യുഡിഎഫ് സർക്കാരിന്റെ ഉത്തരവുകളിൽ ക്രമക്കേടെന്നു കണ്ടെത്തൽ
Wednesday, June 22, 2016 2:11 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്തു വിദ്യാഭ്യാസ– ഉന്നത വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ രംഗത്തും കൈക്കൊണ്ട തീരുമാനങ്ങളിൽ 19 എണ്ണം ക്രമവിരുദ്ധമാണെന്നു മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തൽ. കോളജുകൾ അനുവദിച്ചതും ചില ബഡ്സ് സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകിയതും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കു പണം അനുവദിച്ചതും ക്രമപ്രകാരമല്ലെന്നാണു കണ്ടെത്തൽ.

എ.കെ. ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ഇന്നലെ വിദ്യാഭ്യാസ– ആരോഗ്യ മേഖലയിലെ ഫയലുകളാണു പരിശോധിച്ചത്. പത്തനംതിട്ടയിൽ അനുവദിച്ച കോളജിന് ഒരു കോടി രൂപ നൽകിയത് എന്തിനെന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഒരു രേഖയിലും വ്യക്‌തമാക്കുന്നില്ല. ഇക്കാര്യത്തെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും കാര്യമായ വിവരമില്ല.

അറബിക് സ്കൂളുകൾ ആർട്സ് ആൻഡ് സയൻസ് കോളജുകളാക്കി ഉയർത്തിയത് ഒരു മാനദണ്ഡവും പാലിക്കാതെയാണ്. സ്കൂളുകൾ, കോളജുകളാക്കി ഉയർത്തിയപ്പോൾ ഒട്ടേറെ തസ്തികകളാണു സൃഷ്‌ടിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ 15 എയ്ഡഡ് കോളജുകളാണ് അനുവദിച്ചത്. ഇതിൽ 12 എണ്ണത്തിന് എൻഒസി നൽകിയതിൽ ക്രമക്കേടുണ്ടെന്നാണു കണ്ടെത്തൽ. ഇക്കാര്യത്തിൽ വിശദ അന്വേഷണം ആവശ്യമാണ്.


ചില കോളജുകളിലെ അധ്യാപകർക്കു പ്രായപരിധിയിൽ ഇളവ് നൽകിയതിലും ക്രമക്കേടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ബഡ്സ് സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകിയതിലും പിഴവുകളുണ്ടായി. ഇതേക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി അംഗത്തിന്റെ ഭാര്യയുടെ സ്കൂളിനുൾപ്പെടെ എയ്ഡഡ് പദവി നൽകി.

ആരോഗ്യ വകുപ്പിന്റെ ഉത്തരവുകളിലും വ്യാപകമായ ക്രമക്കേടുണ്ടായതായി കണ്ടെത്തി. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു ക്രമവിരുദ്ധമെന്നു കണ്ടെത്തിയ ഫയലുകൾ വിശദമായി പരിശോധിക്കാൻ നിയമ സെക്രട്ടറിക്കു നിർദേശം നൽകി. നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം അടുത്ത ഉപസമിതി യോഗത്തിൽ ആരോഗ്യ വകുപ്പിന്റെ ഫയലുകൾ വീണ്ടും പരിശോധിക്കും.

കഴിഞ്ഞ ഉപസമിതി യോഗത്തിൽ റവന്യു വകുപ്പിന്റെ ഫയലുകളാണു പരിശോധിച്ചത്. അവസാന കാലത്തു പുറത്തിറക്കിയ 127 ഉത്തരവുകൾ പരിശോധിച്ചതിൽ കുമരകം മെത്രാൻകായൽ, ഹോപ് ഫൗണ്ടേഷൻ, കരുണ എസ്റ്റേറ്റ്, ചെമ്പിലെ ഭൂമി, സന്തോഷ് മാധവന്റെ പുത്തൻവേലിക്കരയിലെ ഭൂമിയിടപാട്, കടമക്കുടി എന്നിവയിലേതടക്കം 47 ഉത്തരവുകൾ നിയമവിരുദ്ധമാണെന്നു കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.