കൈക്കൂലി വാങ്ങുന്നതിനിടെ ആർഡിഒ അറസ്റ്റിൽ
കൈക്കൂലി വാങ്ങുന്നതിനിടെ ആർഡിഒ അറസ്റ്റിൽ
Monday, May 30, 2016 4:03 PM IST
മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ആർഡിഒ വിജിലൻസിന്റെ പിടിയിൽ. മൂവാറ്റുപുഴ ആർഡിഒ വി.ആർ. മോഹനൻപിള്ളയെയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി എം.എൻ. രമേശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തതത്. ഇന്നലെ ഉച്ചയ്ക്ക് 1.30–ഓടെയായിരുന്നു സംഭവം. മൂവാറ്റുപുഴ, വീട്ടൂർ വാരിപ്ലായിൽ മാത്യു ഡാനിയേലിൽനിന്നു കൈക്കൂലിയായി 50,000 രൂപ വാങ്ങുന്നതിനിടെയാണ് മോഹനൻപിള്ളയെ അറസ്റ്റ് ചെയ്തത്.

വിജിലൻസ് സംഘം മുറിയിൽ പ്രവേശിച്ചതോടെ കൈക്കൂലിയായി വാങ്ങിയ പണം ആർഡിഒ വലിച്ചെറിയുകയും കസേരയെടുത്തു നിലത്തടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, പുറത്തു കാത്തുനിന്ന വിജിലൻസ് സംഘം ആർഡിഒയെ കീഴ്പ്പെടുത്തുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ ആയിരത്തിന്റെ അമ്പത് നോട്ടുകൾ ആർഡിഒയുടെ ചേംബറിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വിജിലൻസിൽ പരാതി നൽകിയ മാത്യു ഡാനിയേലിന്റെ സുഹൃത്തായ ആലുവ സ്വദേശിയുടെ വാഴക്കുളം വേങ്ങച്ചുവട്ടിലുള്ള സ്‌ഥലം മണ്ണിട്ട് അതിര് തിരിക്കുന്നതിനിടെ സ്‌ഥലത്തെത്തിയ ആർഡിഒ ജോലി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും സ്‌ഥലം ഉടമയോട് ഓഫീസിലെത്താൻ നിർദേശം നൽകുകയും ചെയ്തു. ഓഫീസിലെത്തിയ മാത്യുവിനോടു മണ്ണിടുന്നതു സംബന്ധിച്ചു പരാതിയുണ്ടെന്നും പാടശേഖരമാണിതെന്നും ആർഡിഒ വ്യക്‌തമാക്കി.

എന്നാൽ, മണ്ണിടുന്ന സ്‌ഥലം കരഭൂമിയാണെന്നും അതിനു രേഖകളുണ്ടെന്നും അറിയിച്ചെങ്കിലും ആർഡിഒ വഴങ്ങിയില്ല. കാണേണ്ട രീതിയിൽ കണ്ടാൽ മണ്ണിടാനുള്ള അനുമതി നൽകാമെന്നായിരുന്നു ആർഡിഒയുടെ നിലപാട്. എന്നാൽ, പണത്തിന്റെ കാര്യം സുഹൃത്തുമായി സംസാരിച്ചിട്ട് അറിയിക്കാമെന്നു പറഞ്ഞ് ആർഡിഒയുടെ മൊബൈൽ നമ്പറും വാങ്ങി മാത്യു മടങ്ങി. തുടർന്ന്, കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലൻസിനെ അറിയിച്ചു. ഇവരുടെ നിർദേശപ്രകാരം പണം നൽകാൻ തയാറാണെന്ന് ആർഡിഒയെ അറിയിക്കുകയും ഫോൺ സംഭാഷണം റിക്കാർഡ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇന്നലെ ഉച്ചയോടെ വാഴപ്പിള്ളി മിനി സിവിൽ സ്റ്റേഷനിലെ ഓഫീസിലെത്തി വിജിലൻസ് നൽകിയ പണം ആർഡിഒയ്ക്കു കൈമാറി. കൈക്കൂലിയായി ലഭിച്ച പണം ടോയ്ലറ്റിൽ കയറി എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ വിജിലൻസ് സംഘം നാടകീയമായാണ് ആർഡിഒയെ അറസ്റ്റ് ചെയ്തത്.


മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി അവധിയിലായതിനാൽ ഇന്നു തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഡിവൈഎസ്പിയെ കൂടാതെ സിഐമാരായ കെ.വി. ബെന്നി, കെ.ജെ. പീറ്റർ, എൻ.കെ. സന്തോഷ്, സി.കെ. മനോജ്, എസ്ഐമാരായ ഹരീഷ് കുമാർ, അലി, സത്യവാൻ, ജോസഫ് തുടങ്ങിയ 14 അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ആറുമാസം മുമ്പാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ മോഹനൻപിള്ള മൂവാറ്റുപുഴയിൽ ആർഡിഒയായി നിയമിതനായത്.

അന്നുമുതൽ ഇദ്ദേഹത്തിനെതിരെ നിരവധി പരാതികളാണ് ഉയർന്നിരുന്നത്. 2017 ഡിസംബറിൽ സർവീസിൽനിന്നു വിരമിക്കാനിരിക്കെയാണ് ആർഡിഒ കൈക്കൂലി കേസിൽ പിടിയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.