മാതൃഭൂമി മുൻ പത്രാധിപർ കെ.കെ. ശ്രീധരൻനായർ അന്തരിച്ചു
മാതൃഭൂമി മുൻ പത്രാധിപർ കെ.കെ. ശ്രീധരൻനായർ അന്തരിച്ചു
Monday, August 22, 2016 1:31 PM IST
കൊച്ചി: മുതിർന്ന പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായ കെ.കെ.ശ്രീധരൻ നായർ (86) അന്തരിച്ചു. ഇന്നലെ രാത്രി ഏഴോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇടപ്പള്ളി ശ്മശാനത്തിൽ.

പെരുമ്പാവൂർ വേങ്ങൂർ ആക്കപിള്ളിൽ രാമൻ പിള്ളയുടെയും കല്ലേലിൽ പാറുക്കുട്ടി അമ്മയുടെയും മകനായ ശ്രീധരൻ നായർ 1953 ൽ സബ് എഡിറ്ററായാണ് മാതൃഭൂമിയിലെത്തുന്നത്. വിവിധ തസ്തികകളിൽ ജോലി ചെയ്തശേഷം 1990 ൽ മാതൃഭൂമി പത്രാധിപരായി. തുടർന്ന് 2000 മുതൽ 2014 വരെ മാതൃഭൂമിയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി സേവനം ചെയ്തു. ദീർഘനാൾ കോഴിക്കോടായിരുന്ന ശ്രീധരൻനായർ മൂന്നു വർഷത്തോളമായി കൊച്ചിയിലായിരുന്നു താമസം.

പത്രപ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേളപ്പജി സ്മാരക പുരസ്കാരം, വീരമാരുതി പുരസ്കാരം, ജെ.കെ.സ്മാരക പുരസ്കാരം, കേരള മഹാത്മജി സ്മാരക പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മലബാർ ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറി, പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റിയംഗം, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് ജോയിന്റ് സെക്രട്ടറി, വൈസ്പ്രസിഡന്റ്, എറണാകുളം പ്രസ്ക്ലബ് സെക്രട്ടറി, പ്രസ് അക്കാദമി അംഗം തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിരുന്നു. അമേരിക്ക, ജർമനി, ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുകയും രാജ്യാന്തര പ്രാധാന്യമുള്ള ഒട്ടേറെ വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാതൃഭൂമി പത്രാധിപസമിതിയംഗമായിരുന്ന പരേതയായ പത്മിനിയാണ് ഭാര്യ. മക്കൾ: ഇന്ദിര എസ്.നായർ, എസ്.അജിത് കുമാർ (ഫ്യുജി ടെക്നിക്കൽ സർവീസസ്). മരുമക്കൾ: ഡോ.പി.രമേഷ് നായർ (റിട്ട.നേവി), സരോജം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.