കൊച്ചൗവ പൗലോ തിയറ്ററിൽ കേൾക്കാൻ’പോയ അന്ധവിദ്യാർഥികളെ കുഞ്ചാക്കോ ബോബൻ കണ്ടു
കൊച്ചൗവ പൗലോ തിയറ്ററിൽ കേൾക്കാൻ’പോയ അന്ധവിദ്യാർഥികളെ കുഞ്ചാക്കോ ബോബൻ കണ്ടു
Friday, September 23, 2016 1:08 PM IST
<ആ>വി.ആർ. അരുൺകുമാർ ?

കോട്ടയം: തിയറ്ററിൽ മുഴങ്ങിയ ശബ്ദത്തിലൂടെ കൊച്ചൗവയെ “കണ്ട’ ഒളശ അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾ നടൻ കുഞ്ചാക്കോ ബോബനെ തിരിച്ചറിഞ്ഞു. ഉദയ നിർമിച്ച കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രം കാണാൻ കോട്ടയം രമ്യ തിയറ്ററിൽ പോയ കുട്ടികളെ കാണാൻ കുഞ്ചാക്കോ ഇന്നലെ ഒളശ സ്കൂളിലെത്തിയപ്പോൾ ഏവർക്കും വിസ്മയം. ഇന്നലെ ഉച്ചയോടെ സ്കൂളിലെത്തിയ ചാക്കോച്ചൻ നിമിഷനേരം കൊണ്ട് കുട്ടികളിലൊരാളായി മാറി. എല്ലാവർക്കും സുഖമാണോ... എന്നു ചോദിച്ചുകൊണ്ടാണു വിദ്യാർഥികളെ അദ്ദേഹം കൈയിലെടുത്തത്. കഴിഞ്ഞ 21നു കോട്ടയം രമ്യ തിയറ്ററിൽ അന്ധവിദ്യാലയത്തിലെ 40 വിദ്യാർഥികൾ അയ്യപ്പ കൊയലോ സിനിമ കാണാനെത്തിയ വിവരം സുഹൃത്തു വഴി കുഞ്ചാക്കോ ബോബൻ അറിയാനിടയായി.

കാഴ്ചയില്ലെങ്കിലും ചിലർക്കെങ്കിലും ഒരു നിഴൽപോലെ സ്ക്രീനിലെ ചിത്രങ്ങൾ കാണാനായി. ചിലർ ശബ്ദം മാത്രമേ കേട്ടുള്ളു. സംഭാഷണങ്ങളും ഗാനങ്ങളും നന്നായി ആസ്വദിച്ച കുട്ടികൾ തിയറ്ററിൽ നിറഞ്ഞ കൈയടി സമ്മാനിച്ചാണു സ്കൂളിലേക്ക് മടങ്ങിയതത്രെ.

പലരും സിനിമയിലെ ഡയലോഗുകളും ഗാനങ്ങളും കാണാതെ പഠിക്കുകയും ചെയ്തു.


ഇന്നലെ ഉച്ചകഴിഞ്ഞു 1.30നു അന്ധവിദ്യാലയത്തിലെത്തിയ കുഞ്ചാക്കോ ബോബനെ ഹെഡ്മാസ്റ്റർ ഇ.ജെ. കുര്യൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. കുഞ്ചാക്കോ ബോബൻ വിദ്യാർഥികളുമായി സിനിമാ വിശേഷങ്ങൾ പങ്കുവച്ചു.

സിനിമയിലെ സംഭാഷണങ്ങൾ ഏറെ ഇഷ്ടപ്പെട്ടതായി വിദ്യാർഥികൾ പറഞ്ഞു. ഉൾക്കാഴ്ച കൊണ്ട് സിനിമ കണ്ടവരാണ് സ്കൂളിലെ വിദ്യാർഥികളെന്നും അവരെ കാണാനും അവരോടൊപ്പം ചെലവഴിക്കാനും സാധിച്ചത് ജീവിതത്തിലെ സുവർണനിമിഷങ്ങളിൽ ഒന്നാണെന്നും നടൻ പറഞ്ഞു.

നമ്മൾ ആരാകണമെന്നാഗ്രഹിക്കുന്നുവോ ആ ആഗ്രഹം തീവ്രമാണെങ്കിൽ ഈ ലോകം മുഴുവൻ നമ്മുടെ കൂടെയുണ്ടാകും എന്ന കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ എന്ന സിനിമയിലെ ഹിറ്റ് ഡയലോഗ് കുഞ്ചാക്കോ ബോബനു മുന്നിൽ അവതരിപ്പിച്ച് ജോബിൻ എന്ന വിദ്യാർഥി കൈയടി നേടി.

വിദ്യാർഥികളോടൊപ്പമിരുന്നു ഭക്ഷണം കഴിച്ച കുഞ്ചാക്കോ ബോബൻ, സെൽഫിയെടുക്കാനും വിശേഷങ്ങൾ ചോദിച്ചറിയാനും സമയം കണ്ടെത്തി. സിനിമയുടെ സംവിധായകൻ സിദ്ധാർഥ് ശിവയും അണിയറ പ്രവർത്തകരും താരത്തിനൊപ്പമുണ്ടായിരുന്നു. കോട്ടയം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിലും കുഞ്ചാക്കോ ബോബൻ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.