കാവാലം നാരായണപ്പണിക്കരുടെ സംസ്കാരം ചൊവ്വാഴ്ച
കാവാലം നാരായണപ്പണിക്കരുടെ സംസ്കാരം ചൊവ്വാഴ്ച
Monday, June 27, 2016 1:15 AM IST
തിരുവനന്തപുരം: ഞായറാഴ്ച അന്തരിച്ച കാവാലം നാരായണപ്പണിക്ക(88)രുടെ സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4.30നു സ്വദേശമായ കാവാലത്തു സംസ്‌ഥാന ഔദ്യോഗിക ബഹുമതികളോടെ നടക്കും. കഴിഞ്ഞ രാത്രി ഒൻപതരയോടെ തൃക്കണ്ണാപുരത്തെ വസതിയായ ഹരിശ്രീയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.<യൃ><യൃ>ഞായറാഴ്ച രാത്രി മുതൽ തൃക്കണ്ണാപുരത്തെ നാടകക്കളരിയായ സോപാനത്തിൽ നാരായണപ്പണിക്കരുടെ മൃതദേഹം പൊതുദർശനത്തിനു വച്ചു. ഇന്നു വൈകുന്നേരത്തോടെ മൃതദേഹം കാവാലത്തേക്കു കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ മുതൽ കാവാലം ചാലയിൽ തറവാട്ടിൽ പൊതുദർശനത്തിനു വയ്ക്കും. ശാരദാമണിയാണു ഭാര്യ. പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്ത ഗായകനും സംഗീതജ്‌ഞനുമായ കാവാലം ശ്രീകുമാർ എന്നിവരാണു മക്കൾ.<യൃ><യൃ>കവി, നാടകകാരൻ, ഗാനരചയിതാവ് എന്നീ രംഗങ്ങളിൽ പ്രശസ്തനായ കാവാലം നാരായണപ്പണിക്കർ കുട്ടനാട്ടിലെ കാവാലം ഗ്രാമത്തിൽ പ്രശസ്തമായ ചാലയിൽ കുടുംബത്തിൽ ഗോദവർമയുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനായി 1928 ഏപ്രിൽ 28–നാണു ജനിച്ചത്. പ്രശസ്ത നയതന്ത്രജ്‌ഞനും ചരിത്രകാരനുമായിരുന്ന സർദാർ കെ.എം. പണിക്കർ അദ്ദേഹത്തിന്റെ അമ്മാവനും പ്രശസ്ത കവിയും അധ്യാപകനും സാഹിത്യകാരനുമായിരുന്ന ഡോ.കെ. അയ്യപ്പപ്പണിക്കർ അടുത്ത ബന്ധുവുമായിരുന്നു. കാവാലത്തെയും പുളിങ്കുന്നിലെയും വിദ്യാലയങ്ങളിൽ നിന്നുള്ള സ്കൂൾപഠനത്തിനുശേഷം കോട്ടയം സിഎംഎസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റും ആലപ്പുഴ എസ്ഡി കോളജിൽ നിന്ന് ബിഎ ഇക്കണോമിക്സും മദ്രാസ് ലോ കോളജിൽ നിന്ന് നിയമ ബിരുദവും പൂർത്തിയാക്കി.<യൃ><യൃ>1955 –ൽ അഭിഭാഷകനായി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം ആറു വർഷത്തോളം അതു തുടർന്നു. അഭിഭാഷകവൃത്തിക്കൊപ്പം കലാപ്രവർത്തനവും തുടർന്നു. 1961–ൽ കേരള സംഗീതനാടക അക്കാദമി സെക്രട്ടറിയായി നിയമിതനായി. അതോടെ സംസ്‌ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി കലാകാരന്മാരുമായി ബന്ധം സ്‌ഥാപിക്കാനും വൈവിധ്യം നിറഞ്ഞ ഒട്ടനവധി കലാരൂപങ്ങളുമായി അടുത്തിടപഴകാനും സാധിച്ചു.<യൃ><യൃ>കാക്കാരിശിനാടകം പോലെയുള്ള നാടോടി നാടകരൂപങ്ങളുടെയും, കൂടിയാട്ടം, കഥകളി തുടങ്ങിയ രംഗകലകളുടേയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടേയും ചുവടുപിടിച്ചുള്ള സവിശേഷമായ ഒരു അഭിനയരീതിയാണു കാവാലം കൊണ്ടുവന്ന തനതുനാടകവേദിയുടെ അടിത്തറ. ദൈവത്താർ, അവനവൻ കടമ്പ തുടങ്ങി നിരവധി നാടകങ്ങൾക്ക് അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ചു. കാവാലം തുടങ്ങിവച്ച നാടക സമിതിയായ തിരുവരങ്ങിൽ നിന്നായിരുന്നു ഒരുകാലത്ത് മിക്കവാറും മികച്ച നാടകങ്ങളൊക്കെ അരങ്ങിലെത്തിയിരുന്നത്. അതിനു പുറമേ കേരള കലാമണ്ഡലം, കാളിദാസ അക്കാദമി, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിങ്ങനെ മറ്റു സ്‌ഥാപനങ്ങൾക്കു വേണ്ടിയും അദ്ദേഹം നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. ഭാസന്റേത് ഉൾപ്പടെ നിരവധി നാടകങ്ങളാണു മലയാളത്തിലേക്കു വിവർത്തനം ചെയ്തത്. 1984–ൽ ഭാസന്റെ കൃതി അടിസ്‌ഥാനമാക്കി ‘കർണഭാരം’ എന്ന സംസ്കൃത നാടകം ഒരുക്കി.<യൃ><യൃ>പത്മഭൂഷൺ. വള്ളത്തോൾ പുരസ്കാരം, സംഗീതനാടക അക്കാദമിയുടെ നാഷണൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, കേരള സംസ്‌ഥാന സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, മധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ സമ്മാനം, നന്ദികർ നാഷണൽ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.