.

മാധ്യമപ്രവർത്തനത്തിന്റെ ബാലപാഠം എന്താണെന്ന് ഒരു വിഭാഗം അഭിഭാഷകർക്ക് അറിയില്ല. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ അർഹിക്കുന്ന വിധത്തിലുള്ള ഒരു കേസും നടത്താത്തവരാണു മാധ്യമങ്ങൾക്കെതിരേ തിരിഞ്ഞിരിക്കുന്നവരിൽ ഏറെയും. ഭരണഘടനയിൽ എവിടെയാണു മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്നതെന്നാണു ചില അഭിഭാഷകർക്കു സംശയം. ശരിക്കും നിയമവും ഭരണഘടനയും പഠിച്ചു പുറത്തിറങ്ങിയ അഭിഭാഷകർ ആരും ഇതു ചോദിക്കില്ല. ഭരണഘടന ഒരു വേദപുസ്തകം പോലെ നെഞ്ചോടുചേർത്തു നീതിക്കുവേണ്ടി പോരാടേണ്ടവരാണ് അഭിഭാഷകർ എന്ന വസ്തുത അവർതന്നെ മറക്കുന്നു. നീതിന്യായ വ്യവസ്‌ഥ സുതാര്യമാകുന്നതു തുറന്ന കോടതിയിലാണ്. മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തി അടച്ചിട്ട കോടതികളിൽ വിചാരണ നടന്നാൽ ഒത്തുകളികൾ പലതും നടക്കും. ന്യായാധിപന്മാർക്കുപോലും പലതിനും വഴങ്ങേണ്ട അവസ്‌ഥയുണ്ടാകും. അത്തരത്തിലുള്ള ജുഡീഷൽ അടിയന്തരാവസ്‌ഥയ്ക്ക് അറുതി വന്നേ മതിയാകൂ എന്നും ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു.


കോടതികളിൽ മാധ്യമ പ്രവർത്തകർക്കു വിലക്കേർപ്പെടുത്തി അക്രമസാക്‌തരാവുന്ന അഭിഭാഷകർ സൃഷ്‌ടിച്ച അരക്ഷിതാവസ്‌ഥയ്ക്കു പരിഹാരം കാണാനും മാധ്യമസ്വാതന്ത്ര്യം നിലനിർത്താനും ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉൾപ്പടെയുള്ള ജഡ്ജിമാർ മുൻകൈ എടുക്കണം. ന്യായാധിപന്മാർ തുടക്കത്തിൽതന്നെ വേണ്ടവിധം ഇടപെട്ടുവെങ്കിൽ ഈ പ്രശ്നം ഇത്രയും വഷളാവുമായിരുന്നില്ല. ഇനിയെങ്കിലും അതിനു വൈകിക്കൂടെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ സംഘർഷങ്ങൾക്കു പോലും ഒരു ഘട്ടം കഴിഞ്ഞാൽ അയവുണ്ടാകും. എന്നാൽ, മാധ്യമങ്ങൾക്കുനേരെ കടന്നാക്രമണം മൂന്നു മാസമായി തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷനിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടതുകൊണ്ടു തനിക്ക് ഒന്നും സംഭവിക്കില്ലെന്നു സെബാസ്റ്റ്യൻ പോൾ പറഞ്ഞു. അഭിഭാഷകൻ എന്ന നിലയിൽ പ്രാക്ടീസ് തുടരും. മാധ്യമപ്രവർത്തകർക്കുനേരേ വിവേകം വെടിഞ്ഞ് അക്രമാസക്‌തരാകുന്ന അഭിഭാഷകരുടെ നിലപാടിനെ വിമർശിച്ചതിൽ ഉറച്ചു നിൽക്കുന്നു. താൻ ആരെയും ഗുണ്ട എന്നു വിളിച്ചിട്ടില്ല. എന്നാൽ, കേരളം മുഴുവൻ ഇന്ന് അഭിഭാഷകരെ ഗുണ്ടകളായി വിശേഷിപ്പിക്കുന്നതിന് ഉത്തരവാദി അവർ തന്നെയാണെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.