സ്വാശ്രയപ്രശ്നത്തിൽ യൂത്ത് കോൺഗ്രസ്– കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധം
സ്വാശ്രയപ്രശ്നത്തിൽ യൂത്ത് കോൺഗ്രസ്– കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധം
Saturday, September 24, 2016 11:44 AM IST
തിരുവനന്തപുരം: സാശ്രയ പ്രഫഷണൽ കോളജുകളിലെ ഫീസ് വൻതോതിൽ വർധിപ്പിച്ചതിനെതിരേ തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്– കെഎസ്യു പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. കെഎസ്യു പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. സെക്രട്ടേറിയറ്റിനു സമീപം നബാർഡ് ആസ്‌ഥാനത്തിനു മുന്നിൽ വച്ചാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയത്.

കരിങ്കൊടി കാണിച്ച പ്രവർത്തകരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രി കെ. രാജുവിന്റെ വാഹനം തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പരിക്കേറ്റു.

സ്വാശ്രയ കരാറിലൂടെ സ്വകാര്യ മെഡിക്കൽ മാനേജ്മെന്റുകളെ സർക്കാർ സഹായിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്‌ഥാന നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരക്കാർക്ക് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തിയിരുന്നു. ഇതിനിടയിൽ സമരപ്പന്തലിനു മുന്നിലൂടെ സെക്രട്ടേറിയറ്റിലേക്കു വരികയായിരുന്ന മന്ത്രി കെ. രാജുവിന്റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.

മന്ത്രിയുടെ വാഹനത്തിനു മുന്നിൽ നിന്നു പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും മന്ത്രിയെ പോകാൻ അനുവദിക്കില്ലെന്നു പറയുകയും ചെയ്തു.

സ്‌ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്‌ഥർ പ്രവർത്തകരോടു പിന്മാറണമെന്നാവശ്യപ്പെട്ടു. എന്നാൽ, മന്ത്രിയെ പോകാൻ അനുവദിക്കില്ലെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചുനിന്നു.


ഇതോടെ പോലീസ് ബലംപ്രയോഗിച്ച് പ്രവർത്തകരെ മാറ്റാൻ ശ്രമിച്ചു. കൂടുതൽ പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധം ശക്‌തമാക്കിയപ്പോൾ പോലീസ് ലാത്തിവീശി. അതോടെ സമരപ്പന്തലിനു മുന്നിൽ സംഘർഷാവസ്‌ഥ ഉടലെടുത്തു.

സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ അനീഷ് വരിക്കണ്ണാമല, ഷോൺ പല്ലിശേരി, ബി.എസ്. അനൂപ്, ശാസ്താംകോട്ട സുധീർ എന്നിവർക്കു പരിക്കേറ്റു.

സംഘർഷം വ്യാപിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, നേതാക്കളായ കെ. സുധാകരൻ, പി.സി.ചാക്കോ, പന്തളം സുധാകരൻ, ജോസഫ് വാഴയ്ക്കൻ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ സ്‌ഥലത്തെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു. നേതാക്കൾ സമരവേദി വിട്ടുപോയതിനു ശേഷവും സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

സർക്കാരിന്റെയും ഇടതുപാർട്ടികളുടെയും ഫ്ളക്സ് ബോർഡുകൾ പ്രവർത്തകർ തകർത്തു. ബാരിക്കേഡുകൾ തള്ളിമാറ്റി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവർത്തകർ കയറാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷങ്ങളെ തുടർന്ന് ഏറെ നേരം എംജി റോഡിൽ ഗതാഗത തടസമുണ്ടായി.

കൂടുതൽ പ്രതിഷേധങ്ങൾ മുന്നിൽ കണ്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ പോലീസ് ശക്‌തമാക്കി. സമരപ്പന്തലിനു സമീപവും പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.