നാളികേര ഉത്പന്നങ്ങളുടെ ബ്രാൻഡിംഗിന് പിന്തുണ നൽകും: മന്ത്രി
നാളികേര ഉത്പന്നങ്ങളുടെ ബ്രാൻഡിംഗിന് പിന്തുണ നൽകും: മന്ത്രി
Saturday, July 30, 2016 11:33 AM IST
കൊച്ചി: സംസ്‌ഥാനത്തെ നാളികേര കർഷകരുടെ ഉത്പാദക കമ്പനികളുണ്ടാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾക്കു ബ്രാൻഡിംഗ് നടത്തുന്നതിനു സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. നാളികേര കർഷക ഉത്പാദക കമ്പനികളുടെ കൺസോർഷ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരകർഷക സംഗമവും നാളികേര വികസന ബോർഡ് മുൻ ചെയർമാൻ ടി.കെ. ജോസിനെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാളികേരത്തിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനം വർധിപ്പിക്കാൻ ഫാക്ടറികൾ സ്‌ഥാപിക്കാനുള്ള ധനസഹായം സർക്കാർ നൽകും. കർഷകർ മത്സരാധിഷ്ഠിതമായ സംരഭകത്വത്തിലേക്ക് എത്താൻ ശ്രമിക്കണം, ബ്രാൻഡിംഗിന്റെ പ്രാധാന്യം മനസിലാക്കണം, വിപണിയിലെ വൻകിട ബ്രാൻഡുകളോടു മത്സരിക്കാനും സാധിക്കണം.

നാളികേര ഉത്പന്നമായ നീര പോലെയുള്ള കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ചു പ്രചാരത്തിലെത്തിക്കണം. തൊണ്ടുസംഭരണം നാളികേര കർഷക ഉത്പാദക കമ്പനികളെ ഏൽപ്പിക്കാൻ സർക്കാർ തയാറാണ്. ഈ കമ്പനികൾ തൊണ്ടിൽനിന്നു ചകിരിയും ചകിരിച്ചോറും വേർതിരിക്കാനുള്ള ഫാക്ടറികൾ ആരംഭിക്കണം. പരമ്പരാഗത രീതിയിലുള്ള മില്ലുകളല്ല തമിഴ്നാട്ടിലും മറ്റും കണ്ടുവരുന്ന ഏറ്റവും ആധുനികമായ ഫാക്ടറികൾ തന്നെ ഇതിനായി സ്‌ഥാപിക്കണം. ഇത്തരം മില്ലുകൾ സ്‌ഥാപിക്കുന്നതിന് സർക്കാർ 50 ശതമാനം സബ്സിഡി നൽകും. ഉത്പാദിപ്പിക്കപ്പെടുന്ന ചകിരിയും ചകിരിച്ചോറും വാങ്ങുന്നതിനുള്ള സംവിധാനവും സർക്കാർ ഒരുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.


ചകിരി ഉത്പന്നങ്ങളുടെ ജൈവ അവശിഷ്ടങ്ങളും തെങ്ങിൻതടിയും കൂട്ടിച്ചേർത്തു സംസ്കരണം നടത്തി നിർമാണ വസ്തുക്കളാക്കാനുള്ള സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിനു ശ്രമങ്ങളുണ്ടാവണം. ഭാവിയിൽ നീരയേക്കാൾ ഇത്തരത്തിൽ ഉണ്ടാക്കുന്ന പോളിമർ കോംപോസിറ്റുകൾക്കു വലിയ സാധ്യതയാണ് ഉള്ളത്. ഇതിലൂടെ സംരംഭകർക്ക് മികച്ച വരുമാനം നേടാകുമെന്നും അദ്ദേഹം പറഞ്ഞു.

വെളിച്ചെണ്ണയ്ക്ക് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയതു മൂലം ലഭിക്കുന്ന വരുമാനം നാളികേര കർഷകർക്കിടയിൽ തന്നെ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാർ വാഗ്ദാനംചെയ്ത എല്ലാ ആനുകൂല്യങ്ങളും കർഷകർക്കു ലഭിക്കുന്നുവെന്ന കാര്യം ഉറപ്പാക്കും.

മുൻ നാളികേര വികസന ബോർഡ് ചെയർമാനും തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടി.കെ. ജോസിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു. അദ്ദേഹത്തിനു മെമന്റോയും നല്കി. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ടി.കെ. ജോസ് ആമുഖപ്രസംഗം നടത്തി. കൺസോഷ്യം ചെയർമാൻ ഷാജഹാൻ കാഞ്ഞിരവിളയിൽ അധ്യക്ഷതവഹിച്ചു. കർഷക കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടി, അഖിലേന്ത്യ കിസാൻ സഭ സംസ്‌ഥാന ജനറൽ സെക്രട്ടറി സത്യൻ മൊകേരി, കർഷക മോർച്ച സംസ്‌ഥാന പ്രസിഡന്റ് ടി.ആർ. മുരളീധരൻ, സ്വതന്ത്ര കർഷക സംഘം സംസ്‌ഥാന പ്രസിഡന്റ് കുർക്കോളിൻ മൊയ്തീൻ, ഡി. പ്രിയേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.