ഡിസിഎൽ
ഡിസിഎൽ
Thursday, August 25, 2016 12:16 PM IST
<ആ>കോട്ടയം പ്രവിശ്യാ തെരഞ്ഞെടുപ്പും ഓർഗനൈസേഴ്സ് മീറ്റും 10–ന്

കോട്ടയം: ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യാ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 10–ാം തീയതി രാവിലെ 10–ന് പാലാ സെന്റ് മേരീസ് എൽപി സ്കൂളിൽ വച്ച് നടക്കും. മേഖലകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്കാണ് പ്രവിശ്യ ഭാരവാഹികളായി മത്സരിക്കാൻ അർഹതയുള്ളത്.

ജനറൽ ലീഡർ, ഡെപ്യൂട്ടി ലീഡർ, രണ്ടു ജനറൽ സെക്രട്ടറി മാർ, പ്രോജക്ട് സെക്രട്ടറി, ട്രഷറർ, രണ്ടു കൗൺസിലർമാർ (ആൺകു ട്ടികളുടെയും പെൺകു ട്ടികളുടെയും വിഭാഗത്തിൽനിന്ന്) എന്നിവരെ യാണ് തെരഞ്ഞെടുക്കുന്നത്. എല്ലാ മേഖലാ ഓർഗനൈസർമാരും മേഖലാ കൗൺസിലർമാരും പങ്കെടുക്കണമെന്ന് കോ–ഓർഡിനേറ്റർ പി.റ്റി. തോമസ് അറിയിച്ചു.

<ആ>കൊച്ചേട്ടന്റെ കത്ത് / പഞ്ചറായ ടയറിനു പറയാനുള്ളത്

സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

രാത്രി രണ്ടുമണി കഴിഞ്ഞ സമയം. ഞങ്ങളുടെ വാഹനം ആറ്റിങ്ങലെത്തുന്നതേയുള്ളൂ. പെട്ടെന്ന്, വാഹനമോടിച്ചിരുന്ന സുഹൃത്തു പറഞ്ഞു, ‘ടയർ പഞ്ചറായി!’ യാത്രയുടെ വേഗത മുറിഞ്ഞതിലുള്ള അമർഷം പരസ്പരം പ്രകടിപ്പിക്കാതെ ഞങ്ങൾ പുറത്തിറങ്ങി. ‘‘വണ്ടിയൊതുക്കാൻ വീതിയുള്ളിടത്തുതന്നെ ടയർ പഞ്ചറായതു ഭാഗ്യം!’’ ചങ്ങാതി ഗതിയുടെ വിധിയിൽ ഭാഗ്യത്തിന്റെ സ്റ്റിക്കറൊട്ടിച്ചുകൊണ്ടു പറഞ്ഞു. ‘സ്റ്റെപ്പിനി ടയറിൽ കാറ്റു നിറച്ചുവച്ചിട്ട് മാസങ്ങളായി’. ആശങ്കയ്ക്ക് അദ്ദേഹംതന്നെ വിരാമമിട്ടു. സ്റ്റെപിനിയിൽ ആവശ്യത്തിനു കാറ്റുണ്ട്. നട്ടപ്പാതിരായ്ക്ക് ഞങ്ങൾ കാറ്റുപോയ ടയർ മാറ്റി സ്റ്റെപ്പിനിയിട്ട് യാത്ര തുടർന്നു. കാറ്റുപോയ ടയർ, പല്ലുപോയി ഒട്ടിയ വായടച്ചു വിതുമ്പുന്ന ഒരു വല്യപ്പനെപ്പോലെ ഉപയോഗശൂന്യമായി കാറിന്റെ ഡിക്കിയിൽ കിടന്നു!

യാത്ര തുടർന്നിട്ടും സഹയാത്രികനായ സുഹൃത്തിന് കാറ്റുപോയ ടയറിനോടുള്ള കലിപ്പു തീരുന്നില്ല. ‘ഇതൊന്നും നല്ല ടയറല്ല! എല്ലാം തട്ടിപ്പാണ്’ എന്ന വാക്കുകൾകൊണ്ട് പഞ്ചറായ ടയറിനെ വീണ്ടും ഇഞ്ചിഞ്ചായി കുത്തിമുറിച്ചു. ‘‘നാല്പതിനായിരത്തിലധികം കിലോമീറ്റർ ഓടിയ ടയറാണിത്. ആദ്യമായിട്ടാ പഞ്ചറാകുന്നത്.’’ പഞ്ചറായ ടയറിന്റെ മുറിവുകളിൽ വാക്കുകൾകൊണ്ടു സ്നേഹം വച്ചുകെട്ടി സുഖം പകർന്നത് ഡ്രൈവർതന്നെയാണ്. പഞ്ചറാകാതിരിക്കുമ്പോൾ എല്ലാ ടയറുകളോടും നമുക്കു സ്നേഹമാണ്. പഞ്ചറാകുന്ന ടയറുകളോട് പുച്ഛവും. ഈ മനോഭാവം ശരിയാണോ എന്ന ചോദ്യം പാതിമയക്കത്തിൽ ഞങ്ങളുടെ മനസിന്റെ നീതിബോധത്തെ കുത്തിമുറിച്ചുകൊണ്ടിരുന്നു.

പുതിയ ടയർ വാങ്ങുമ്പോൾ, നല്ല ഗ്രിപ്പാണ്, ട്യൂബ്ലെസാണ് എന്നൊക്കെ വിശേഷിപ്പിച്ച് നാം ഓമനിക്കുന്നു. എന്നാൽ, ഓടിയോടി തേഞ്ഞുതീരുമ്പോൾ ആ ടയർ മൊട്ടയായി എന്നു വിളിച്ച് ആക്ഷേപിക്കുന്നു! വെറുതേയിരിക്കുന്ന ഒരു ടയറിനും തേഞ്ഞുതീർന്ന് ഗ്രിപ്പു നഷ്ടപ്പെടുകയില്ല. ഓടാതെയിരിക്കുന്ന ഒരു ടയറും പഞ്ചറാകുന്നുമില്ല. എന്നാലും പഞ്ചറാകുന്ന ടയറുകൾക്ക് യാത്രക്കാർ എന്നും നൽകുന്നത് ചവിട്ടും തൊഴിയുംതന്നെ!

നമ്മുടെ ജീവിതത്തിലും നമ്മുടെ വീട്ടിലും ഒന്നു നോക്കിയാൽ ഓടിത്തേഞ്ഞ് മൊട്ടയായി, ഗ്രിപ്പുപോയി, പഞ്ചറായിക്കിടക്കുന്ന നിരവധി ടയറുകൾ കാണാം. കാറ്റുനിറയ്ക്കാനാവാത്ത ടയറുകൾ, കുട്ടികൾക്ക് കളിപ്പാട്ടമായി മാറുകയാണു പതിവ്. എത്ര വലിയ വണ്ടിയുടെ ചലനശേഷി നിയന്ത്രിച്ച ടയറാണെങ്കിലും തേഞ്ഞുതീർന്നാൽ കളിപ്പാട്ടമാണ്. എത്ര വലിയ സ്‌ഥാനമാനങ്ങൾവഹിച്ചവരായാലും തേഞ്ഞുതീർന്നാൽ അടുത്ത തലമുറയുടെ കളിപ്പാട്ടമാണ്. അവർ പുതുതലമുറയ്ക്ക് ചവിട്ടാനും തൊഴിക്കാനും ആനയാകാനും കഴുതയാകാനുമുള്ള വിധി ശിഷ്ടായുസിന്റെ ഗതിയാക്കിമാറ്റുന്നു!


പഞ്ചറായ ടയറുമായി യാത്ര തുടരാനാകില്ല. പഞ്ചറൊട്ടിച്ച് കാറ്റുനിറച്ചാൽ യാത്ര തുടരാം. എന്നാൽ, ജീവിതത്തിൽ നമ്മുടെ ജീവിത വണ്ടിക്കു ചക്രമായവർ, നമ്മുടെ ഭാരം താങ്ങി, സ്വയം തേഞ്ഞുതീർന്നവർ... ഇന്ന് പലപ്പോഴും കാറ്റുപോയ ടയറിനെപ്പോലെ കവിളൊട്ടി, ചുക്കിച്ചുളിഞ്ഞ് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഡിക്കിയിൽ ഒറ്റയ്ക്കു കിടന്നു വിങ്ങുന്നുണ്ടാവാം... നമ്മുടെ യാത്ര സുഗമമാക്കിയ എല്ലാ ചക്രങ്ങളും നമുക്കുവേണ്ടി ഉരഞ്ഞുതേഞ്ഞ വഴികൾ നമുക്കു മറിക്കാതിരിക്കാം. നന്ദി നഷ്ടമാകാത്തവരാകാം.

സസ്നേഹം, <യൃ><യൃ>സ്വന്തം കൊച്ചേട്ടൻ

<ആ>ആലപ്പുഴ പ്രവിശ്യ: അശ്വിനും അപർണയും കൗൺസിലർമാർ, കൃഷ്ണേന്ദു ലീഡർ

ആലപ്പുഴ: ദീപിക ബാലസഖ്യം ആലപ്പുഴ പ്രവിശ്യാ ലീഡറായി ആലപ്പുഴ സെന്റ് ആന്റണീസ് ജി.എച്ച്.എസിലെ എ. കൃഷ്ണേന്ദു തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്കൂളിലെ അശ്വിൻ ബിജു ജോസഫ്, കൈനകരി ഹോളി ഫാമിലി ജിഎച്ച്എസിലെ അപർണ സജീവ് എന്നിവരാണ് കൗൺസിലർമാർ.

കാവിൽ സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ ഫർഹാൻ മുഹമ്മദ് ഡെപ്യൂട്ടി ലീഡറായും ചേന്നങ്കരി ദേവമാതാ ഹൈസ്കൂളിലെ ജോയൽ കെ. ജോസഫ്, ചേർത്തല സെന്റ് മേരീസ് ജിഎച്ച്എസിലെ അഗ്ന റോസ് പത്രോസ് എന്നിവർ ജനറൽ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രോജക്ട് സെക്രട്ടറിയായി കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ജെസ്മിൻ ജെയ്മോനും ട്രഷററായി പുളിങ്കുന്ന് കെ.ഇ. കാർമൽസ്കൂളിലെ ജെസിൽ വർഗീസും തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പിന് പ്രവിശ്യാ കോ–ഓർഡിനേറ്റർ വി.കെ. മറിയാമ്മ, മേഖലാ ഓർഗനൈസർമാർ, പ്രവിശ്യാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

<ആ>ഡിസിഎൽ മൂലമറ്റം മേഖലയിൽ അക്ഷയനിധി ഉദ്ഘാടനം

മൂലമറ്റം: ഡിസിഎൽ മൂലമറ്റം മേഖല വിദ്യാർഥികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘അക്ഷയനിധി’ പരിപാടി മേഖലാ ഓർഗനൈസർ റോയ് ജെ. കല്ലറങ്ങാട്ടിൽനിന്നും പുസ്തകകിറ്റ് സ്വീകരിച്ച് പ്രശസ്ത കവി ആന്റണി മുനിയറ ഉദ്ഘാടനം ചെയ്തു.

സെന്റ് ജോർജ് യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസിയമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. മേഖലയിലെ സ്കൂൾ ലൈബ്രറികളിലേക്ക് പുസ്തക ശേഖരണവും വിതരണവും ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു. പദ്ധതിയുമായി സഹകരിക്കാൻ താത്പര്യമുള്ളവർ മേഖലാ ഓർഗനൈസർ റോയി ജെ. കല്ലറങ്ങാടുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9497279347.

<ആ>കൊല്ലം പ്രവിശ്യാ തെരഞ്ഞെടുപ്പ് സെപ്റ്റം. മൂന്നിന്

കൊട്ടാരക്കര: ദീപിക ബാലസഖ്യം കൊല്ലം പ്രവിശ്യാ തെരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നാംതീയതി നടക്കും. അടൂർ ഹോളിഏഞ്ചൽസ് പബ്ലിക് സ്കൂളിൽ രാവിലെ 10–നാണ് തെരഞ്ഞെടുപ്പ്. എല്ലാ മേഖലാ കൗൺസിലർമാരും ഓർഗനൈസർമാരും എത്തിച്ചേരണമെന്നു പ്രവിശ്യാ കോ–ഓർഡിനേറ്റർ സിജു ജോർജ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.