സർക്കാർ നടപടിക്കെതിരേ സ്വാശ്രയ മെഡിക്കൽ കോളജുകൾ ഹൈക്കോടതിയിൽ
സർക്കാർ നടപടിക്കെതിരേ സ്വാശ്രയ മെഡിക്കൽ കോളജുകൾ ഹൈക്കോടതിയിൽ
Tuesday, August 23, 2016 4:31 PM IST
കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളടക്കം മുഴുവൻ സീറ്റുകളും പിടിച്ചെടുത്ത സംസ്‌ഥാന സർക്കാരിന്റെ നടപടി ചോദ്യംചെയ്തു കേരള ക്രിസ്ത്യൻ പ്രഫഷണൽ കോളജ് മാനേജ്മെന്റ്െ ഫെഡറേഷൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സ്വാശ്രയ മേഖലയിലേയും കൽപിത സർവകലാശാലകളിലേയും മുഴുവൻ മെഡിക്കൽ–ഡെന്റൽ സീറ്റുകളിലേക്കുമുള്ള പ്രവേശനം പരീക്ഷാ കമ്മീഷണർ നടത്തുമെന്നു വ്യക്‌തമാക്കി കഴിഞ്ഞ 20നു സംസ്‌ഥാന സർക്കാർ കൊണ്ടുവന്ന ഉത്തരവിനെതിരേയാണു ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമെന്ന പേരിൽ സംസ്‌ഥാന സർക്കാർ കൊണ്ടുവന്ന ഉത്തരവ് നിയമവിരുദ്ധമാണെന്നും സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. സുപ്രീംകോടതി നൽകിയ ഉത്തരവുകൾക്കു വിരുദ്ധമാണു സംസ്‌ഥാന സർക്കാരിന്റെ തീരുമാനമെന്നു ഹർജിക്കാർ പറയുന്നു.

ടി.എം.എ. പൈ കേസിൽ സുപ്രീംകോടതി കോളജ് മാനേജ്മെന്റുകൾക്കു നൽകിയിട്ടുള്ള അധികാരത്തിലുള്ള കടന്നുകയറ്റമാണു സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. മാത്രമല്ല ഭരണഘടനയുടെ 19(1)(ജി) പ്രകാരം വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തുന്നതിനും ഹർജിക്കാർക്കു പ്രത്യേക അധികാരമുണ്ടെന്നും ഇതിനെതിരായ നടപടികൾ നിയമപരമല്ലെന്നും ഹർജിയിൽ പറയുന്നു.

ന്യൂനപക്ഷ മാനേജ്മെന്റ്ിന്റെ കീഴിലുള്ള വിദ്യാഭ്യാസ്‌ഥാപനങ്ങൾക്കു പ്രത്യേക അവകാശങ്ങൾ ഭരണഘടന ഉറപ്പാക്കിയിട്ടുണ്ട്. ഇതു വ്യക്‌തമാക്കി വിവിധ സൂപ്രീംകോടതി ഉത്തരവുകളുണ്ട്. ഇവ പാലിക്കാതെയാണു സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.


കരാറിനു വിരുദ്ധമായി സർക്കാർ കൊണ്ടുവന്ന നിയമവിരുദ്ധ ഉത്തരവ് ഈവർഷത്തെ മെഡിക്കൽ പ്രവേശനത്തിന്റെ താളം തെറ്റിക്കും. മുമ്പ് സംസ്‌ഥാന സർക്കാർ തന്നെ മുൻകൈയടുത്ത് ഉണ്ടാക്കിയ വ്യവസ്‌ഥകൾ പ്രകാരം അൻപതു ശതമാനം സീറ്റിൽ പ്രവേശം നടത്തുന്നതിനു മാനേജ്മെന്റുകൾക്ക് അവകാശമുണ്ടായിരുന്നു. ഇതിലുള്ള മാറ്റം നിയമപരമല്ല.

വ്യക്‌തമായ നിബന്ധനകളുടെ അടിസ്‌ഥാനത്തിൽ പരീക്ഷ നടത്തി തയാറാക്കിയ റാങ്ക് ലിസ്റ്റിന്റെ അടിസ്‌ഥാനത്തിലാണു ഫെഡറേഷന്റെ കീഴിലുള്ള കോളജുകളിൽ മുമ്പ് പ്രവേശനം നൽകിയിരുന്നത്. 2016–17 ലെ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട പ്രോസ്പെക്ടസ് അസോസിയേഷൻ ജയിംസ് കമ്മിറ്റിക്കു നൽകുകയും അതു കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്‌ഥാനത്തിൽ 5000–ത്തോളം വിദ്യാർഥികൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തി. ഇതിനെല്ലാം ശേഷം സംസ്‌ഥാന സർക്കാർ ഏകപക്ഷീയമായി നിലപാട് മാറ്റുകയായിരുന്നു.പ്രവേശനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചശേഷം സംസ്‌ഥാന സർക്കാരിന്റെ ഇത്തരത്തിലുള്ള നിലപാട് ശരിയല്ലെന്നും റദ്ദാക്കണമെന്നുമാണു ഹർജിയിലെ ആവശ്യം. തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തൃശൂർ ജൂബിലി മിഷൻ, മലങ്കര ഓർത്തഡോക്സ് ചർച്ച് മെഡിക്കൽ കോളജ് കോലഞ്ചേരി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ–ഡെന്റൽ ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.