ക്ഷേമ പെൻഷനുകളെല്ലാം ഓണത്തിനുമുമ്പു വിതരണം ചെയ്യും: മന്ത്രി
ക്ഷേമ പെൻഷനുകളെല്ലാം ഓണത്തിനുമുമ്പു വിതരണം ചെയ്യും: മന്ത്രി
Saturday, July 30, 2016 11:45 AM IST
കോട്ടയം: കുടിശിക ഉൾപ്പെടെയുള്ള ക്ഷേമ പെൻഷനുകളെല്ലാം ഓണത്തിനുമുമ്പു വിതരണം ചെയ്യുമെന്നു തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. കോട്ടയം തിരുനക്കര മൈതാനത്ത് ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എകെടിഎ) സംസ്‌ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജൂൺ മൂതൽ പെൻഷനുകളെല്ലാം 1000 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. വർധിപ്പിച്ച തുക ഉൾപ്പെടെയാണു വിതരണം ചെയ്യുന്നത്. കേന്ദ്രസർക്കാർ പുതിയതായി തൊഴിൽ നിയമങ്ങളിൽ കൊണ്ടുവരുന്ന ഭേദഗതികൾ കേരളത്തെ ബാധിക്കും. തൊഴിൽ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതും സുരക്ഷിതത്വം ഇല്ലാതാക്കുന്നതും തൊഴിൽസമയം വർധിപ്പിക്കുന്നതടക്കമുള്ള മാറ്റങ്ങൾ നിയമത്തിൽ വരുത്താനാണു കേന്ദ്ര സർക്കാർ തയാറെടുക്കുന്നത്. ഇക്കാര്യത്തിലുള്ള കേരളത്തിന്റെ ആശങ്ക അറിയിക്കാൻ പ്രധാനമന്ത്രിയെയും മറ്റുമന്ത്രിമാരെയും നേരിൽ കാണുമെന്നും മന്ത്രി പറഞ്ഞു.

സംസ്‌ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തും. സംസ്‌ഥാനത്തുള്ള എല്ലാ ക്ഷേമനിധി ബോർഡും സർക്കാർ പുന:സംഘടിപ്പിച്ചു വരികയാണ്. തൊഴിലാളികൾക്കു ബോർഡ് വഴി ലഭിക്കുന്ന ആനുകുല്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എകെടിഎ സംസ്‌ഥാനപ്രസിഡന്റ് കെ. മാനുകുട്ടൻ അധ്യക്ഷത വഹിച്ചു.


എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ആശ, ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, എകെടിഎ സംസ്‌ഥാനട്രഷറാർ എം.ഡി. സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി എൻ.സി. ബാബു, കെ.എസ്. സോമൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നിരവധി അംഗങ്ങൾ പങ്കെടുത്ത പ്രകടനം നാഗമ്പടം മുൻസിപ്പൽ മൈതാനത്തുനിന്നും ആരംഭിച്ചു തിരുനക്കര മൈതാനത്ത് എത്തിച്ചേർന്നിരുന്നു.

ഇന്നു സാഹിത്യ പ്രവർത്തകസംഘം ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തുടർന്നു നടക്കുന്ന ട്രേഡ് യൂണിയൻ സമ്മേളനം കെ. സുരേഷ് കുറുപ്പ് എംഎൽഎയും ഉദ്ഘാടനം ചെയ്യും. സമ്മേളനം നാളെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.