അനധികൃത സ്വത്ത്: കെ. ബാബുവിനെ ഇന്നു ചോദ്യം ചെയ്യും
അനധികൃത സ്വത്ത്: കെ. ബാബുവിനെ ഇന്നു ചോദ്യം ചെയ്യും
Thursday, October 20, 2016 1:16 PM IST
കൊച്ചി: ബാർ കോഴക്കേസിനു പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസിലും മുൻ എക്സൈസ് മന്ത്രി കെ. ബാബുവിനെ ചോദ്യം ചെയ്യുന്നു. ബാബുവിനോട് ഇന്നു രാവിലെ 10.30ന് എറണാകുളം വിജിലൻസ് ആസ്‌ഥാനത്ത് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു സ്പെഷൽ റേഞ്ച് ഡിവൈഎസ്പി ബിജി ജോർജ് പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.ബാബുവിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കെ.ബാബുവിന്റെ ബിനാമിയെന്നു വിജിലൻസ് കരുതുന്ന കുമ്പളങ്ങി സ്വദേശി ബാബുറാമിന്റെ ചോദ്യംചെയ്യൽ പൂർത്തിയായിട്ടുണ്ട്. ബാർകോഴ കേസിൽ തിങ്കളാഴ്ച കെ. ബാബുവിനെ ആറു മണിക്കൂറോളം ചോദ്യംചെയ്തിരുന്നു.

ബാബുറാമും കെ.ബാബുവും തമ്മിലുള്ള ബന്ധം വ്യക്‌തമാക്കുന്ന കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബാബുറാം കെ.ബാബുവിന്റെ ബിനാമി തന്നെയാണെന്നു കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ.ബാബുവിന്റെ അനധികൃത സ്വത്തുക്കളിൽ നല്ല പങ്കും ബാബുറാമിന്റെയും അയാളുടെ ഭാര്യയുടെയും പേരിലാണെന്ന നിഗമനത്തിലാണു വിജിലൻസ്. ബാബുറാമിനെ രണ്ടുവട്ടം ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ വിശദീകരണം ലഭിച്ചില്ല. കൊച്ചിയിൽ കണ്ണായ 40 സ്‌ഥലങ്ങളിൽ ഇവർക്കു ഭൂമിയുണ്ടെന്നും ഇതു വാങ്ങാനുള്ള പണം എവിടെനിന്നു ലഭിച്ചെന്നോ എത്ര പണം ചെലവഴിച്ചെന്നോ വ്യക്‌തമായി പറയാൻ ബാബുറാമിനു കഴിയുന്നില്ലെന്നും വിജിലൻസ് ഉദ്യോഗസ്‌ഥർ പറഞ്ഞു.


ബാബുറാം പരിചയക്കാരൻ മാത്രമാണെന്ന കെ. ബാബുവിന്റെ വിശദീകരണം അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തിട്ടില്ല. തന്നെയുമല്ല ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുമുണ്ട്.

ബാർ കോഴക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു വിജിലൻസ് ഡയറക്ടർക്കു ബാബുറാം അയച്ച കത്തും ഇരുവരും പരസ്പരം നിരവധിത്തവണ ടെലഫോണിലും മറ്റും ബന്ധപ്പെട്ടതിന്റെ രേഖകളും വിജിലൻസിനു ലഭിച്ചിട്ടുണ്ട്. അടുത്ത ബന്ധം ഇല്ലെങ്കിൽ എന്തിനാണ് ഇത്തരത്തിൽ ഒരു കത്ത് അയയ്ക്കുന്നതെന്ന ചോദ്യമാണ് അന്വേഷണ സംഘം ഉയർത്തുന്നത്. കെ. ബാബുവിന്റെ മറ്റൊരു ബിനാമിയെന്ന് അന്വേഷണ സംഘം കരുതുന്ന മോഹനനുമായി ബന്ധിപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.