ചെക്ക്പോസ്റ്റുകളിൽ വാഹന പരിശോധനയ്ക്ക് ആധുനിക സ്കാനർ: ഋഷിരാജ് സിംഗ്
ചെക്ക്പോസ്റ്റുകളിൽ വാഹന പരിശോധനയ്ക്ക് ആധുനിക സ്കാനർ: ഋഷിരാജ് സിംഗ്
Thursday, July 21, 2016 11:31 AM IST
തൊടുപുഴ: സംസ്‌ഥാനത്തെ അഞ്ചു പ്രധാന ചെക്ക്പോസ്റ്റുകളിൽ വാഹന പരിശോധനയ്ക്ക് ആധുനിക സ്കാനർ സ്‌ഥാപിക്കുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്.

തൊടുപുഴയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തെ ആര്യൻകാവ്, അമരവിള, മുത്തങ്ങ, മഞ്ചേശ്വരം, വാളയാർ ചെക്ക്പോസ്റ്റുകളിലാണ് വാഹന പരിശോധനയ്ക്കായി സ്കാനറുകൾ സ്‌ഥാപിക്കുന്നത്. ഇടുക്കിയിലും ഇത്തരത്തിൽ സ്കാനർ സ്‌ഥാപിക്കുന്നതിന് മന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സ്കാനറിനും 40 കോടി രൂപയാണ് മുതൽമുടക്ക്. മൊട്ടുസൂചി മുതൽ മദ്യക്കുപ്പികൾ വരെ സ്കാനിംഗ് നടത്തുന്നതു വഴി കണ്ടെത്താനാകുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

സ്കാനറുകൾ എവിടെ സ്‌ഥാപിക്കണമെന്നതു വിശദമായ പഠനത്തിനുശേഷം സർക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന നാർക്കോട്ടിക്ക് ഡിക്റ്റക്ഷൻ കിറ്റ് ഓരോ ജില്ലയ്ക്കും നൽകുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടർമാരുടെ സഹായമില്ലാതെ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് ഈ കിറ്റ് സഹായകരമാകും. ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായി 380 പേരെ നിയമിക്കുന്നതിന് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതോടൊപ്പം 400 വനിതാ ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.


ഇതോടൊപ്പം 40 ദിവസം കൊ ണ്ടു സംസ്‌ഥാനത്ത് എക്സൈസ് നടത്തിയ പരിശോധനകൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് കമ്മീഷണർ പത്രസമ്മേളനം ആരംഭിച്ചത്. വരും ദിവസങ്ങളിലും അന്യസംസ്‌ഥാന തൊഴിലാളികൾ ബന്ധപ്പെട്ടുള്ള പാൻമസാല വിതരണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുമളി, കമ്പംമെട്ട് വഴിയുള്ള കഞ്ചാവിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി തമിഴ്നാട് ബോർഡറിലെ എസ്പിമാരുമായി ചർച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു. 480 ലഹരിമരുന്ന കടത്ത് കേസ് പിടികൂടിയപ്പോൾ 3555 അബ്കാരി കേസുകളിൽ നിന്നായി 3468 പേരെ അറസ്റ്റ് ചെയ്തു. 200 വാഹനങ്ങൾ പിടിച്ചെടുത്തു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 130 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. 41 കേസുകളിലായി കഞ്ചാവ് ചെടികൾ പിടിച്ചെടുത്ത് നശിപ്പിച്ചു. 10,000 ലിറ്റർ അരിഷ്‌ടം, 410 ലിറ്റർ എരക്ക്, 650 ലിറ്റർ സ്പിരിട്ട്. 3,000 ലിറ്റർ കള്ള്. 1,000 ലിറ്റർ ബിയർ, 15,815 ലിറ്റർ വാഷ് എന്നിവയും പിടിച്ചെടുത്തവയിൽപെടും. 477 എൻഡിപിഎസ് കേസുകളിൽ നിന്നായി 468 പേരാണ് പിടിയിലായത്. ഇടുക്കിയിൽ കഞ്ചാവ് കൃഷിയുണ്ട് എന്നതിന്റെ വ്യക്‌തമായ വിവരം ലഭിച്ചതായും ഋഷിരാജ് സിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.