ജിഷ വധം: പ്രതിയെ ഇന്നു ഡിജിപി വീണ്ടും ചോദ്യം ചെയ്യും
ജിഷ വധം: പ്രതിയെ ഇന്നു ഡിജിപി വീണ്ടും ചോദ്യം ചെയ്യും
Thursday, June 23, 2016 1:55 PM IST
<ആ>സ്വന്തം ലേഖകർ

കൊച്ചി/ പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെ സംസ്‌ഥാന പോലീസ് ഡയറക്ടർ ജനറൽ ലോക്നാഥ് ബഹ്റ ഇന്നു വീണ്ടും ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ലബ്ബിൽ ആയിരിക്കും ചോദ്യം ചെയ്യൽ. ഇതിനായി ഇന്നു വൈകുന്നേരം ഡിജിപി കൊച്ചിയിൽ എത്തും.

ശാസ്ത്രീയ തെളിവുകളെയും സാഹചര്യ തെളിവുകളെയും കൂട്ടിയിണക്കുന്നതിൽ ഏറെ പ്രയാസപ്പെട്ടിരുന്ന അന്വേഷണ സംഘം ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്‌തത വരുത്തിയതായാണു സൂചന. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യലിനുശേഷം നാളെ ഡിജിപി തന്നെ പത്രസമ്മേളനം നടത്തി കേസ് അന്വേഷണം സംബന്ധിച്ച വിശദീകരണം നടത്തുമെന്നാണ് സൂചന. കൊലപാതകം സംബന്ധിച്ച വിശദമായ പത്രസമ്മേളനം പോലീസ് ഇതുവരെ നടത്തിയിട്ടില്ല. പോലീസ് ഏറെ വിമർശനങ്ങൾ നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ നീക്കം. അന്വേഷണം വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നുവെന്ന തോന്നൽ സമൂഹത്തിൽ വർധിച്ചുവരുന്നതും സർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് സാഹചര്യ തെളിവുകളിൽ ഉണ്ടായിട്ടുള്ള വൈരുധ്യങ്ങൾ ഒഴിവാക്കി ശാസ്ത്രീയ തെളിവുകളെ അടിസ്‌ഥാനപ്പെടുത്തി അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള തീരുമാനം. പ്രതിയുടെ പല്ലിന്റെ മാതൃകയും കാലിന്റെ മാതൃകയും തയാറാക്കുന്നതും ഇതിനു വേണ്ടിയാണെന്നാണു സൂചന. അന്വേഷണത്തിൽ ഉണ്ടായിട്ടുള്ള വ്യക്‌തത കൂടുതൽ ഉറപ്പിക്കുന്നതിനായിട്ടാണ് ഡിജിപി വീണ്ടും പ്രതിയെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച പ്രതി പിടിയിലായശേഷം ഡിജിപി ഒരുവട്ടം ആലുവ പാലസിൽ അമീറുൾ ഇസ്ലാമിനെ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് ജുഡീഷൽ റിമാൻഡിലായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. മൂന്നു ദിവസമായി ചോദ്യം ചെയ്യൽ നടന്നുവെങ്കിലും സ്‌ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് നടത്തിയിട്ടില്ല.


അതേസമയം, പ്രതി അമീറുൾ ഇസ്ലാം കൃത്യം ചെയ്തതിനുശേഷം രക്ഷപ്പെടാനായി ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കൊലപാതക ശേഷം പ്രതി അതുവഴി വന്ന ഓട്ടോറിക്ഷയിലാണു വട്ടോളിപ്പടി ജംഗ്ഷനിൽ വന്നിറങ്ങിയതെന്നു ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നെങ്കിലും വട്ടോളിപ്പടിയിലുള്ള ഓട്ടോ ഡ്രൈവർമാർ സംഭവം നിഷേധിച്ചു.

ആദ്യ അന്വേഷണത്തിൽ പോലീസ് വട്ടോളിപ്പടിയിലെ ഓട്ടോ ഡ്രൈവർമാരെ ചോദ്യം ചെയ്തിരുന്നതാണ്. എന്നാൽ, പ്രതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് വീണ്ടും ഇന്നലെ അവിടത്തെ ഡ്രൈവർമാരെ ചോദ്യം ചെയ്തെങ്കിലും ഫലം കണ്ടില്ല. പെരുമ്പാവൂരിൽ നിന്നോ കുറുപ്പംപടിയിൽ നിന്നോ വന്ന ഓട്ടോ തിരികെ പോയപ്പോൾ കയറിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്. അതിനാൽ മറ്റു പ്രദേശങ്ങളിലെ ഓട്ടോ ഡ്രൈവർമാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. സംഭവ ശേഷം പുറത്തിറങ്ങിയപ്പോൾ കനാൽ സൈഡിൽ പശുവിനെ തീറ്റിക്കാൻ നിന്നിരുന്നയാളെ അമീറുൾ കണ്ടതായും വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസ് അന്വേഷിച്ചെങ്കിലും ഇയാളെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പ്രതിയുടെ സുഹൃത്തിനെ തേടിയുള്ള പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയായ അമീറുളിന്റെ കൂടെ എല്ലാ സമയത്തും ഈ സുഹൃത്ത് ഉണ്ടായിരുന്നതായിട്ടാണ് പോലീസിനു ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിൽ പ്രതിയും സുഹൃത്തും ആറു മാസമായി ഈ പരിസരങ്ങളിൽ വന്നിട്ടുണ്ടെന്നും ജിഷയുടെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കാറുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം സുഹൃത്ത് കൂടെയുണ്ടായിരുന്നതായാണ് വിവരം. അതിനാൽ കൊലയ്ക്ക് ഉപയോഗിച്ച കത്തിയും വസ്ത്രങ്ങളും സുഹൃത്തിന്റെ നിയന്ത്രണത്തിൽ മാറ്റിയതാകാമെന്നും പോലീസ് അനുമാനിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.