വിജിലൻസ് ഉദ്യോഗസ്‌ഥർ ചമഞ്ഞു കവർച്ച: മുഴുവൻ പ്രതികളും വലയിൽ
Tuesday, August 23, 2016 1:33 PM IST
പെരുമ്പാവൂർ: വിജിലൻസ് ഉദ്യോഗസ്‌ഥർ ചമഞ്ഞു പട്ടാപ്പകൽ വീട്ടിൽനിന്നു സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി പെരുമ്പാവൂർ എംഎച്ച് കവലയിൽ താമസിക്കുന്ന ചെന്താര അജിംസ്(36), 13–ാം പ്രതി കടുങ്ങല്ലൂർ മുപ്പത്തടം വട്ടപ്പനപറമ്പിൽ റഹീസ് (20), 14–ാം പ്രതി കോട്ടപ്പുറം ആലങ്ങാട് മുട്ടുങ്ങൽ സനൂപ് (26) എന്നിവരെയാണ് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്. മഞ്ജു പോലീസ് കസ്റ്റഡിയിൽവിട്ടത്. കവർച്ച ആസൂത്രണം ചെയ്തവരാണ് അറസ്റ്റിലായ മൂന്നുപേരും. ഇവരെ ഇന്നലെ ഹാജരാക്കിയപ്പോൾ കോടതി 14 ദിവസത്തേക്കു ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ അപ്പോൾ തന്നെ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടു അപേക്ഷ നൽകിയതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണങ്ങൾക്കായി ഈ മാസം 29വരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

കവർച്ച സംഘത്തിലെ മുഴുവൻ പ്രതികളും വലയിലായതായി പോലീസ് പറഞ്ഞു. ഇവരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ചോദ്യം ചെയ്യുന്നുണ്ട്. പ്രാഥമികമായ ചോദ്യം ചെയ്യലിനുശേഷം മാത്രമേ കോടതിയിൽ ഹാജരാക്കൂ. മൊത്തം 14 പേരാണ് കവർച്ചാസംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം നിരവധി ക്രമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. തീവ്രവാദക്കേസിലെ പ്രതി തടിയന്റവിട നസീറുമായി അടുത്ത ബന്ധമുള്ള രണ്ടാം പ്രതി കണ്ണൂർ സ്വദേശി അബദുൾ ഹാലിം, മൂന്നാം പ്രതി കണ്ണൂർ സ്വദേശി തന്നെയായ ഹാരിസ്, നാലാം പ്രതി ഷംനാദ് ഉൾപ്പെടെയുള്ളവർ പോലീസ് കസ്റ്റഡിയിലുണ്ട്. തീവ്രവാദവുമായി കേസിനു ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തൽ വൈകുന്നത്. ഇന്നോ നാളെയോ ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. ഇവരേയും ദേശീയ സുരക്ഷാസേന(എൻഐഎ)ചോദ്യം ചെയ്യുന്നുണ്ട്. പെരുമ്പാവൂരിൽ ക്യാമ്പ് ചെയ്ത് രഹസ്യകേന്ദ്രത്തിലാണ് എൻഐഎ ഇവരെ ചോദ്യം ചെയ്യുന്നത്.


ഹാലിമിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അയാൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള വാർത്തയാണ് പുറത്തുവരുന്നത്. എന്നാൽ, ഇക്കാര്യം സ്‌ഥിരീകരിക്കാൻ പോലീസ് തയാറാകുന്നില്ല. സാധാരണഗതിയിൽ പിടിയിലാകുന്ന സമയത്ത് പ്രതികൾ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങൾ മാത്രമാണ് ഉണ്ടായതെന്നും പോലീസ് പറയുന്നു. ദീർഘദൂരം പിന്തുടർന്നാണ് പ്രതിയെ പിടിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ ശരിയല്ലെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം.

തടിയന്റവിട നസീർ, ബോംബ് നിർമാണ വിദഗ്ധൻ സൈനുദ്ദീൻ എന്ന സത്താർഭായ് എന്നിവരുടെ സംഘത്തിൽപ്പെട്ട മൂന്നാമനായാണ് അബ്ദുൾ ഹാലിം അറിയപ്പെട്ടിരുന്നത്. കോഴിക്കോട് ഇരട്ടബോംബ് സ്ഫോടനം, കളമശേരി ബസ് കത്തിക്കൽ കേസുകളിൽ 2009 ൽ പിടിയിലായപ്പോഴാണ് ഇയാളുടെ കുറ്റകൃത്യങ്ങൾ പുറത്തറിയുന്നത്. 2006 മാർച്ചിൽ കോഴിക്കോട് മൊഫ്യൂസിൽ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ നസീറിനൊപ്പം ചേർന്ന് ബോംബുവച്ച കേസിൽ 2009 ൽ പിടിക്കപ്പെട്ടപ്പോഴാണ് 2005 ൽ കളമശേരി ബസ് കത്തിക്കൽ സംഭവത്തിലും പങ്കാളിയാണെന്ന് ഹാലിം സമ്മതിച്ചത്.

ഇതിനിടെ കവർച്ച ചെയ്യപ്പെട്ട സ്വർണത്തിന്റെ ഒരു പങ്ക് കണ്ടെടുത്തതായും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം സ്‌ഥിരീകരിക്കാൻ പോലീസ് തയാറാകുന്നില്ല. തൊണ്ടിമുതൽ പൂർണമായും കണ്ടെത്താനാവാത്തതാണ് അവരെ കുഴയ്ക്കുന്നത്. കവർച്ചയ്ക്കായി ഉപയോഗിച്ച ഇന്നോവ ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.