നെടുമ്പാശേരിയിൽനിന്ന് ഇന്നലെ 1,000 ഹജ്‌ജ് തീർഥാടകർ പുറപ്പെട്ടു
Saturday, August 27, 2016 11:11 AM IST
നെടുമ്പാശേരി: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി വഴി ഹജ്‌ജ് കർമം നിർവഹിക്കുന്നതിനായി 1,000 തീർഥാടകർ കൂടി ഇന്നലെ നെടുമ്പാശേരിയിൽനിന്നു യാത്രയായി. വൈകുന്നേരം 4.35നും 5.35നും രാത്രി 12നുമാണ് മൂന്നു വിമാനങ്ങളിലായി തീർഥാടകർ യാത്രയായത്. വിമാന ഷെഡ്യൂളിൽ മാറ്റം വന്നതിനെത്തുടർന്ന് വെള്ളിയാഴ്ച പുറപ്പെടാൻ കഴിയാതിരുന്ന 100 തീർഥാടകരും ഇന്നലെയാണു പുറപ്പെട്ടത്.

ഇന്നലെ വൈകുന്നേരം 4.35ന് പുറപ്പെട്ട വിമാനത്തിൽ 250 പേരും 5.35ന് പുറപ്പെട്ട വിമാനത്തിൽ 300 പേരും രാത്രി 12ന് പുറപ്പെട്ട വിമാനത്തിൽ 450 പേരുമാണു യാത്രയായത്. ഇന്നു മുതൽ നെടുമ്പാശേരിയിൽനിന്നുള്ള ഹജ്‌ജ് വിമാന സർവീസുകൾ നേരത്തെ ഷെഡ്യൂൾ ചെയ്ത അടിസ്‌ഥാനത്തിൽ തുടരുമെന്നു സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു. സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 വിമാന സർവീസുകളാണ് നെടുമ്പാശേരിയിൽനിന്നു യാത്ര പുറപ്പെടാൻ തയാറാക്കിയിരുന്നത്.


ഇതിൽ ഒരു സർവീസ് ഒഴികെ ബാക്കി എല്ലാ സർവീസുകളും 450 പേർ കയറാവുന്ന ജംബോ വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്.

എന്നാൽ, നെടുമ്പാശേരിയിലേക്കുള്ള സർവീസിന് സൗദി എയർലൈൻസ് തയാറാക്കി നിർത്തിയിരുന്ന ഒരു ജംബോ വിമാനത്തിനു സൗദി വ്യോമയാന മന്ത്രാലയം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നതാണു വിമാന ഷെഡ്യൂളുകൾ മാറാൻ കാരണമായത്. ഇതേതുടർന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മൂന്നു വിമാനങ്ങൾ വീതമാണു തീർഥാടകരുമായി നെടുമ്പാശേരിയിൽനിന്നു യാത്രയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.