ആളും ബഹളവുമില്ലാത്ത സംസ്കാരം
ആളും ബഹളവുമില്ലാത്ത സംസ്കാരം
Friday, July 22, 2016 1:14 PM IST
പിറ്റേദിവസമായിരുന്നു അൽഫോൻസാമ്മയുടെ സംസ്കാരം. ശുശ്രൂഷകളിൽ സംബന്ധിക്കാൻ അധികമാരുമുണ്ടായിരുന്നില്ല. കുടമാളൂരിൽനിന്നു പിതാവ് കുട്ടൻ വൈദ്യൻ, സഹോദരി പെണ്ണമ്മ, അവരുടെ മകൾ തെറമ്മ, അടുത്തബന്ധു മുട്ടത്തുപാടത്ത് തൊമ്മച്ചൻ, അയൽവാസി പഴൂർ ഔതച്ചൻ എന്നിവരും കുറച്ചു കന്യാസ്ത്രീകളും കുട്ടികളും പിന്നെ ഏതാനും വൈദികരും മാത്രം. ഒമ്പതരയോടെ ഒപ്പീസ്. പത്തുമണിയോടെ ശവമഞ്ചം കപ്പേളയിൽനിന്നു പുറത്തേക്ക് എടുത്തു. ഭൗതിക ശരീരം ഏതാണ്ട് പൂർണമായും പൂക്കൾകൊണ്ടു മൂടിയിരുന്നു. ശവമഞ്ചം കന്യാസ്ത്രീകൾ തന്നെയാണു സംവഹിച്ചത്. കുരിശും തിരിക്കാലുകളും ധൂപക്കുറ്റിയും കുടകളും അൽഫോൻസാമ്മയെ പരിചരിച്ചിരുന്ന സ്ത്രീകളും വഹിച്ചു.

കന്യാസ്ത്രീകളുടെ സംസ്കാരത്തിനു ചിത്രങ്ങൾ എടുക്കുക പതിവില്ലായിരുന്നെങ്കിലും ഫോട്ടോ എടുക്കാൻ വികാരി ഫാ. കുരുവിള പ്ലാത്തോട്ടം തീരുമാനി ക്കുകയായിരുന്നു. ഒരു വിശുദ്ധയു ടെ മൃതസംസ്കാരമാണു നടക്കു ന്നതെന്ന ഉൾവിളി വികാരിയച്ചന് ഉണ്ടായതാവാം കാരണം. പള്ളിയുടെ അടുത്ത് താമസിച്ചിരുന്ന ഫോട്ടോഗ്രാഫർ തകിടിയേൽ ഡി. തോമസിനെ ആളുവിട്ടു വിളിപ്പിച്ചു. ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ അങ്കണത്തിൽ മൃതദേഹമടങ്ങിയ പെട്ടിവച്ചു. അതിനു പിന്നിൽ ബന്ധുക്കളേയും സഹോദരിമാരേയും നിർത്തി പെട്ടികാമറയിൽ രണ്ടു ചിത്രങ്ങൾ എടുത്തു. അവ പിൽക്കാലത്തു വിശ്വാസികളുടെ മനസിൽ മായാത്ത മുദ്രപതിപ്പിച്ച ഫ്രെയിമുകളായി മാറി.


ഭരണങ്ങാനത്തു പുതിയ സെമിത്തേരിയും കപ്പേളയും നിർമിച്ചത് അക്കാലത്താണ്. മേൽത്തട്ടിൽ നിർമിച്ചിരുന്ന കല്ലറകൾ കന്യാസ്ത്രീകൾക്കായി വേർതിരിച്ചിരുന്നു. ഇവിടെ ആദ്യമായി സംസ്കരിച്ചത് അൽഫോൻസാമ്മയുടെ ഭൗതിക ശരീരമാണ്.

ഒപ്പം കഴിഞ്ഞവരും ഒരുമിച്ചു സഭാവസ്ത്രം സ്വീകരിച്ചവരും അൽഫോൻസാമ്മയ്ക്ക് അന്ത്യചുംബനം നൽകി. മരിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ആ മുഖം പ്രകാശപൂരിതമായിരുന്നു. കബറിടം പൂക്കൾകൊണ്ടു മൂടിയിരുന്നു.

പിറ്റേദിവസം മുതൽ അൽഫോൻസാമ്മ താൻ ഏറെ സ്നേഹിച്ച കൊച്ചുകുട്ടികൾക്ക് അനുഗ്രഹമാരി പൊഴിച്ചു തുടങ്ങി. കബറിടത്തിൽ മുറിത്തിരികൾ കത്തിച്ചു പ്രാർഥിച്ചു തുടങ്ങിയതും അവരാണ്.

കബറിടത്തിൽ പ്രാർഥിച്ചവർക്കു പരീക്ഷാ വിജയം, സ്വപ്ന ദർശനം തുടങ്ങിയ നിരവധി സംഭവങ്ങൾ വിശ്വാസികളുടെ ഇടയിൽ പ്രചരിച്ചതോടെ ഭരണങ്ങാനത്തേക്ക് അണമുറിയാത്ത തീർഥാടനപ്രവാഹമായി. അൽഫോൻസാമ്മയുടെ ആത്മീയ ഉപദേശകനും കുമ്പസാരക്കാരനുമായ ഫാ. റോമുളൂസ് സിഎംഐ, സംസ്കാര ശുശ്രൂഷയിൽ മുഖ്യകാർമികത്വം വഹിച്ചു നടത്തിയ പ്രവചനതുല്യമായ പ്രസംഗം അങ്ങനെ യാഥാർഥ്യമാകുകയായിരുന്നു.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.