കൈക്കൂലി കേസ്: റെയിൽവേ ഉദ്യോഗസ്‌ഥന് 10 വർഷം കഠിനതടവ്
Tuesday, May 31, 2016 12:22 PM IST
കൊച്ചി: കൈക്കൂലി കേസിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇൻസ്പെക്ടർക്ക് 10 വർഷം കഠിന തടവ് ശിക്ഷ.
പാലക്കാട് ആർപിഎഫിൽ ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന രാജസ്‌ഥാനിലെ നൈൻവാ സ്വദേശിയായ ഇൻസ്പെക്ടർ ഭാരത് രാജ് മീനയെയാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ബി. കലാം പാഷ ശിക്ഷിച്ചത്.
തടവ് ശിക്ഷയ്ക്ക് പുറമെ ഏഴര ലക്ഷം രൂപ പിഴ അടയ്ക്കാനും ഉത്തരവുണ്ട്. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ കൂടുതൽ കാലം തടവ് അനുഭവിക്കണം.

ഇയാൾ 2005 ഏപ്രിൽ മുതൽ ജൂലൈ വരെ പാലക്കാട് ജോലി ചെയ്യുമ്പോഴാണ് സഹപ്രവർത്തകരായ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ, ഇൻസ്പെക്ടർമാർ എന്നിവരിൽ നിന്ന് സ്‌ഥലം മാറ്റം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് കൈക്കൂലി വാങ്ങിയത്.


കേരളത്തിലെ മറ്റ് സ്‌ഥലങ്ങളിലേക്ക് മാറ്റുന്നതിനായി ഓരോരുത്തരുടെ പക്കൽ നിന്നും 5,000 രൂപ മുതൽ ഇയാൾ വാങ്ങിയത്. ഇതേ രീതിയിൽ 11 പേരിൽനിന്ന് 90,000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.