ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ്
ഗീത ഗോപിനാഥ്  മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ്
Thursday, July 21, 2016 12:02 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവായി പ്രഫ. ഗീത ഗോപിനാഥിനെ നിയമിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ പ്രതിഫലം ഇല്ലാതെയാണു നിയമനം. സിറ്റിംഗ് അലവൻസ് മാത്രമാകും നൽകുക.

മൈസൂർ സ്വദേശിനിയായ ഗീത ഗോപിനാഥ് ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിഭാഗം പ്രഫസറാണ്. ഹാർവാഡ് സർവകലാശാലയിലെ ജോലിയിൽ തുടർന്നു കൊണ്ടാകും സംസ്‌ഥാനത്തിന്റെ സാമ്പത്തിക ഉപദേഷ്‌ടാവായി സേവനമനുഷ്ഠിക്കുക. 2001ൽ ഷിക്കാഗോ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായി ജോലിയിൽ പ്രവേശിച്ച ഗീത, 2005 ഹാർവാഡ് സർവകലാശാലയിൽ പ്രഫസറായി. ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കിന്റെ സാമ്പത്തിക ഉപദേശക സമിതിയംഗം, ഇന്റർ നാഷണൽ ഗ്രോത്ത് സെന്റർ റിസർച്ച് അംഗം, വെതർഹെഡ് സെന്റർ ഫോർ ഇന്റർനാഷണൽ അഫയേഴ്സ് ഫാക്കൽറ്റി അസോസിയേറ്റ്, ജി– 20 രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ വിദഗ്ധരുടെ പാനൽ അംഗം തുടങ്ങിയ സ്‌ഥാനങ്ങൾ വഹിക്കുന്നു.


1992 ൽ ഡൽഹി സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ സാമ്പത്തിക ശാസ്ത്രത്തിൽ ബിഎ ബിരുദം നേടി. തുടർന്ന് വാഷിംഗ്ടൺ സർവകലാശാലയിൽനിന്നു മാസ്റ്റർ ബിരുദവും പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റും നേടി.

മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ധനശാസ്ത്ര പ്രഫസറായ ഇഖ്ബാൽ ധാലിവാൾ ആണ് ഈ നാല്പത്തിനാലുകാരിയുടെ ഭർത്താവ്. ഒരു മകനുണ്ട്.

അമേരിക്കൻ ഫെഡറൽ റിസർവിന്റെ മുൻ ഗവർണർ ബെൻ ബെർണാങ്കി, ഐഎംഎഫിന്റെ മുൻ ഗവേഷണ മേധാവി കെന്നത്ത് റോഗോഫ് എന്നിവരുടെ കീഴിൽ ഗവേഷണം നടത്തിയാണു പിഎച്ച്ഡി നേടിയത്. രാജ്യങ്ങൾ കടക്കെണിയിൽപെടുന്നതിനെപ്പറ്റിയായിരുന്നു ഗവേഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.