കല്ലട പദ്ധതി അഴിമതി: നാല് എൻജിനിയർമാർക്കും കരാറുകാരനും തടവ്
Tuesday, July 26, 2016 4:17 PM IST
തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതി അഴിമതിക്കേസിൽ നാലു എൻജിനിയർമാരും ഒരു കരാറുകാരുമടക്കം അഞ്ചു പേരെ അഞ്ചു വർഷം തടവിനു വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ. ബദറുദീൻ ശിക്ഷ വിധിച്ചു. ഇതിനു പുറമെ രണ്ടുലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

1992–93 കാലയളവിൽ കല്ലട ജലസേചന പദ്ധതിയുടെ വലതുകര കനാൽ നിർമാണത്തിനിടെ ചെയ്യാത്ത ജോലിക്കായി അനുബന്ധ കരാറുണ്ടാക്കി 2.19 ലക്ഷം രൂപ തിരിമറി നടത്തിയതായി കോടതി കണ്ടെത്തി. മുൻ സൂപ്രണ്ടിംഗ് എൻജിനിയർ വി. ഗണേശൻ, എക്സിക്യൂട്ടിവ് എൻജിനിയർമാരായ വിശ്വനാഥൻ ആചാരി, കെ.രാജഗോപാൽ, അസിസ്റ്റന്റ് എൻജിനിയർ വി.ജെ. ഡാനിയേൽ, കരാറുകാരനായ കെ.എൻ. മോഹനൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.


മൂന്നു വർഷത്തിൽ താഴെ ശിക്ഷ നൽകി പ്രതികളെ ജാമ്യത്തിൽ വിടണമെന്ന പ്രതിഭാഗം ആവശ്യം തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളെ പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. വിജിലൻസിനുവേണ്ടി നിയമോപദേഷ്‌ടാവ് സി.സി. അഗസ്റ്റിൻ ഹാജരായി. 1992ലാണ് 714 കോടി രൂപ ചെലവഴിച്ച് കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയിലൊന്നായ കല്ലട പദ്ധതി പൂർത്തി യാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.