ബജറ്റിലേക്കു ശിപാർശ നൽകാൻ മന്ത്രിമാർക്കു നിർദേശം
Wednesday, June 22, 2016 1:59 PM IST
തിരുവനന്തപുരം: ജൂലൈ എട്ടിന് അവതരിപ്പിക്കുന്ന ബജറ്റിലേക്ക് ഇനിയും നിർദേശങ്ങൾ നൽകിയിട്ടില്ലാത്ത വകുപ്പുകൾ എത്രയും വേഗം അവ സമർപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി മന്ത്രിമാർക്കു നിർദേശം നൽകി.

ചില വകുപ്പുകളുമായി ബന്ധപ്പെട്ട ബജറ്റിൽ ഉൾപ്പെടുത്തേണ്ട നിർദേശങ്ങൾ ഇനിയും സമർപ്പിക്കാത്ത സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ കർശന നിർദേശം. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഗവർണർ അവതരിപ്പിക്കുന്ന സർക്കാരിന്റെ നയപ്രഖ്യാപനത്തിന് ഇന്നലെ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി.

അതേസമയം, നാലു ഡിജിപിമാരുടെ പദവിയുമായി ബന്ധപ്പെട്ട ഫയലിൽ ഇന്നലെയും തീരുമാനം എടുക്കാനായില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തു ഡിജിപിമാരായി ഉയർത്തിയ നാലു പേരുടെ പദവി താഴ്ത്തണമെന്ന നിർദേശത്തിലാണു തീരുമാനമെടുക്കാൻ കഴിയാത്തത്. ഡിജിപിമാരുടെ പദവി താഴ്ത്തിയാൽ താഴേക്കിടയിലുള്ള ഏതാനും ഉദ്യോഗസ്‌ഥരെയും ഇതു ബാധിക്കുമെന്നാണു വിലയിരുത്തൽ. ഇതോടൊപ്പം ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പദവിയിലും പുനഃപരിശോധന ആവശ്യമായി വരുമെന്ന വിലയിരുത്തലുമുണ്ടായി. ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളുന്നതാണ് ഉചിതമെന്ന അഭിപ്രായവും ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.