സേവനത്തിന്റെ സംസ്കാരം ലോകം മുഴുവൻ നൽകിയതു ക്രൈസ്തവ സമൂഹം: സ്പീക്കർ
സേവനത്തിന്റെ സംസ്കാരം ലോകം മുഴുവൻ നൽകിയതു ക്രൈസ്തവ സമൂഹം: സ്പീക്കർ
Tuesday, August 23, 2016 1:33 PM IST
തിരുവനന്തപുരം: സേവനത്തിന്റെ സംസ്കാരം ലോകം മുഴുവൻ നൽകിയത് ക്രൈസ്തവ സമൂഹം എന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. എഡി 52 മുതൽ മലങ്കരയിൽ ആരംഭിച്ച ഈ ശുശ്രൂഷ 20 നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും അതേ പാരമ്പര്യം നിലനിർത്തി മലങ്കര കത്തോലിക്കാ സഭ തുടരുന്നു. അതിന് ആഗോളതലത്തിൽ ലഭിച്ച അംഗീകാരമാണ് മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടേതെന്ന് സ്പീക്കർ പറഞ്ഞു.

മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ സാമൂഹിക സാമ്പത്തിക കൗൺസിൽ നൽകിയ പ്രത്യേക ഉപദേശക പദവിയോടനുബന്ധിച്ച് പട്ടം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ നടന്ന പ്രത്യേക ചടങ്ങിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു സ്പീക്കർ. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ അധ്യക്ഷനായിരുന്നു. സഭയുടെ തലവനായിരുന്ന മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി സ്‌ഥാപകൻ ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ആരംഭിച്ച ഏക ശുശ്രൂഷയാണ് ഇന്നും മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി തുടരുന്നതെന്ന് കാതോലിക്കാബാവാ പറഞ്ഞു.


ഐക്യരാഷ്ട്ര സംഘടനയിൽ നിന്നു ലഭിച്ച ഔദ്യോഗിക രേഖ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബോവസ് മാത്യുവിനു കൈമാറി. ചടങ്ങിൽ ബിഷപ് സാമുവൽ മാർ ഐറേനിയോസ്, മുൻ ചീഫ് സെക്രട്ടറിയും തിരുവനന്തപുരം മേജർ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ജോൺ മത്തായി, മുൻ ഡിജിപിയും മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി ഉപദേശക സമിതി ചെയർമാനുമായ ജേക്കബ് പുന്നൂസ്, ചീഫ് പ്രോഗ്രാം കോർഡിനേറ്റർ രാജൻ എം. കാരക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഹരിതപദ്ധതിയിൽ സമ്മാനാർഹരായവർക്കുള്ള അവാർഡുകളും കാഷ് അവാർഡും സ്പീക്കർ പി. ശ്രീരാമ കൃഷ്ണനും കാതോലിക്കാബാവായും വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.