70 കമ്പനികളിൽ നിന്നായി 743 തൊഴിലവസരങ്ങൾ; റിക്കാർഡ് നേട്ടവുമായി രാജഗിരി
Wednesday, June 29, 2016 1:08 PM IST
കൊച്ചി: കാമ്പസ് റിക്രൂട്ട്മെന്റിൽ ചരിത്രം സൃഷ്‌ടിച്ചു കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി. 70 കമ്പനികളിൽ നിന്നായി 743 തൊഴിൽ അവസരങ്ങളാണ് ഈ വർഷം രാജഗിരിയിലെ വിദ്യാർഥികളെ തേടിയെത്തിയത്. ഇതിൽ 576 തൊഴിൽ അവസരങ്ങൾ ഐടി രംഗത്തെ പ്രമുഖരായ ഇൻഫോസിസ്, വിപ്രോ, കോഗ്നിസന്റ് എന്നീ കമ്പനികളുടേതാണ്.

മുൻ വർഷങ്ങളിലെ തങ്ങളുടെതന്നെ കണക്കുകളെ കമ്പനികൾ മറികടക്കുമ്പോൾ 2016 ബാച്ചിലെ വിദ്യാർഥികൾക്ക് 210 തൊഴിൽ അവസരങ്ങൾ നൽകി ഇൻഫോസിസാണ് മുന്നിൽ. 473 വിദ്യാർഥികൾ പങ്കെടുത്ത കാമ്പസ് ഇന്റർവ്യൂവിൽ 97.76 ശതമാനം വിദ്യാർഥികളും ഭാവി സുരക്ഷിതമാക്കി എന്ന നേട്ടവും ഇനി കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ വിജയ ശതമാനത്തിൽ ഉയർന്ന നിലവാരം പുലർത്തിയ എൻബിഎ അക്രെഡിറ്റേഷനുള്ള രാജഗിരിക്ക് സ്വന്തം. വിദ്യാർഥികളുടെ പഠന നിലവാരമറിഞ്ഞ് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്ന അധ്യാപകരുടെ പ്രവർത്തന മികവിന്റെ ഫലമാണ് തുടർച്ചയായി നടക്കുന്ന ഇത്തരം കാമ്പസ് റിക്രൂട്ടുമെന്റുകളെന്ന് കോളജ് ഡയറക്ടർ ഫാ. ജോസ് അലക്സ് ഒരുതായപ്പള്ളി വ്യക്‌തമാക്കി.


മുസിഗ്മ, വെറിസൺ, സോക്ട്രോണിക്സ്, ഐടിസി ഇൻഫോടെക്, സാപ്, മിത്ര, എംആർഎഫ്, ഇഎൽജിഐ (എൽജി), ബോഷ്, ടാറ്റാ കമ്യൂണിക്കേഷൻസ്, ക്യൂസ് കോർപ്പ്, ടാവന്റ് ടെക്നോളജീസ്, സാംസംഗ്, ഹീറോടെക്, എസ്ഐബി, എച്ച്പി, ആമസോൺ, കോംവാൾട്ട് തുടങ്ങിയവയാണ് റിക്രൂട്ട്മെന്റിനായി രാജഗിരി കോളജിനെ തെരഞ്ഞെടുത്ത ചില പ്രമുഖ സ്‌ഥാപനങ്ങൾ. 2017 ബാച്ചിലെ വിദ്യാർഥികൾക്കായുള്ള റിക്രൂട്ട്മെന്റിനായും അന്താരാഷ്ര്‌ട നിലവാരത്തിലുള്ള കമ്പനികളടക്കം ഇതിനകം കോളജിനെ സമീപിച്ചുകഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.