ആദ്യം ഡിസിസികൾ പുനഃസംഘടിപ്പിക്കും; പിന്നീട് സംഘടനാ തെരഞ്ഞെടുപ്പ്
Saturday, September 24, 2016 12:10 PM IST
സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒരു മാസത്തിനകം കോൺഗ്രസിന്റെ 14 ജില്ലാ സമിതികളും പുനഃസംഘടിപ്പിക്കാൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ധാരണ. ഇരു ഗ്രൂപ്പുകളോടും ഡിസിസി പ്രസിഡന്റുമാരാകേണ്ടവരുടെ പേരുകൾ എത്രയും വേഗം നൽകാനും നിർദേശിച്ചിട്ടുണ്ട്. എഐസിസിയാകും ലിസ്റ്റിന് അംഗീകാരം നൽകുന്നത്.

മുൻ മന്ത്രി കെ. ബാബുവിനെ വിജിലൻസ് കേസിൽ പെടുത്തി എൽഡിഎഫ് സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് അഭിപ്രായപ്പെട്ട രാഷ്ട്രീയകാര്യ സമിതി യോഗം ബാബുവിനു രാഷ്ട്രീയ പിന്തുണ നൽകാനും തീരുമാനിച്ചു. ബാബുവിനെ നേരത്തേ പിന്തുണയ്ക്കാതിരുന്നതിന്റെ കാരണങ്ങൾ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ വിശദീകരിച്ചു.

പാർട്ടിയിലെ മുഴുവൻ ഘടകങ്ങളിലെയും പുനഃസംഘടന പൂർത്തിയായശേഷം സംഘടനാ തെരഞ്ഞെടുപ്പു നടത്തിയാൽ മതിയെന്നും ധാരണയായി. 60 വയസു കഴിഞ്ഞവരെ ഡിസിസി അധ്യക്ഷന്മാരാക്കേണ്ടെന്നു ഹൈക്കമാൻഡ് തീരുമാനിച്ചിട്ടില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് യോഗത്തെ അറിയിച്ചു.

ഡിസിസി പുനഃസംഘടന പൂർത്തിയായശേഷം ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളും പുനഃസംഘടിപ്പിക്കും. അവസാനമാകും കെപിസിസി പുനഃസംഘടന.

പുനഃസംഘടനാ പ്രക്രിയ പൂർത്തിയായശേഷമേ സംഘടനാ തെരഞ്ഞെടുപ്പിലേക്കു കടക്കുകയുള്ളു. സംഘടനാ തെരഞ്ഞെടുപ്പു വേഗത്തിൽ നടത്തണമെന്ന് എ ഗ്രൂപ്പു നേതാക്കൾ യോഗ ത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, സംഘടനാ തെരഞ്ഞെടുപ്പു നടത്താൻ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നു കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

ഡിസിസി പ്രസിഡന്റുമാരെ മാത്രം മാറ്റി സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. എന്നാൽ, താഴേത്തട്ടു മുതൽ പുനഃസംഘടന നടത്തണമെന്നു ഹൈക്കമാൻഡ് നിർദേശം പ്രതിനിധികൾ വ്യക്‌തമാക്കിയതോടെ ഗ്രൂപ്പുകൾ എതിർവാദ ങ്ങൾ ഉന്നയിച്ചില്ല. മുകുൾ വാസ്നിക് യോഗാരംഭത്തിൽ തന്നെ ഹൈക്കമാൻഡ് നിലപാടു വിശദീകരിച്ചു.

കെ. ബാബുവുമായി ബന്ധപ്പെട്ട വിഷയം ആദ്യം ഉന്നയിച്ചതു വി.എം. സുധീരനായിരുന്നു. തുടർന്നു പി.ജെ. കുര്യനും മുല്ലപ്പള്ളി രാമചന്ദ്രനും ബാബുവിന് അനുകൂലമായി രംഗത്തെത്തി. ബാബുവിനെതിരേ രാഷ്ട്രീയ പ്രതികാരനടപടി സ്വീകരിച്ചപ്പോൾ രാഷ്ട്രീയമായി പ്രതിരോധിക്കാതിരുന്നതു ശരിയായില്ലെന്ന് ഇരുവരും പറഞ്ഞു.


ഇതോടെ എ ഗ്രൂപ്പ് പ്രതിനിധികളും ബാബുവിനെ പിന്തുണച്ചെത്തി. തുടർന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇക്കാര്യത്തിൽ ഇടപെട്ടു സംസാരിച്ചു. ബാബുവിന്റെ കേസിൽ വിജിലൻസിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണു മനസിലാക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ആർക്കെതിരേയും അന്വേഷണം നടത്തുന്നതിനെ കോൺഗ്രസ് എതിർക്കില്ല. എന്നാൽ, രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അപമാനിക്കാനാണ് ശ്രമം. ഓരോ ദിവസവും തെറ്റായ വാർത്ത സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാബുവിനെതിരേയുള്ള അന്വേഷണത്തെ ഒരു തരത്തിലും പാർട്ടി പ്രതിരോധിക്കേണ്ടതില്ല. എന്നാൽ, രാഷ്ട്രീയ പകപോക്കലിനെ എതിർക്കണമെന്നു യോഗത്തിൽ പൊതുധാരണ ഉണ്ടായി. സംസ്‌ഥാനത്തെ നേതാക്കളുടെ പരിധിവിട്ട പ്രസ്താവനകളും അച്ചടക്കരാഹിത്യവും നിയന്ത്രിക്കുന്നതിനായി അച്ചടക്ക സമിതിക്കു രൂപം നൽകണമെന്നു നേരത്തേ ഹൈക്കമാൻഡ് പ്രതിനിധികൾ അറിയിച്ചു.

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അതിനാലാണു മറ്റ് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ മാറിനിന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇനി ഇടതുമുന്നണിയെ മാത്രമല്ല ബിജെപിയെയും നേരിടേണ്ടി വരും. ഈ വെല്ലുവിളികൾ മുന്നിൽക്കണ്ടാകണം പാർട്ടി പുനഃസംഘടന നടത്തേണ്ടത്.

പുനഃസംഘടനയുടെ ഷെഡ്യൂൾ പിന്നീടു തീരുമാനിക്കും. കേരളത്തിലെ തർക്കം രാഷ്ട്രീയകാര്യസമിതിക്കു പരിഹരിക്കാനായില്ലെങ്കിൽ മറ്റാർക്കും തീർക്കാനാകില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപക് ബാബ്റിയ യോഗത്തിൽ പറഞ്ഞു.

ഉച്ചയ്ക്ക് 12.15നു തുടങ്ങിയ രാഷ്ട്രീയകാര്യ സമിതിയുടെ ആദ്യ യോഗം രാത്രി പത്തിനാണു സമാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.