തീവ്രവാദത്തിനെതിരേ വിജയപുരം രൂപതയിൽ ഇന്നു പ്രാർഥനാ ദിനം
Saturday, July 30, 2016 12:07 PM IST
കോട്ടയം: ലോകത്തിൽ നടക്കുന്ന അക്രമത്തിനും തീവ്രവാദത്തിനുമെതിരേ വിജയപുരം രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും സ്‌ഥാപനങ്ങളിലും ഇന്നു പ്രത്യേക അനുസ്മരണ പ്രാർഥനയും കരുണയുടെ ജപമാലയും പരിഹാരപ്രദക്ഷിണവും നടത്തും. അക്രമത്തിനും തീവ്രവാദത്തിനുമെതിരേ പ്രാർഥനയുടെ വെളിച്ചമാകുവാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ആഹ്വാനം ചെയ്തു. ലോകത്തിന്റെ പലഭാഗങ്ങളിൽ മതതീവ്രവാദികൾ നടത്തുന്ന ആക്രമണവും ഇന്ത്യൻ ദളിത് സഹോദരങ്ങൾക്കെതിരേയുള്ള പീഢനവും മനുഷ്യ മനഃസാക്ഷിക്കേറ്റ അപചയമാണ്. വടക്കൻ ഫ്രാൻസിലെ നോർമൻഡി പട്ടണത്തിലുള്ള ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന ഫാ. ഷാക് ഹാമലിനെ കഴുത്തറത്തുകൊലപ്പെടുത്തിയും ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയതും തെളിക്കുന്നതു സ്നേഹവും സഹോദര്യവും നഷ്ടപ്പെട്ട ലോകത്തെയാണ്. കാരുണ്യത്തിന്റെ മുഖമായി ലോകത്തിൽ പ്രശോഭിക്കുവാനുള്ള സഭയുടെ ദൗത്യത്തിനു പ്രാധാന്യമേറുന്നുവെന്നും ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.