ബാരാപോളിൽ സൗരോർജ വൈദ്യുത പദ്ധതി അവസാന ഘട്ടത്തിൽ
Thursday, September 29, 2016 1:21 PM IST
ഇരിട്ടി: ബാരാപോൾ ജലവൈദ്യുത പദ്ധതി പ്രദേശത്തുനിന്നു സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നിർമാണം അടുത്ത മാസം അവസാനത്തോടെ പൂർത്തിയാകും. കേന്ദ്ര പാരമ്പര്യേതര ഊർജമന്ത്രാലയത്തിന്റെ അനുമതിയോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ 70 ശതമാനം പ്രവൃത്തിയും പൂർത്തിയായി. കഴിഞ്ഞദിവസം ബാരാപോൾ സന്ദർശിച്ച പൊതുമേഖലാ സ്‌ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പ്രശ്നങ്ങളും പഠിക്കാൻ നിയോഗിച്ച നിയമസഭാ സമിതി സൗരോർജ പദ്ധതി പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്രവൃത്തിയുടെ വേഗം കൂടിയത്.

ജലവൈദ്യുത പദ്ധതിയിൽനിന്ന് ഉത്പാദിപ്പിക്കുന്ന 15 മെഗാവാട്ട് വൈദ്യുതിക്കു പുറമേ സൗരോർജ പദ്ധതിയിലൂടെ നാലു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണു ലക്ഷ്യം. ബാരാപോൾ പദ്ധതിയുടെ മൂന്നു കിലോമീറ്ററോളം വരുന്ന കനാലിനു മുകളിൽ സൗരോർജ പാനൽ സ്‌ഥാപിച്ചു മൂന്നു മെഗാവാട്ട് വൈദ്യുതിയും കനാലിന്റെ വശങ്ങളിലെ തരിശായ പ്രദേശത്ത് പാനൽ സ്‌ഥാപിച്ച് ഒരു മെഗാവാട്ട് വൈദ്യുതിയുമാണ് ഉത്പാദിപ്പിക്കുന്നത്. ആകെ 35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തിക്ക് 6.7 കോടി രൂപ കേന്ദ്രസർക്കാരിന്റെ പാരമ്പര്യേതര ഊർജ മന്ത്രാലയം ധനസഹായമായി നൽകും.


മൂന്നു മെഗാവാട്ട് ശേഷിയുള്ള കനാൽ ടോപ്പ് പദ്ധതി കെൽട്രോണിന് 25.983 കോടിക്കും ഒരു മെഗാവാട്ട് ശേഷിയുള്ള കനാൽ സമീപ പദ്ധതി ഹൈദരാബാദിലെ എഐസി സോളാർ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 6.75 കോടി രൂപയ്ക്കുമാണു കരാർ നൽകിയിരിക്കുന്നത്. കെൽട്രോൺ 2.3 മെഗാവാട്ടിന്റെ പ്രവൃത്തി പൂർത്തിയാക്കിക്കഴിഞ്ഞു. കനാലിനു മുകളിലുള്ള പാനലുകളുടെ വിന്യാസമാണ് ഇപ്പോൾ നടക്കുന്നത്. ഒരു മെഗാവാട്ടിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്.

ഒക്ടോബർ അവസാനം കെൽട്രോണിന്റെ പ്രവൃത്തി കമ്മീഷൻചെയ്യും. എഐസി സോളാർ പ്രോജക്ടിന്റെ നിർമാണം നവംബറിൽ പൂർത്തിയാക്കും. ഇതോടെ ഒരേസമയം ജലവൈദ്യുതിയും സൗരോർജ വൈദ്യുതിയും ലഭിക്കുന്ന കെഎസ്ഇബിയുടെ വൈദ്യുതോത്പാദന കേന്ദ്രമായി ബാരാപോൾ മാറും.

ജലവൈദ്യുത പദ്ധതിയുടെ തകരാറിലായ ഒരു ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. മൂന്ന് ജനറേറ്ററുകളും പൂർണതോതിൽ പ്രവർത്തിച്ചാൽ 15 മെഗാവാട്ട് ജലവൈദ്യുതി വളരെ കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാം. ജൂൺ മുതൽ ഡിസംബർ വരെ പുഴയിലെ ജലം ഉപയോഗിച്ചും ബാക്കി മാസങ്ങളിൽ സൗരോർജം ഉപയോഗിച്ചും വൈദ്യുതി ഉത്പാദിപ്പിക്കാനാണു പദ്ധതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.