ദളിത് പെൺകുട്ടികൾക്കെതിരേ കേസെടുത്തതു പാർട്ടി ഓഫീസിൽ കയറി തല്ലിയതിന്: മുഖ്യമന്ത്രി
ദളിത് പെൺകുട്ടികൾക്കെതിരേ കേസെടുത്തതു പാർട്ടി ഓഫീസിൽ കയറി തല്ലിയതിന്: മുഖ്യമന്ത്രി
Tuesday, June 28, 2016 1:24 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിപിഎം ഓഫീസിൽ കയറി പ്രാദേശിക നേതാവിനെ തല്ലിയതിനാണു തലശേരി കുട്ടിമാക്കൂലിൽ ദളിത് പെൺകുട്ടികൾക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നടന്നുപോകുന്ന വഴിയിലല്ല പാർട്ടി ഓഫീസ്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ നടക്കാൻ പാടില്ലാത്തതു നടന്നതിന്റെ പേരിലാണു കേസെടുത്തതെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തി.

പതിന്നാലാം നിയമസഭയുടെ ആദ്യ ശൂന്യവേളതന്നെ ഇറങ്ങിപ്പോക്കോടെയാണ് ആരംഭിച്ചത്. പ്രതിപക്ഷം വാക്കൗട്ട് നടത്തിയതിനു പിന്നാലെ കണ്ണൂർ അതിക്രമങ്ങളിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ബിജെപി അംഗം ഒ. രാജഗോപാലും ഇറങ്ങിപ്പോയി.

കള്ളക്കേസിൽ കുടുക്കി തലശേരിയിൽ ദളിത് പെൺകുട്ടികളെയും പിഞ്ചുകുട്ടിയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കോൺഗ്രസിലെ കെ.സി. ജോസഫാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. എല്ലാവർക്കും തുല്യനീതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇതു പ്രവൃത്തിപഥത്തിൽ വരുത്തിയില്ലെന്നു കെ.സി. ജോസഫ് കുറ്റപ്പെടുത്തി. സംഭവം ഉണ്ടായപ്പോൾ, പോലീസിനോടു ചോദിക്കൂവെന്നും ആദ്യമായിട്ടല്ല കുഞ്ഞിനോടൊപ്പം ആരെങ്കിലും ജയിലിൽ പോകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ധാർഷ്ഠ്യം നിറഞ്ഞ മറുപടി. ജനകീയ സർക്കാർ നിലവിലുണ്ടെങ്കിൽ പോലീസിനോടല്ല, മുഖ്യമന്ത്രിയോടും മന്ത്രിമാരോടുമാണു ചോദിക്കുന്നത്–കെ.സി. ജോസഫ് പറഞ്ഞു.

കോൺഗ്രസ് നേതാവായ രാജന്റെ കുടുംബത്തോട് സിപിഎം പക പോക്കുകയാണ്. രാജനെ വഴിയിൽവച്ചും വീട്ടിൽ ചെന്നും മർദിച്ചു. പെൺമക്കളെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അശ്ലീല ആംഗ്യം കാട്ടി അപമാനിക്കാൻ ശ്രമിച്ചു. സഹികെട്ടാണു പെൺകുട്ടികൾ പാർട്ടി ഓഫീസിലെത്തി ചോദ്യംചെയ്തത്. ഇതിനെ മർദനമാക്കി മാറ്റുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഇരുവരെയും അറസ്റ്റ് ചെയ്തതു സുപ്രീംകോടതി നിർദേശങ്ങളുടെ ലംഘനമാണ്. ചേംബറിൽ ജാമ്യാപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞു മജിസ്ട്രേറ്റ് നിരസിക്കുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പാണ് ഇവർക്കെതിരേ ചുമത്തിയത്. പിന്നീട് ഈ കുട്ടികൾ പൊതുശല്യമാണെന്ന തരത്തിൽ സിപിഎം നേതാക്കൾ പ്രതികരിച്ചതോടെയാണ് ഒരു കുട്ടി ആത്മഹത്യക്കു ശ്രമിച്ചതെന്നും കെ.സി. ജോസഫ് ആരോപിച്ചു.


പെൺകുട്ടികൾക്കെതിരേ അയൽവാസികളും ചില ബന്ധുക്കളും നേരത്തേ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അന്നൊക്കെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കുകയായിരുന്നു പതിവ്. പെൺകുട്ടികളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ എസ്സി/എസ്ടി നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. ഒന്നാം പ്രതിയായ ഷിജിലിനെ അറസ്റ്റ് ചെയ്തു. കേസിൽ പോലീസ് സ്റ്റേഷനിൽ ഇവർ സ്വയം ഹാജരായതാണ്. അറസ്റ്റിലായപ്പോൾ ജ്യാമാപേക്ഷ നൽകിയില്ല. അറസ്റ്റ് ചെയ്യുമ്പോൾ ഇവരുടെ കൈയിൽ കുട്ടിയുമില്ലായിരുന്നു. ക്രമസമാധാനം തകർന്നെന്നു വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു പ്രതിപക്ഷം കേസ് ഏറ്റെടുത്തത്. ദളിത് വിഭാഗങ്ങൾ സർക്കാരിന്റെ കീഴിൽ പൂർണ സുരക്ഷിതരായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയൻ മുഖ്യമന്ത്രിയായല്ല, പാർട്ടി സെക്രട്ടറിയായാണ് സംസാരിക്കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ദളിത് പെൺകുട്ടികൾക്കെതിരേ അതിക്രമം ഉണ്ടായതുകൊണ്ടാണല്ലോ പാർട്ടി നേതാക്കൾക്കെതിരെ കേസ് എടുക്കേണ്ടിവന്നത്. ദളിത് പെൺകുട്ടികൾക്കെതിരേ കള്ളക്കേസ് എടുത്ത പോലീസ് ഉദ്യോഗസ്‌ഥർക്കെതിരേ നടപടി വേണമെന്നും കേസ് റദ്ദാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ കക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നിവരും പ്രസംഗിച്ചു. കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ കുറേക്കാലമായി നടക്കുന്ന സംഭവങ്ങൾ ആശങ്കാജനകമാണെന്നു ബിജെപി അംഗം ഒ. രാജഗോപാൽ പറഞ്ഞു. കണ്ണൂരിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണു രാജഗോപാൽ സഭയിൽനിന്ന് ഇറങ്ങിപ്പോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.