ലോ ഫ്ളോർ ബസുകളേറെയും കട്ടപ്പുറത്തും കുറ്റിക്കാട്ടിലും
ലോ ഫ്ളോർ ബസുകളേറെയും കട്ടപ്പുറത്തും കുറ്റിക്കാട്ടിലും
Monday, August 22, 2016 1:36 PM IST
<ആ>ജെവിൻ കോട്ടൂർ

കോട്ടയം: കെഎസ്ആർടിസി അഭിമാനപൂർവം നിരത്തിലിറക്കിയ ലോ ഫ്ളോർ ഹൈടെക് ബസുകളേറെയും നിരത്തൊഴിയുന്നു. ഏറെയും കട്ടപ്പുറത്ത്. കുറെയെണ്ണം കാടുകയറി തുരുമ്പെടുക്കുന്നു. അറ്റകുറ്റപ്പണികൾ നടത്താൻ മെക്കാനിക്കുകൾക്കറിയില്ല, സ്പെയർ പാർട്സ് കിട്ടാനുമില്ല. നോൺ എസി ജൻറം ബസുകളുടെ സ്‌ഥിതിയും ഇതുതന്നെ.

കേന്ദ്ര സർക്കാർ സഹായത്തോടെ നഗരങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ 2009ലാ ണു ലോഫ്ളോർ പദ്ധതി നടപ്പാക്കിയത്. കെയുആർടിസിയുടെ ചുമതലയിലാണു ബസുകളുടെ സർവീസ്. എസിയും നോൺ എസിയുമായി സംസ്‌ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ 603 ബസുകളുണ്ട്. ശരാശരി 72 ലക്ഷം രൂപാവീതം മുടക്കിയാണു ഹൈടെക് ബസുകൾ വാങ്ങിയത്.

ലോ ഫ്ളോർ ബസുകൾ ഓയിൽ മാറാതെയും എൻജിൻ തകരാറുകൊണ്ടും ഗ്ലാസുകൾ തകർന്നുമൊക്കെയാണ് ഓട്ടം നിലച്ചത്. മിക്ക ബസുകളുടെയും എസി സംവിധാനവും തകരാറിലാണ്. അറ്റകുറ്റപ്പണികൾ നടത്തേണ്ട സ്വകാര്യ കമ്പനിയായ വിസ്റ്റയ്ക്കു കുടിശികയായ മൂന്നരക്കോടി രൂപ നൽകാത്തതിനാൽ കമ്പനി പിന്മാറിയിരിക്കുകയാണ്.

കുറഞ്ഞ ചെലവിൽ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കുമെങ്കിലും സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ പേരിൽ മറ്റ് ഏജൻസികളെ ആശ്രയിക്കാൻ സാധിക്കാത്ത അവസ്‌ഥയിലാണു കോർപറേഷൻ. വിപണിയിലുള്ളതിലും കൂടിയ നിരക്കാണ് ഏജൻസികൾ പണികൾക്ക് ഈടാക്കുന്നതെന്നു ജീവനക്കാർ പറയുന്നു. സ്വകാര്യ വോൾവോ ബസുകളുടെ ഓയിൽ 1200 രൂപയ്ക്കു മാറുമ്പോൾ കെഎസ്ആർടിസി വോൾവോയുടെ ഓയിൽ മാറാൻ 49,000 രൂപ വേണം. പുറത്ത് 5000 രൂപ വിലയുള്ള ഗ്ലാസുകൾ കൂടുതൽ തുക മുടക്കിയാണു കോർപറേഷൻ വാങ്ങുന്നതെന്നും ആരോപണമുണ്ട്. ആലപ്പുഴ അരൂരിലുള്ള സർവീസ് ഏജൻസി വഴിയാണു സംസ്‌ഥാനത്തെ എല്ലാ ഡിപ്പോകളിലുമുള്ള ലോഫ്ളോർ ബസുകളുടെ സർവീസിംഗ് നടത്തുന്നത്. കൂടുതൽ ബസുകളുള്ള തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ സർവീസ് ഏജൻസി ടെക്നീഷൻമാരെ നിയോഗിച്ചിട്ടുണ്ട്. ബാക്കി ഡിപ്പോകളിൽ രണ്ടു ജില്ലകൾക്ക് ഒരാൾ എന്ന നിലയിലാണു ടെക്നീഷന്മാരുള്ളത്. എന്നാൽ, വിസ്റ്റയ്ക്കു നല്കാനുള്ള തുക കുടിശികയായതോടെ ടെക്നീഷൻമാരുടെ സേവനവും നിലച്ചിരിക്കുന്നു.


കോട്ടയം ജില്ലയിൽ 33 ലോ ഫ്ളോർ ബസുകളാണുള്ളത്. ഇതിൽ 10എണ്ണം എസി ബസുകളാണ്. ആറെണ്ണം മാത്രമാണു സർവീസ് നടത്തുന്നത്. ബാക്കി നാലു ബസുകൾ തകരാറിലാണ്.

23 നോൺ എസി ബസുകളിൽ നാല് എണ്ണം തകരാറിലായി. ഇതിൽ കോട്ടയം ഡിപ്പോയുടെ മൂന്നും പൊൻകുന്നം ഡിപ്പോയുടെ ഒരെണ്ണവുമാണു കട്ടപ്പുറത്തിരിക്കുന്നത്. ലോ ഫ്ളോർ ബസുകളിൽ ഡ്യൂട്ടി ചെയ്യാൻ ജീവനക്കാർക്കും താത്പര്യക്കുറവാണ്. ബസുകൾക്കു വീതിയും നീളവും കൂടുലായതിനാലും ബസിന്റെ ബോഡിക്ക് ഉയരം കുറവായതിനാലും ഗ്രാമീണ മേഖലകളിലുടെ ബസ് സർവീസ് നടത്തുമ്പോൾ മിക്കപ്പോഴും തകരാറുണ്ടാവുകയാണ്. ലോ ഫ്ളോർ ബസുകളുടെ ഡ്രൈവിംഗ് സംവിധാനം മറ്റു ബസുകളെ അപേക്ഷിച്ചു വ്യത്യസ്തമാണ്. ഗിയർ സ്വിച്ചുകളിലാണ് പ്രവർത്തിക്കുന്നത്.

ഇടുങ്ങിയ റോഡുകളിൽ സൈഡ് നൽകാൻ പോലും ബുദ്ധിമുട്ടാണ്. ജില്ലയിലെ ചെറിയ സ്റ്റാൻഡുകളിൽ ബസുകൾ കയറി ഇറക്കാനും ബുദ്ധിമുട്ടാണ്. സമയത്ത് ഷെഡ്യുൾ പൂർത്തിയാക്കാനും ലോഫ്ളോർ ബസുകൾക്കാവുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.