മഴവെള്ള സംഭരണിയിൽ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങിയ ആൾ മരിച്ചു
മഴവെള്ള സംഭരണിയിൽ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങിയ ആൾ മരിച്ചു
Saturday, July 23, 2016 1:41 PM IST
കോട്ടയം: അയ്മനത്ത് മഴവെള്ള സംഭരണി വൃത്തിയാക്കാനിറങ്ങിയവരിൽ ഒരാൾ വിഷവാതകം ശ്വസിച്ചു മരിച്ചു. നാലു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരം. അയ്മനം വല്യാട് ഭാഗത്ത് മങ്കീഴയിൽ രാജപ്പൻ (70) ആണു മരിച്ചത്. രാജപ്പന്റെ മകൻ ജയരാജ് (32), അയൽവാസി പുതിയാട്ടിൽ സലി (48), സലിയുടെ മകൻ ശരൺ (18), ചിറയ്ക്കകത്ത് രാജു (60) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ ജയരാജിന്റെ നില ഗുരുതരമാണ്.

രാജപ്പന്റെയും സലിയുടെയും വീടുകൾക്കിടയിൽ ഇരുവീട്ടുകാരും ചേർന്ന് ഒരു ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന മഴവെള്ള സംഭരണി സ്‌ഥാപിച്ചിട്ടുണ്ട്. ഇത് ഇന്നലെ രാവിലെ മുതൽ മോട്ടോർ ഉപയോഗിച്ചു വറ്റിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞിട്ടും വെള്ളം പൂർണമായി വറ്റിയില്ല. ഇതേത്തുടർന്ന് മോട്ടോർ കയർ ഉപയോഗിച്ചു കെട്ടി മഴവെള്ള സംഭരണിക്ക് അകത്തു സ്‌ഥാപിച്ചു. മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം പുറത്തേക്ക് അടിച്ചു കളയുന്നതിനിടെ വൈകുന്നേരം അഞ്ചോടെ സലി, ജയരാജ്, ശരൺ, എന്നിവർ സംഭരണി വൃത്തിയാക്കാനായി ഇറങ്ങി. മണ്ണെണ്ണ ഉപയോഗിച്ചാണു മോട്ടോർ പ്രവർത്തിച്ചിരുന്നത്. മണ്ണെണ്ണ കത്തുമ്പോഴുണ്ടാകുന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ച് നാലുപേരും അസ്വസ്‌ഥരായി. ഇവരെ രക്ഷപ്പെടുത്താനാണ് രാജപ്പൻ ഇറങ്ങിയത്. എന്നാൽ, രാജപ്പനും അസ്വസ്‌ഥത അനുഭവപ്പെട്ടതോടെ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. നാട്ടുകാർ ചേർന്നു വടം ഉപയോഗിച്ചു നാലു പേരേയും കരയ്ക്കു കയറ്റിയെങ്കിലും മെഡിക്കൽ കോളജിലേക്കുള്ള വഴിമധ്യേ രാജപ്പൻ മരിച്ചു. ശ്വാസംമുട്ടൽ രോഗമുള്ള രാജപ്പൻ ചികിത്സയിലായിരുന്നുവെന്ന് പറയുന്നു.


രാജപ്പന്റെ സംസ്കാരം ഇന്നു നടക്കും. സരസ്വതിയമ്മയാണ് ഭാര്യ. മറ്റു മക്കൾ:ധന്യാ സാബു (കുമരകം പഞ്ചായത്ത് മുൻ പ്രസിഡന്റ്), ശ്രീദേവി, ശ്രീവിദ്യ. മരുമക്കൾ: സാബു, ബാബു, സഞ്ജീവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.