എംഎൽഎമാർ പേര് എഴുതി നല്കി; അഞ്ചര മണിക്കൂറിനൊടുവിൽ രമേശിന്റെ പേരിന് അംഗീകാരം
Sunday, May 29, 2016 12:36 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികളുടെ നേതൃത്വത്തിൽ സ്വീകരിച്ച മൂന്നുഘട്ട നടപടികൾക്ക് ഒടുവിലാണു നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത്. ആദ്യം നിയമസഭാ കക്ഷി നേതാവിന്റെ പേര് ഓരോ നിയമസഭാ അംഗങ്ങളുടെ കൈയിൽ നിന്ന് എഴുതിവാങ്ങുകയായിരുന്നു.

രാവിലെ 11.30നു ഹൈക്കമാൻഡ് പ്രതിനിധികളുടെ യോഗം കെപിസിസി ആസ്‌ഥാനത്തു തുടങ്ങിയ ശേഷം ഹൈക്കമാൻഡ് പ്രതിനിധികൾ കോൺഗ്രസിന്റെ 22 നിയമസഭാംഗങ്ങളെയും ഒറ്റയ്ക്കൊറ്റയ്ക്കു നേരിട്ടു കണ്ടു. ഡൽഹി മുൻ മുഖ്യമന്ത്രിയും കേരള ഗവർണറുമായിരുന്ന ഷീലാ ദീക്ഷിത്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, സെക്രട്ടറി ദീപക് ബാബറിയ എന്നിവരാണു എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ പരാജയ കാരണങ്ങൾ വിശദീകരിക്കാനും ഇവരോട് ആവശ്യപ്പെട്ടു.

നിയമസഭാകക്ഷി യോഗം ചേരുന്നതിനു മുമ്പു പ്രതിപക്ഷ നേതാവിനെ ചില നേതാക്കൾ ചേർന്നു പ്രഖ്യാപിച്ചതിലെ എതിർപ്പുമായി കെ. മുരളീധരനുമെത്തി. പിന്നീടു കെപിസിസി പ്രസിഡന്റ് ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. ഉച്ചയോടെ 22 അംഗങ്ങളുടെയും അഭിപ്രായം ശേഖരിച്ചശേഷം, സംയുക്‌ത യോഗം ചേർന്നു. ഹൈക്കമാൻഡ് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ യോഗത്തിൽ എംഎൽഎമാർ നിർദേശിച്ചു. തുടർന്ന് ഉച്ചയ്ക്കു ശേഷം വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു.


ഹൈക്കമാൻഡ് പ്രതിനിധികൾക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ സാന്നിധ്യത്തിൽ എംഎൽഎമാരുടെ യോഗം ചേർന്നു. ഭൂരിഭാഗം എംഎൽഎമാരും രമേശ് ചെന്നിത്തലയെ പിന്തുണച്ചതായി ഹൈക്കമാൻഡ് പ്രതിനിധികൾ അറിയിച്ചു. പാർട്ടിയുടെ സംസ്‌ഥാന നേതൃതലത്തിൽ മാറ്റം വേണമെന്ന ചില അംഗങ്ങളുടെ അഭിപ്രായം ദീപക് ബാബറിയ യോഗത്തിൽ പറഞ്ഞു. എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും മുന്നിലേക്ക് തീരുമാനം അറിയിച്ചു.

ഇതിനിടെ പലതവണ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണിയുമായും സംസാരിച്ചു.
ഇതിനിടയിൽ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന അഭ്യൂഹവുമുയർന്നു. ഏതാനും മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമിടയിൽ സംസ്‌ഥാനത്തു തന്നെ പേരു പ്രഖ്യാപിക്കാൻ ഹൈക്കമാൻഡിന്റെ സന്ദേശമെത്തി. തുടർന്നാണു രമേശ് ചെന്നിത്തലയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.