കേരളത്തിലെ റോഡുകളുടെ നിർമാണം അശാസ്ത്രീയമാണെന്നു ഗഡ്കരി
കേരളത്തിലെ റോഡുകളുടെ നിർമാണം അശാസ്ത്രീയമാണെന്നു ഗഡ്കരി
Monday, September 26, 2016 12:29 PM IST
കോട്ടയം: കേരളത്തിൽ നിലവിലുള്ള റോഡുകളുടെയും പുതിയതായി നിർമിക്കുന്ന റോഡുകളുടെയും നിർമാണം അശാസ്ത്രീയമാണെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.

അപകടങ്ങൾക്കു കാരണമാകുന്ന ഇത്തരം റോഡുകൾ നിർമിക്കുന്നവർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302–ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ നടന്ന ഇന്ത്യൻ റോഡ്സ് കോൺഗ്രസിന്റെ 209–ാം കൗൺസിൽ മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊച്ചിയിൽനിന്നു കുമരകത്തേക്ക് റോഡ് മാർഗം സഞ്ചരിച്ചപ്പോഴുണ്ടായ അനുഭവത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. പല സ്‌ഥലങ്ങളിലും അപകട സാധ്യത വളരെയധികമാണ്. രാജ്യത്തെ വർധിക്കുന്ന ജനസംഖ്യയുടെയും വാഹനപ്പെരുപ്പത്തിന്റെയും പശ്ചാത്തലത്തിൽ റോഡുകളുടെ വ്യാപ്തി കൂട്ടാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇത്തരം പദ്ധതികൾക്ക് ഉദ്യോഗസ്‌ഥരുടെയും സാങ്കേതിക വിദഗ്ധരുടെയും ക്രിയാത്മകമായ സമീപനവും പങ്കാളിത്തവുമാണ് ആവശ്യം.

നിർമാണച്ചെലവ് കുറച്ചു കൊണ്ടുതന്നെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയണം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യം ഉപയോഗിച്ച് റോഡ് നിർമിക്കുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നുണ്ട്. ഡൽഹിയിലെ ഗാസിയാബാദിൽ കുന്നുകൂടിയ മാലിന്യം ഉപയോഗിച്ചാണ് ഡൽഹി–മീററ്റ് ഹൈവേ നിർമിക്കുന്നത്. കേന്ദ്രസംസ്‌ഥാന സർക്കാരുകളുടെ തുല്യപങ്കാളിത്തത്തോടെ രാജ്യത്ത് രണ്ടായിരത്തോളം റെയിൽവേ പാലങ്ങളും മേൽപ്പാലങ്ങളും നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ ഹൈവേ വികസനത്തിന്റെ വിശദമായ പദ്ധതി രേഖ 15 ദിവസത്തിനകം കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന് സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് അറിയിച്ചു. റോഡ് നിർമാണത്തിനായി റബറധിഷ്ഠിത ബിറ്റുമിനും പ്ലാസ്റ്റിക് മാലിന്യവും ഉപയോഗിക്കാനും സംസ്‌ഥാന സർക്കാർ നടപടി സ്വീകരിച്ചു വരുന്നു.


ഐഎസ്ആർഒയുമായി ചേർന്ന് റോഡുകളേയും അവയുടെ നിർമാണത്തിനെയും നിരീക്ഷക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റോഡ്സ് കോൺഗ്രസ് പ്രസിഡന്റ് ഡോ.എസ്.എസ്. പോർവാൽ, ജനറൽ സെക്രട്ടറി എസ്.എസ്. നാഹർ, ദേശീയ പാത അഥോറിറ്റി എംഡി ആനന്ദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. റോഡ് നിർമാണ രംഗത്തെ വിവിധ സാങ്കേതിക വിദ്യകളെക്കുറിച്ച് ചർച്ച ചെയ്യുന്ന സമ്മേളനം ഇന്ന് സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.