ജി 20 ദക്ഷിണേഷ്യൻ മതസൗഹാർദ സമ്മേളനം തിരുവനന്തപുരത്ത്
Sunday, July 24, 2016 12:43 PM IST
തിരുവനന്തപുരം: ജി 20 സാമ്പത്തിക ഉച്ചകോടിയുടെ മുന്നോടിയായി നടക്കുന്ന ജി 20 ദക്ഷിണേഷ്യൻ മതസൗഹാർദ സമ്മേളനം തിരുവനന്തപുരത്ത് ഇന്ന് ആരംഭിക്കും. 20 രാജ്യങ്ങളിലെ പ്രതിനിധികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും സംബന്ധിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം സുസ്‌ഥിര വികസനവും മതസൗഹാർദവും എന്നതാണ്. പ്രതിനിധികൾ അവരവരുടെ ഭാഷയിൽ സമാധാനമെന്ന് ആലേഖനം ചെയ്ത് പ്രദർശിപ്പിക്കുന്ന ഫോട്ടോ സെഷനോടെയാണ് ത്രിദിന സമ്മേളനത്തിന് തുടക്കമാകുക. സമ്മേളനം ഇന്നു രാവിലെ 10ന് തമ്പാനൂർ ഹോട്ടൽ അപ്പോളൊ ഡിമോറയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷനായിരിക്കും. ഗ്രിഫിത് യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ബ്രിയാൻ ആഡംസ് ആമുഖ പ്രഭാഷണം നടത്തും. ആര്യസമാജ് പ്രസിഡന്റ് സ്വാമി അഗ്നിവേശ്, സത്സംഗ് ഫൗണ്ടേഷൻ സ്‌ഥാപകൻ ശ്രീ എം, ശിവഗിരി ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിസി അഡ്വാകസി ചെയർമാൻ പ്രഫ. സയ്യിദ് മുനീർ ഖസ്രു, ഡോ. അബ്ബാസ് പനക്കൽ എന്നിവർ സംബന്ധിക്കും. മതസൗഹാർദവും സർക്കാർ നയങ്ങളും എന്ന വിഷയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പ്രത്യേക സെഷനിൽ ധനമന്ത്രി ഡോ. തോമസ് ഐസക് ആമുഖ പ്രഭാഷണം നടത്തും. ബ്രിട്ടനിലെ റൈറ്റ് സ്റ്റാർട്ട് ഫൗണ്ടേഷൻ തലവൻ റവാദ് മഹ്യൂബിന്റെ അധ്യക്ഷതയിൽ മത സൗഹാർദ രംഗത്തെ യുവ സംരംഭങ്ങളെക്കുറിച്ചുള്ള പരിപാടയോടെ സമ്മേളനത്തിലെ ചർച്ചകൾ ആരംഭിക്കും.


നാളത്തെ പരിപാടികൾക്ക് ശ്രീ എമ്മിന്റെ മുഖ്യപ്രഭാഷണത്തോടുകൂടി തുടക്കമാവും. വൈകുന്നേരം ഏഴിന് നടക്കുന്ന പ്രത്യേക സെഷനിൽ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീൽ മുഖ്യാതിഥിയാവും. സ്വാമി ഈശ്വയുടെ പ്രഭാഷണത്തോടെ അവസാന ദിന പരിപാടികൾ ആരംഭിക്കും. ത്രിദിന സമ്മേളനത്തിൽ ജി 20 രാജ്യപ്രതിനിധകൾക്കു പുറമെ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.

ഓഗസ്റ്റ് അവസാന വാരം ചൈനയിൽ നടക്കുന്ന ജി 20 മതസൗഹാർദ ഉച്ചകോടിയുടെ മുന്നൊരുക്കമായാണ് തിരുവനന്തപുരത്തെ പരിപാടികൾ. മലപ്പുറം മഅ്ദിൻ അക്കാദമിയാണ് ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ മുഖ്യസംഘാടകർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.