തിരുവാണിയൂർ കൂറുമാറ്റം: അഞ്ചുപേരെ അയോഗ്യരാക്കി
Saturday, July 30, 2016 11:38 AM IST
തിരുവനന്തപുരം: പാർട്ടി വിപ്പു ലംഘിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച എറണാകുളം തിരുവാണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ അഞ്ചു മുൻ അംഗങ്ങളെ സംസ്‌ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യരാക്കി.

കൂറുമാറ്റ നിരോധന നിയമപ്രകാരം കഴിഞ്ഞ ജൂലൈ 29 മുതൽ ആറു വർഷത്തേക്കു തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലേക്കു മത്സരിക്കുന്നതിൽനിന്നു സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ ഇവർക്കു വിലക്കേർപ്പെടുത്തി.

തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഏലിയാമ്മ ചാക്കോയ്ക്കെതിരേ 2014 ഒക്ടോബർ ഏഴിന് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലാണ് കോൺഗ്രസിന്റെ വിപ്പ് ലംഘിച്ചു വോട്ടിംഗ് നടന്നത്. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോൺഗ്രസ് അംഗങ്ങളായ ധന്യ രവി, എ.എ. യൂലിയോസ്, ബാബു പൈലി, ജോർജ് പത്രോസ്, അല്ലി ജെയിംസ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഏലിയാമ്മ ചാക്കോ സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ച വ്യത്യസ്ത ഹർജികളിലാണു വിധി പ്രസ്താവിച്ചത്.


പരാതിക്കാരിക്കുവേണ്ടി അഭിഭാഷകരായ ഹാഷിം ബാബു, എസ്, സജിത എന്നിവർ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.