നിയമസഭാ സമ്മേളനത്തിനു നാളെ തുടക്കം
നിയമസഭാ സമ്മേളനത്തിനു നാളെ തുടക്കം
Saturday, September 24, 2016 11:59 AM IST
<ആ> കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ സ്വാശ്രയ പ്രവേശനവും രാഷ്ട്രീയ കൊലപാതകങ്ങളും ഇടതു സർക്കാരിനു മേൽ വജ്രായുധമായി പ്രയോഗിക്കാനൊരുങ്ങി പ്രതിപക്ഷം. പ്രതിപക്ഷം തൊടുത്തുവിടുന്ന ഇത്തരം ആയുധങ്ങളെ സർക്കാരിന്റെ നൂറുദിന ഭരണനേട്ടങ്ങളും നടപ്പാക്കാനുദ്ദേശിക്കുന്ന ജനകീയ പദ്ധതികളും നിരത്തി നിർവീര്യമാക്കൊനാണു ഭരണപക്ഷം ഒരുങ്ങുന്നത്. യുഡിഎഫ് വിട്ടശേഷം പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കേരള കോൺഗ്രസ്–എം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടും നിയമസഭാ സമ്മേളനത്തിൽ ശ്രദ്ധേയമാകും.

പതിന്നാലാം കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം നവംബർ പത്തു വരെ നീളും. 29 ദിവസം നീളുന്ന സമ്മേളനത്തിൽ സംസ്‌ഥാനത്തു കത്തിനിൽക്കുന്ന രാഷ്ട്രീയ വിഷയങ്ങളെല്ലാം ചർച്ചയാകുമെന്നാണു പ്രതിപക്ഷ അംഗങ്ങൾ നൽകുന്ന സൂചന. ഇതോടൊപ്പം ജനങ്ങൾ അറിയിക്കുന്ന വിഷയങ്ങളും നിയമസഭയിലെത്തിയേക്കും. പതിവിൽ നിന്നു വ്യത്യസ്തമായി നിയമസഭയിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ നേരിട്ട് അറിയിക്കാൻ ജനങ്ങൾക്കും പ്രതിപക്ഷം അവസരം ഒരുക്കിയിരുന്നു.

സ്വാശ്രയ പ്രവേശനത്തിലെ കനത്ത ഫീസ് വർധനയ്ക്കെതിരേ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന സമരം അടുത്ത ദിവസങ്ങളിൽ തന്നെ നിയമസഭയ്ക്കുള്ളിലും കത്തിപ്പടരുമെന്നാണു യുഡിഎഫ് നേതാക്കൾ നൽകുന്ന സൂചന. എംഎൽഎമാരടക്കം സമരത്തിൽ സജീവമായിട്ടുണ്ട്. കണ്ണൂരിൽ അടക്കം സംസ്‌ഥാത്തെമ്പാടും സിപിഎമ്മും ബിജെപിയും നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും നിയമസഭയിൽ ചർച്ച ചെയ്യാനാണു പ്രതിപക്ഷ തീരുമാനം. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് ഏർപ്പെടുത്തിയ അധികനികുതി പിൻവലിച്ചില്ലെങ്കിൽ ഇതിനെതിരേയും ശക്‌തമായ നിലപാടു സ്വീകരിക്കും. പ്രതിപക്ഷ നേതാക്കളെ ഒതുക്കാൻ വിജിലൻസിനെ ഉപയോഗിക്കുന്ന സർക്കാർ ശൈലിക്കെതിരേയും വിമർശനം ഉണ്ടായേക്കാം.

100 ദിവസം പിന്നിട്ട സർക്കാരിന്റെ ഭരണനേട്ടങ്ങളായി കരുതുന്ന കാര്യങ്ങൾ എടുത്തുകാട്ടി പ്രതിപക്ഷ വിമർശനങ്ങളെ നേരിടാനാവും ഭരണപക്ഷം ശ്രമിക്കുക. പുറത്തു പ്രതിപക്ഷത്തിന് ഇതുവരെ കാര്യമായ സമരം നടത്താൻ പോലും അവസരം ലഭിച്ചിട്ടില്ലെന്നാണു ഭരണപക്ഷ അംഗങ്ങൾ പറയുന്നത്. കുടുംബ ഭാഗപത്ര നികുതി വർധനയ്ക്കെതിരേ മാത്രമാണ് യുഡിഎഫിനു സമരം ചെയ്യാൻപോലും സാധിച്ചതെന്നും അവർ പറയുന്നു.


ബാർ കോഴ കേസിൽ കുടുക്കി എന്നാരോപിച്ച് കോൺഗ്രസിലെ ഒരു വിഭാഗവുമായി തെറ്റി യുഡിഎഫ് വിട്ടശേഷം പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കേരള കോൺഗ്രസിന്റെ നിലപാടുകളും ചർച്ച ചെയ്യപ്പെടും. നല്ല കാര്യങ്ങൾ ചെയ്താൽ സർക്കാരിന് അനുകൂലമായ നിലപാടു സ്വീകരിക്കുമെന്നും മോശം നിലപാടു സ്വീകരിച്ചാൽ വിമർശിക്കുമെന്നുമാണു കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി വ്യക്‌തമാക്കിയിട്ടുള്ളത്. എന്നാൽ, പ്രതിപക്ഷത്തോടുള്ള കേരള കോൺഗ്രസ് സമീപനം ഇനിയും വ്യക്‌തമാക്കിയിട്ടില്ല. നിയമസഭയിൽ സ്വീകരിക്കുന്ന ഈ സമീപനമാകും ഏറെ ചർച്ച ചെയ്യപ്പെടാനിരിക്കുന്നതും.

2016–17 സാമ്പത്തികവർഷത്തെ ബജറ്റ് പാസാക്കുകയാണു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ധനാഭ്യർഥന ചർച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കായി അഞ്ചു ദിവസവും നീക്കിവച്ചിട്ടുണ്ട്.

സമ്മേളനത്തിന്റെ ആദ്യദിനംതന്നെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഭേദഗതി ബിൽ, കേരള അടിസ്‌ഥാനസൗകര്യ നിക്ഷേപനിധി ഭേദഗതി ബിൽ എന്നിവ എത്തുന്നുണ്ട്.

മഹാനവമി, വിജയദശമി, മുഹറം എന്നിവ വരുന്ന ഒരാഴ്ച സഭ ചേരില്ല. ഒക്ടോബർ 27നു ധനവിനിയോഗ ബില്ലിെൻറ ചർച്ചയും അവതരണവും 31ന് ഉപധനാഭ്യർഥനകളുടെ ചർച്ചയും നടക്കും.

നിയമസഭാ സമിതി റിപ്പോർട്ടുകൾ സഭയ്ക്കുള്ളിൽ ചർച്ചയാകുന്നതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാകും. ഇത്തരം റിപ്പോർട്ടുകൾ ഇരുട്ടിലിരിക്കുന്നതു ശരിയല്ലെന്ന അഭിപ്രായത്തെ തുടർന്നാണു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇത്തരമൊരു നിലപാടു സ്വീകരിച്ചിട്ടുള്ളത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി ബില്ലും സമ്മേളന കാലത്ത് എത്തിയേക്കും.

രാജ്യം പുതുതായി നടപ്പാക്കുന്ന ചരക്കു–സേവന നികുതി ബില്ലിനു വേണ്ട ഭരണഘടനാഭേദഗതി ബിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ കേരള നിയമസഭ പ്രത്യേകം പാസാക്കേണ്ടതില്ലെങ്കിലും നിയമത്തിലെ വ്യവസ്‌ഥകളെയും നിയമം നടപ്പാക്കുന്നതുമൂലം ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തിന്റെ നികുതിഘടനയിൽ സംഭവിക്കാവുന്ന മാറ്റങ്ങളെയും സംബന്ധിച്ചുള്ള പ്രത്യേക പരാമർശം ധനമന്ത്രി സഭയിൽ നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.