കുസാറ്റിലെ കെഎസ്യു മാർച്ചിൽ സംഘർഷം; നാലു പേർക്കു പരിക്ക്
Thursday, September 29, 2016 1:35 PM IST
കളമശേരി: വിദ്യാർഥി ആത്മഹ ത്യക്കു ശ്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടു കെഎസ്യു കുസാറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ലാത്തിവീശിയതിനെത്തുടർന്ന് കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാലുപേർക്കു പരിക്കേറ്റു.

അഷ്ക്കർ പനയപ്പള്ളി, പി.വൈ.ഷാജഹാൻ, ഷിജു, കോയാൻപിള്ള എന്നിവർക്കാണു പരിക്കേറ്റത്. ഇവർ കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുസാറ്റ് ജംഗ്ഷനിൽനിന്നു തുടങ്ങിയ മാർച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നിൽ പോലീസ് ബാരിക്കേഡുപയോഗിച്ചു തടഞ്ഞു. തുടർന്നാണു പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്.റാഗിംഗിനിരയായ വിദ്യാർഥി നേരിട്ടെത്തി പരാതി നൽകുകയാണെങ്കിൽ കുറ്റക്കാരായ വിദ്യാർഥികൾക്കെതിരേ നടപടിയെടുക്കാമെന്നു വിസി സമരക്കാർക്ക് ഉറപ്പു നൽകി.


കാമ്പസിൽ കയറി ആക്രമണം അഴിച്ചുവിട്ട വിദ്യാർഥികളല്ലാത്തവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പോലീസിനു പരാതി നൽകാനും കുസാറ്റ് തയാറായി. കളമശേരി നഗരസഭാ ചെയർപേഴ്സൺ ജെസി പീറ്റർ, യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അതേസമയം, കുസാറ്റിൽ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന സംഭവങ്ങളെക്കുറിച്ചു റിപ്പോർട്ട് നൽകാൻ മാനവവിഭവശേഷി മന്ത്രാലയം സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.